'അടൽ സേതു'വിൽ രണ്ട് വർഷത്തിനിടെ 15 ആത്മഹത്യാ ശ്രമങ്ങൾ, 12 മരണം; നാല് പേരെ കാണാനില്ല

അടൽ സേതു കടൽ പാലം (Photo Credit: ANI)
മുംബൈ: 'അടൽ സേതു'വിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഉണ്ടായ ആത്മഹത്യാ ശ്രമങ്ങളിൽ 12 പേർ മരിച്ചതായി മഹാരാഷ്ട്ര സർക്കാർ. പാലം തുറന്ന 2024 മുതൽ ഇതുവരെ 15 പേർ ഇവിടെ ജീവനൊടുക്കുകയോ ആത്മഹത്യയ്ക്ക് ശ്രമിക്കുകയോ ചെയ്തിട്ടുണ്ട്. പാലം തുറന്നതു മുതൽ ഇതുവരെ മരിച്ച 12 പേരിൽ 4 പേരുടെ മൃതദേഹങ്ങൾ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് വ്യവസായ മന്ത്രി ഉദയ് സാമന്ത് അറിയിച്ചു. തെക്കൻ മുംബൈയെയും നവി മുംബൈയെയും തമ്മൽ ബന്ധിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടൽ പാലമാണ് അടൽ സേതു.
2024ൽ ആറ് ആത്മഹത്യാ ശ്രമങ്ങൾ റിപ്പോർട്ട് ചെയ്തു. നാല് പേർ മരിച്ചു. രണ്ടുപേരുടെ മൃതദേഹം ലഭിച്ചില്ല. രണ്ടുപേരെ രക്ഷപ്പെടുത്തി. 2025ലും ആറ് സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. അഞ്ച് പേർ മരിച്ചു, ഒരാളെ രക്ഷപ്പെടുത്തി. 2026ൽ ഇതുവരെ മൂന്ന് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിൽ രണ്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെത്താനായിട്ടില്ല.
കടൽപ്പാലത്തിന്റെ ചില ഭാഗങ്ങൾ ബാരിക്കേഡുകൾ കൊണ്ട് മൂടേണ്ടതുണ്ടെന്ന് മന്ത്രി സമ്മതിച്ചു. സാങ്കേതിക സാധ്യതയും റോഡ് സുരക്ഷയും മുൻനിർത്തി പാലത്തിന്റെ ബാക്കി ഭാഗങ്ങളിൽ ആവശ്യമുള്ളിടത്തെല്ലാം സുരക്ഷാ വലകളോ മറ്റ് അധിക സംരക്ഷണ സംവിധാനങ്ങളോ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.
മുഴുവൻ പാലവും 24 മണിക്കൂറും സിസിടിവി നിരീക്ഷണത്തിലാണ്. കൂടാതെ, അടിയന്തര സാഹചര്യങ്ങളിൽ കൺട്രോൾ റൂമുമായി നേരിട്ട് ബന്ധപ്പെടാൻ പാലത്തിൽ ആറ് സ്ഥലങ്ങളിൽ എമർജൻസി കോൾ ബോക്സുകൾ സ്ഥാപിച്ചിട്ടുണ്ട്. തുടർച്ചയായ നിരീക്ഷണവും പട്രോളിംഗും നിലവിലുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
മുംബൈ ട്രാൻസ് ഹാർബർ ലിങ്ക് എന്നറിയപ്പെടുന്ന അടൽ ബിഹാരി വാജ്‌പേയി ശിവ്ദി-നവ സേവ അടൽ സേതുവിന് ആകെ 21.8 കിലോമീറ്റർ നീളമുണ്ട്. ഇതിൽ 16.5 കിലോമീറ്റർ കടലിന് മുകളിലൂടെയും 5.5 കിലോമീറ്റർ കരയിലൂടെയുമാണ്. ഓരോ ദിശയിലും മൂന്ന് വരി പാതകളുള്ള പാലം 2024 ജനുവരി 13നാണ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്.











0 comments