ഡെങ്കിപ്പനി വ്യാപന സാധ്യത മുൻകൂട്ടിയറിയാം: പുത്തൻ സാങ്കേതവുമായി ഐഐടി ഖരഗ്‌പൂർ

ഖരഗ്‌പൂർ: രാജ്യത്ത് ഡെങ്കിപ്പനി പടർന്നുപിടിക്കാനുള്ള സാധ്യതകളും അതിന്റെ തീവ്രതയും മുൻകൂട്ടി കണ്ടെത്തി പ്രവചിക്കാൻ സഹായിക്കുന്ന പുതിയ മാതൃകയുമായി ഖരഗ്‌പൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷകർ. കാലാവസ്ഥാ വ്യതിയാനങ്ങളും പ്രാദേശിക സാഹചര്യങ്ങളും കൊതുകുകളുടെ വിതരണ രീതികളും മുൻനിർത്തി ഡെങ്കിപ്പനി സാധ്യത വിലയിരുത്തുന്ന 'ക്ലൈമെഡ്' (CliMed - Climate-informed and Spatially Explicit Modelling Framework) എന്ന മാതൃകയാണ് ഗവേഷക സംഘം മുന്നോട്ടു വെക്കുന്നത്.
മാറുന്ന സീസണുകളിൽ രോഗവ്യാപനത്തിന് സാധ്യതയുള്ള പ്രദേശങ്ങൾ കണ്ടെത്തി പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ആരോഗ്യവകുപ്പിനെ സഹായിക്കാൻ ഉതകുന്നതാണ് സംവിധാനം.
രോഗവ്യാപനം പ്രവചിക്കുന്നത്
സാധ്യമോ
കേവലം രോഗബാധിതരുടെ എണ്ണം മാത്രം നോക്കി ഡെങ്കിപ്പനി സാധ്യത വിലയിരുത്തുന്ന പരമ്പരാഗത രീതിക്ക് പകരമായി രോഗവ്യാപനത്തിന് കാരണമാകുന്ന വിവിധ ഘടകങ്ങളെ സമഗ്രമായി വിശകലനം ചെയ്താണ് 'ക്ലൈമെഡ്' പ്രവർത്തിക്കുന്നത്. നിലവിലുള്ള രീതിയെ കലാവസ്ഥയും ഭൂമിശാസ്ത്രവും സാമൂഹിക ജീവിത സാഹചര്യങ്ങളും എല്ലാം ചേര്‍ത്ത് വിപുലമായ തലങ്ങളിൽ പഠന വിധേയമാക്കുകയാണ്.
ദിവസേനയുള്ള താപനില, മഴയുടെ അളവ്, അന്തരീക്ഷത്തിലെ ഈർപ്പം എന്നിവ കൃത്യമായി നിരീക്ഷിക്കും. താപനില കൊതുകുകളുടെ കടി, അവയുടെ വളർച്ച, അതിജീവനം, വൈറസ് പകരാൻ എടുക്കുന്ന സമയം എന്നിവ എങ്ങനെ സ്വധീനിക്കുന്നു എന്ന് വിലയിരുത്തും. ഭൂവിനിയോഗം ജനസാന്ദ്രത, പാർപ്പിടങ്ങളുടെ സ്വഭാവം തുടങ്ങിയ ഘടകങ്ങൾ പശ്ചാത്തലമാക്കി പഠിച്ച് ഇത്തരം സ്ഥലങ്ങളിൽ അനുകൂലമായ കാലാവസ്ഥ എങ്ങനെ മനുഷ്യരിലേക്ക് രോഗമെത്തിക്കുന്നു എന്ന് കണ്ടെത്തും. ഇതാണ് 'ക്ലൈമെഡ്' സമീപനം.
"ചെറിയ മഴ കൊതുകുകൾക്ക് വളരാൻ സാഹചര്യമൊരുക്കുമ്പോൾ, അതിശക്തമായ മഴ കൊതുകിന്റെ ലാർവകളെ നശിപ്പിച്ചേക്കാം. അന്തരീക്ഷത്തിലെ ഈർപ്പം കൊതുകുകളുടെ ആയുസ്സിനെ സ്വാധീനിക്കുന്നു. ഈ ഘടകങ്ങളെയെല്ലാം വെവ്വേറെ കാണാതെ, ഒരുമിച്ച് ചേർത്തു വായിക്കുകയാണ് ക്ലൈമെഡ് ചെയ്യുന്നത്." — പ്രൊഫ. എ.എൻ.വി സത്യനാരായണ (സെന്റർ ഫോർ ഓഷ്യൻ, റിവർ, അറ്റ്മോസ്ഫിയർ ആൻഡ് ലാൻഡ് സയൻസസ്, ഐ.ഐ.ടി ഖരഗ്‌പൂർ)
രണ്ട് തരം കൊതുകുകളെയും നിരീക്ഷിക്കും
ഡെങ്കിപ്പനി പരത്തുന്ന പ്രധാനപ്പെട്ട രണ്ട് തരം ഈഡിസ് കൊതുകുകളെയും (Aedes vectors) ഈ മാതൃകയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈഡിസ് ഈജിപ്തി (Aedes aegypti)യാണ് ആദ്യത്തേത്. ഇത് നഗരപ്രദേശങ്ങളിൽ പ്രധാനമായും കാണപ്പെടുന്നു. അല്പം തണുപ്പുള്ള, സസ്യങ്ങൾ നിറഞ്ഞ അർദ്ധ-നഗര (Peri-urban) മേഖലകളിൽ കാണപ്പെടുന്ന ഈഡിസ് ആൽബോപിക്റ്റസ് (Aedes albopictus) ആണ് രണ്ടാമത്തേത്.
ഓരോ ഘടങ്ങളും വിലയിരുത്തിയ ശേഷം വ്യത്യസ്ത സീസണുകളിൽ ഏത് പ്രദേശത്താണ് ഈ കൊതുകുകൾ പെരുകാൻ സാധ്യതയെന്ന് കൃത്യമായി മനസ്സിലാക്കാൻ സാധിക്കും. നിലവിൽ ആശുപത്രികളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം പലപ്പോഴും വൈകിയോ അല്ലെങ്കിൽ കൃത്യമല്ലാതെയോ ആണ് പുറത്തുവരാറുള്ളത്. ഇത് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ദുര്‍ബലമാക്കും. എന്നാൽ 'ക്ലൈമെഡ്' പഠന രീതി ഒരു മുൻകൂർ മുന്നറിയിപ്പ് സംവിധാനമായി പ്രവർത്തിക്കും.

