മസ്‌കത്തിൽ കെട്ടിടത്തില്‍നിന്ന് വീണ് മലയാളി ബാലിക മരിച്ചു

ദക്ഷ പ്രദീപ്
മസ്‌കത്ത്: റുസൈലിൽ കെട്ടിടത്തിന്റെ അഞ്ചാംനിലയിൽനിന്ന് താഴെവീണ് നാലുവയസുകാരി മരിച്ചു. തൃശൂര്‍ പിലാക്കാട് സ്വദേശി പ്രദീപിന്റെയും ദിവ്യയുടെയും മകള്‍ ദക്ഷ പ്രദീപ് ആണ് മരിച്ചത്.
തിങ്കൾ രാവിലെ 11 നായിരുന്നു സംഭവം. ഇവര്‍ താമസിച്ചിരുന്ന കെട്ടിടത്തിന് സമീപത്ത് പ്രവര്‍ത്തിച്ചിരുന്ന സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരനായിരുന്നു പ്രദീപ്. അമ്മ ദിവ്യ പ്രദീപിന് സമീപത്തേക്ക് പോയ സമയത്താണ് കുട്ടി ജനല്‍ വഴി താഴേക്ക് വീഴുന്നത്.
റോയല്‍ ഒമാന്‍ പോലീസ് സംഭവ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. അടുത്തിടെയാണ് ദിവ്യയും മകളും സന്ദര്‍ശന വിസയില്‍ ഒമാനിലെത്തിയത്. പ്രദീപിന്റെയും ദിവ്യയുടെയും ഏക മകളാണ് ദക്ഷ. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.










0 comments