കുടുംബവഴക്ക്; ചേർത്തലയിൽ പിതാവിനെ കൊലപ്പെടുത്തിയ ശേഷം ആശുപത്രിയിൽ എത്തിച്ചു, മകൻ അറസ്റ്റിൽ

ഹരികൃഷ്ണന്‍, ജയരാജന്‍
ചേർത്തല: കുടുംബ വഴക്കിനിടെ തുടർന്ന് പിതാവിനെ കൊലപ്പെടുത്തിയ കേസിൽ മകൻ അറസ്റ്റിൽ. 24 കാരനായ ഹരികൃഷ്ണനാണ് പൊലീസിന്റെ പിടിയിലായത്. 58 കാരനായ ജയരാജൻ ആണ് മരിച്ചത്. ജയരാജനെ മരിച്ച നിലയിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ശരീരത്തിലെ പരിക്കുകൾ ശ്രദ്ധയിൽപ്പെട്ട ഡോക്ടർ സംശയം പ്രകടിപ്പിച്ചതോടെ മകൻ ഹരികൃഷ്ണന്റെ ക്രൂരത പുറത്തുവന്നു. ശരീരത്തിലെ പരിക്കാണ് മരണത്തിന് കാരണമെന്ന് പൊലീസ് സ്ഥിരീകരിച്ചു.
സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന ഭാര്യ ശ്രീകലയേയും മക്കളായ യദുകൃഷ്‌ണൻ, ഹരികൃഷ്‌ണൻ എന്നിവരെയും പൊലീസ് ഇന്നലെ ചോദ്യം ചെയ്തിരുന്നു. പിന്നാലെയാണ് ഹരികൃഷ്ണന്റെ അറസ്റ്റിലേയ്ക്ക് നീങ്ങിയത്. ഞായറാഴ്ച രാത്രി ഏഴുമണിയോടെയാണ് കുടുംബ വീട്ടിൽ നിന്നും മാറി താമസിക്കുന്ന മൂത്ത മകൻ ശ്രീജിത്ത് പിതാവ് ജയരാജനെ ചേർത്ത താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരണപ്പെട്ടിരുന്നു.
ശരീരത്തിൽ പരിക്കുകൾ കണ്ടതോടെ ഡോക്ടർമാർ മൃതദേഹം പോസ്റ്റ് മോർട്ടം നടത്തുന്നതിന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ജയരാജന്റെ കഴുത്തിലും ശരീരത്തിന്റെ പല ഭാഗങ്ങളിലും പരിക്കുകളുണ്ടായിരുന്നു. കഴുത്തിൽ ബലം പ്രയോഗിച്ചതായുള്ള പാടുകളും കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ജയരാജന്റെ വീട്ടിൽ വഴക്കുനടന്നതായി കണ്ടെത്തിയത്. ഹരികൃഷ്ണൻ മദ്യലഹരിയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു.











0 comments