ഈ മാതൃക പ്രധാനമായും രണ്ട് തരത്തിലുള്ള സൂചകങ്ങളിലാണ് ഉന്നുന്നത്. ജനസംഖ്യാധിഷ്ഠിത സൂചക(Count-oriented output)മാണ് ആദ്യത്തേത്. ജനസാന്ദ്രത കൂടിയ പ്രദേശങ്ങളിൽ നേരിയ തോതിൽ രോഗവ്യാപന സാധ്യത ഉണ്ടായാൽ പോലും വലിയൊരു വിഭാഗം ജനങ്ങളെ അത് ബാധിക്കാം. ഇത് തിരിച്ചറിഞ്ഞ് എവിടെയാണ് രോഗബാധിതർ കൂടാൻ സാധ്യതയെന്ന് ഈ സൂചകം നിശ്ചയിക്കും.
രണ്ടാമത്തേത് പരിസ്ഥിതി അധിഷ്ഠിത സൂചക (Climate-vector pressure) മാണ്. ജനസംഖ്യ കുറവാണെങ്കിലും കാലാവസ്ഥയും കൊതുകുകളുടെ വളർച്ചയും അനുകൂലമാകുന്ന ഇടങ്ങളെ ഇത് കാണിച്ചുതരുന്നു. ഇവിടെ കൊതുക് നശീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ ബന്ധപ്പെട്ട ഭരണ സംവിധാനങ്ങൾക്ക് സഹായകമാവും. പ്രതിരോധം മുൻകൂട്ടി ശക്തമാക്കുകയും രോഗ വ്യാപനത്തെ തുടക്കം തന്നെ ചെറുക്കുകയും ചെയ്യാം.
ആവശ്യമായ ഡാറ്റ ലഭ്യമായാൽ ദേശീയ തലം, സംസ്ഥാനങ്ങൾ, ജില്ലകൾ, വലിയ ക്യാമ്പസുകൾ അല്ലെങ്കിൽ പ്രത്യേക പഠന മേഖലകൾ എന്നിവടങ്ങളിലെല്ലാം 'ക്ലൈമെഡ്' മാതൃക വിജയകരമായി നടപ്പിലാക്കാൻ സാധിക്കുമെന്ന് ഗവേഷകര്‍ പറയുന്നു.











0 comments