മോദിയുടെ മുഖംമൂടി ധരിച്ച് മോഷണം; രാജസ്ഥാനിൽ 5 ലക്ഷത്തിന്റെ മൊബൈൽ ഫോണുകൾ കവർന്നു

മോദിയുടെ മാസ്ക് ധരിച്ചെത്തി കവർച്ച നടത്തുന്ന മോഷ്ട്ടാവിന്റെ സിസിടിവി ദൃശ്യം
ജയ്പൂർ: രാജസ്ഥാനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖമുള്ള മാസ്‌ക് ധരിച്ചെത്തി മൊബൈൽ ഷോപ്പിൽ മോഷണം. ഭിൽവാര ജില്ലയിലെ കരേഡ ബസ് സ്റ്റാൻഡിന് സമീപമുള്ള 'മതേശ്വരി മൊബൈൽ ഷോപ്പിലാണ്' വിചിത്രമായ കവർച്ച നടന്നത്. അഞ്ച് ലക്ഷം രൂപയോളം വിലമതിക്കുന്ന നാൽപ്പതോളം സ്മാർട്ട് ഫോണുകളാണ് കള്ളൻമാർ അപഹരിച്ചത്.
മോഷ്ടാക്കളിൽ ഒരാൾ തിരിച്ചറിയാതിരിക്കാൻ പ്രധാനമന്ത്രിയുടെ മുഖംമൂടി ധരിച്ച ദൃശ്യങ്ങൾ കടയ്ക്ക് മുന്നിലെ സിസിടിവിയിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. കഴിഞ്ഞ രാത്രിയിലായിരുന്നു സംഭവം. കടയുടെ മേൽക്കൂര പൊളിച്ചാണ് മോഷ്ടാക്കൾ അകത്തുകടന്നത്.
തുടർന്ന് മുൻനിര കമ്പനികളുടെ വിലകൂടിയ സ്മാർട്ട്‌ഫോണുകൾ മുഴുവൻ ചാക്കിലാക്കി കടന്നുകളയുകയായിരുന്നു. ഇന്ന് രാവിലെ കട തുറക്കാനെത്തിയ ഉടമ ലക്ഷ്മൺ സെന്നാണ് മോഷണവിവരം ആദ്യം അറിഞ്ഞത്. കടയ്ക്കുള്ളിലെ സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലായിരുന്നു.
ഉടൻ തന്നെ വിവരമറിയിച്ചതിനെ തുടർന്ന് കരേഡ പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
ഇതേ സംഘം ഇന്നലെ രാത്രി തന്നെ നഗരത്തിലെ മറ്റൊരു മൊബൈൽ കടയിലും മോഷണശ്രമം നടത്തിയിരുന്നതായി പൊലീസ് കണ്ടെത്തി. അവിടുത്തെ സിസിടിവി ദൃശ്യങ്ങളിലും പ്രധാനമന്ത്രിയുടെ മുഖംമൂടി ധരിച്ചയാൾ തന്നെയാണ് ഉള്ളത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.










0 comments