ad
Deshabhimani

രാജ്യത്തെ ഐഐടികളിൽ അധ്യാപക ക്ഷാമം; 38 ശതമാനം തസ്തികകളും ഒഴിഞ്ഞുകിടക്കുന്നു

IIT Delhi.jpg

ഐഐടി ഡൽഹി

വെബ് ഡെസ്ക്

Published on Jun 30, 2026, 07:04 PM | 1 min read

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജികളിൽ അധ്യാപക ക്ഷാമമെന്ന് റിപ്പോർട്ട്. രാജ്യത്തെ 22 ഐഐടികളിലായി അനുവദിക്കപ്പെട്ട ഫാക്കൽറ്റി തസ്തികകളിൽ 38 ശതമാനത്തോളം ഒഴിഞ്ഞുകിടക്കുന്നതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.


അതായത് ഓരോ പത്ത് അധ്യാപക തസ്തികകളിലും നാലെണ്ണമെന്ന രീതിയിലാണ് ഒഴിവുകൾ നികത്തപ്പെടാതെ കിടക്കുന്നത്. ലഭ്യമായ വിവരങ്ങൾ പ്രകാരം 22 ഐഐടികളിലായി ആകെ 12,198 അധ്യാപക തസ്തികകളാണ് അനുവദിച്ചിട്ടുള്ളത്. എന്നാൽ ഇതിൽ 7,558 എണ്ണത്തിൽ മാത്രമാണ് നിലവിൽ നിയമനം നടന്നിട്ടുള്ളത്. ബാക്കി 4,640 തസ്തികകളും ഒഴിഞ്ഞുകിടക്കുകയാണ്.


രാജ്യത്തെ ഏറ്റവും പഴയതും വലുതുമായ ഐഐടികളിലാണ് അധ്യാപക ക്ഷാമം ഏറ്റവും രൂക്ഷമായിട്ടുള്ളത്. ഐഐടി ഖരഗ്പൂരിലാണ് ഏറ്റവും ഉയർന്ന ഒഴിവ് നിരക്കുള്ളത്– 51.31 ശതമാനം. ഇവിടെ അനുവദിച്ച 1,600 തസ്തികകളിൽ 779 എണ്ണത്തിൽ മാത്രമാണ് അധ്യാപകരുള്ളത്. അതായത് പകുതിയിലധികം തസ്തികകളും ഒഴിഞ്ഞുകിടക്കുന്നു.


ഐഐടി ധൻബാദ് (48.4%), ഐഐടി ഗോവ (45.83%), ഐഐടി ഗുവാഹത്തി (42.23%), ഐഐടി റൂർക്കി (40.68%) എന്നിവയാണ് ഒഴിവുകൾ കൂടുതലുള്ള മറ്റ് പ്രമുഖ സ്ഥാപനങ്ങൾ. ഐഐടി മൺഡി, കാൺപൂർ, ബിഎച്ച്യു, ബോംബെ, ഡൽഹി എന്നിവിടങ്ങളിലും 38 ശതമാനത്തിന് മുകളിലാണ് ഒഴിവുകൾ.


അധ്യാപക ക്ഷാമം താൽക്കാലികമായി പരിഹരിക്കാൻ ഭൂരിഭാഗം ഐഐടികളും കരാർ-അഡ്ഹോക്ക് അധ്യാപകരെയാണ് ആശ്രയിക്കുന്നത്. ഐഐടി ബോംബെയിൽ ഇത്തരത്തിൽ 234 താൽക്കാലിക അധ്യാപകരുണ്ട്. ഐഐടി മദ്രാസ് (139), ഗാന്ധിനഗർ (81) എന്നിവയാണ് താൽക്കാലിക അധ്യാപകരെ കൂടുതലായി നിയമിച്ച മറ്റ് സ്ഥാപനങ്ങൾ. എന്നാൽ സ്ഥിരം തസ്തികകളിലെ വലിയ ഒഴിവ് നികത്താൻ ഈ താൽക്കാലിക സംവിധാനങ്ങൾ കൊണ്ട് സാധിക്കുന്നില്ല.


അതേസമയം, പുതിയ ഐഐടികളായ ഐഐടി ധാർവാഡ് (1.07%), ഐഐടി പാലക്കാട് (5.88%) എന്നിവടങ്ങളിൽ ഒഴിവുകൾ വളരെ കുറവാണെന്നതും ശ്രദ്ധേയമാണ്. ജാതി അടിസ്ഥാനത്തിലുള്ള സംവരണ തസ്തികകളുടെ വിവരങ്ങൾ പങ്കുവെക്കാൻ ഒൻപത് ഐഐടികൾ മാത്രമാണ് തയ്യാറായത്. ഈ ഒൻപത് ഐഐടികളിലെ ആകെ ഒഴിവുകളിൽ (1,501) എസ്സി, എസ്ടി, ഒബിസി വിഭാഗങ്ങളിലെ സംവരണ തസ്തികകളിലെ ഒഴിവ് മാത്രം 60 ശതമാനത്തോളം (888 ഒഴിവുകൾ) വരുമെന്നും രേഖകൾ വ്യക്തമാക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home