കനത്ത മഴയിൽ വീട് നിലംപൊത്തി; മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കനത്ത മഴയിൽ തകർന്ന പൈരടുക്കത്തെ പ്രദീപ്കുമാറിന്റെ വീട്
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് കനത്ത മഴയിൽ വീട് നിലം പതിച്ചു. വീട്ടിലുണ്ടായിരുന്ന മൂന്നംഗകുടുംബം തലനാരിഴക്ക് രക്ഷപ്പെട്ടു കാഞ്ഞങ്ങാട് നഗരസഭയിലെ ഒമ്പതാം വാർഡില്‍ പെട്ട പൈരടുക്കത്തെ മുൻ സോഷ്യലിസ്റ്റ് നേതാവ് പരേതനായ പി കുഞ്ഞമ്പു പൊതുവാളിന്റെ മകൻ സി പ്രദീപ്കുമാറും കുടുംബവും താമസിക്കുന്ന ഓടിട്ട വീടാണ് ചൊവ്വാഴ്ച പുലര്‍ച്ചെ നാലോടെ തകർന്നു വീണത്.
വീട് തകർന്നു വീഴുന്ന ശബ്ദം കേട്ട് പ്രദീപിന്റെ മാതാവ് ലീലാവതി, ഭാര്യ എം ശ്രീവിദ്യ, മകൻ പ്രണവ് എന്നിവർ വാതിൽ തുറന്ന് പുറത്തേക്കോടിയതിനാൽ വൻ ദുരന്തമാണ് വഴി മാറിയത്.
ജോലിയാവശ്യാർഥം പ്രദീപൻ കോഴിക്കോടായിരുന്നു. വീട് തകർന്നു വീഴുന്ന ശബ്ദവും വീട്ടുകാരുടെ നിലവിളിയും കേട്ട് നാട്ടുകാർ ഓടിക്കൂടി. വിവരമറിഞ്ഞ് നഗരസഭാ ചെയർമാൻ വി വി രമേശൻ ഉൾപ്പെടെയുള്ളവർ വീട് സന്ദർശിച്ചു.
വൈകിട്ട് ബല്ല വില്ലേജ് ഓഫീസർ ജി ബിജു, അസിസ്റ്റന്റ് ടി പി ബിജു എന്നിവർ വീട്ടിലെത്തി നാശനഷ്ടങ്ങൾ വിലയിരുത്തി. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായതായി പ്രദീപ് കുമാർ പറഞ്ഞു.
വീട് താമസ യോഗ്യമല്ലാത്തതിനാൽ കുടുംബം അടുത്ത ബന്ധു വീട്ടിലേക്ക് താമസം മാറിയിട്ടുണ്ട്. കാലവർഷം കനത്തതോടെ തിങ്കളാഴ്ച രാത്രിയിലും ചൊവ്വാഴ്ച പുലര്‍ച്ചെയും കാഞ്ഞങ്ങാട്ടും പരിസരങ്ങളിലും ശക്തമായ മഴയും കാറ്റും ഉണ്ടായിരുന്നു. പലയിടങ്ങളിലും രൂക്ഷമായ വെള്ളക്കെട്ടും രൂപപ്പെട്ടിരുന്നു.









0 comments