നിയന്ത്രിത മേഖലകളിലെ തൊഴിൽമാറ്റം: ജൂൺ 30 അവസാന ദിവസം

കുവൈത്ത് സിറ്റി: കുവൈത്തിലെ നിയന്ത്രിത മേഖലകളിൽ ജോലി ചെയ്യുന്ന പ്രവാസി തൊഴിലാളികൾക്ക് മറ്റ് മേഖലകളിലേക്ക് തൊഴിൽമാറ്റം നടത്തുന്നതിനായി അനുവദിച്ചിരുന്ന പ്രത്യേക ഇളവ് ജൂൺ 30ന് അർധരാത്രിയോടെ അവസാനിക്കുമെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു. മെയ് ഒന്നുമുതലാണ് താൽക്കാലിക സംവിധാനം പ്രാബല്യത്തിൽ വന്നത്.
ചെറുകിട, ഇടത്തരം സംരംഭങ്ങൾ, വ്യവസായം, കാർഷികം, കന്നുകാലി വളർത്തൽ, മത്സ്യബന്ധനം എന്നീ നിയന്ത്രിത മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കാണ് ബാധകമായിരുന്നത്. നിലവിലെ തൊഴിലുടമയുടെ അനുമതിയോടെയാണ് തൊഴിൽമാറ്റത്തിന് അപേക്ഷിക്കാനാകുക. അപേക്ഷകൾ പിഎഎംയുടെ അസ്ഹൽ കമ്പനീസ് പോർട്ടൽ വഴിയാണ് സമർപ്പിക്കേണ്ടത്.
തൊഴിൽവിപണിയിലെ ആവശ്യങ്ങൾക്കനുസൃതമായി വിവിധ മേഖലകളിലെ തൊഴിലാളികളുടെ ലഭ്യത ഉറപ്പാക്കുകയും തൊഴിൽ വിന്യാസം കൂടുതൽ കാര്യക്ഷമമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പ്രത്യേക ഇളവ് അനുവദിച്ചതെന്ന് പിഎഎം വ്യക്തമാക്കി. ഇത് സ്ഥിരം നിയമഭേദഗതിയല്ലെന്നും നിശ്ചിത കാലയളവിലേക്ക് മാത്രമായി അനുവദിച്ച പ്രത്യേക സംവിധാനമാണെന്നും അധികൃതർ ഓർമിപ്പിച്ചു.
പ്രത്യേക ഇളവ് പ്രഖ്യാപിച്ചതിന് പിന്നാലെ നിയന്ത്രിത മേഖലകളിൽ നിന്ന് മറ്റ് മേഖലകളിലേക്കുള്ള തൊഴിൽമാറ്റത്തിനായി ഇതിനകം 11,654 അപേക്ഷകൾക്ക് പിഎഎം അംഗീകാരം നൽകിയിരുന്നു. ഇതിൽ ഏറ്റവും കൂടുതൽ അപേക്ഷകൾ ചെറുകിട, ഇടത്തരം സംരംഭ മേഖലയിൽ നിന്നുള്ളവയാണെന്നും അധികൃതർ അറിയിച്ചു.
ഇളവിന്റെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ, അർഹരായ തൊഴിലാളികളുടെ തൊഴിൽമാറ്റ നടപടികൾ അടിയന്തരമായി പൂർത്തിയാക്കാൻ തൊഴിലുടമകളും സ്ഥാപനങ്ങളും ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് പിഎഎം അഭ്യർഥിച്ചു.











0 comments