ട്രാൻസ്‌ജെൻഡർ അത്‌ലറ്റുകളുടെ വിലക്ക്; യുഎസ് സുപ്രീം കോടതിയുടെ നിർണായക തീരുമാനം ഇന്ന്

യുഎസ് സുപ്രീം കോടതി | Photo by SAUL LOEB / AFP
വാഷിംഗ്ടൺ : ട്രാൻസ്‌ജെൻഡർ വിദ്യാർഥികളെ കായികയിനങ്ങളിൽ നിന്ന് വിലക്കുന്ന നിയമങ്ങളുടെ സാധുത സംബന്ധിച്ച് യുഎസ് സുപ്രീം കോടതി ചൊവ്വാഴ്ച വിധി പറയും. വെസ്റ്റ് വിർജീനിയ, ഐഡഹോ എന്നീ സംസ്ഥാനങ്ങളിലാണ് ഈ നിയമങ്ങൾ നിലവിലുള്ളത്. പൊതുവിദ്യാലയങ്ങളിലും സർവ്വകലാശാലകളിലും പെൺകുട്ടികളുടെ കായിക ഇനങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്നും ട്രാൻസ്‌ജെൻഡർ വിദ്യാർഥികളെ വിലക്കുന്നതാണ് നിയമം. രാജ്യത്തെ സാംസ്കാരിക ചർച്ചകളിൽ വലിയ തർക്കങ്ങൾക്ക് വഴിവെച്ച ഒരു വിഷയമാണിത്.
ഭരണഘടനാ ലംഘനവും ഫെഡറൽ വിവേചന വിരുദ്ധ നിയമത്തിന്റെ ലംഘനവുമാണ് ഈ വിലക്കുകളെന്ന് ചൂണ്ടിക്കാട്ടി ട്രാൻസ്‌ജെൻഡർ വിദ്യാർഥികൾ നേരത്തെ ഹർജികൾ സമർപ്പിച്ചിരുന്നു. ഈ ഹർജികളെയെല്ലാം കീഴ്‌ക്കോടതികൾ നേരത്തെ അനുകൂലിച്ചിരുന്നു.
ഒക്ടോബറിൽ ആരംഭിച്ച സുപ്രീം കോടതിയുടെ നിലവിലെ കാലാവധിയിലെ വിധി പ്രസ്താവങ്ങളുടെ അവസാന ദിനമാണിന്ന്.
ഐഡഹോ, വെസ്റ്റ് വിർജീനിയ എന്നീ സംസ്ഥാനങ്ങളിലെ നിയമങ്ങൾ സർവ്വകലാശാലകൾ ഉൾപ്പെടെയുള്ള പൊതുവിദ്യാലയങ്ങളിലെ കായിക ടീമുകളെ ജൈവികമായ ലിംഗഭേദത്തിന്റെ അടിസ്ഥാനത്തിലാണ് തരംതിരിച്ചിരിക്കുന്നത്. കൂടാതെ പുരുഷ വിദ്യാർഥികളെ പെൺകുട്ടികളുടെ ടീമുകളിൽ മത്സരിക്കുന്നതിൽ നിന്ന് ഇത് വിലക്കുകയും ചെയ്യുന്നു. സമാനമായ നിയമങ്ങൾ അമേരിക്കയിലെ മറ്റ് 25 സംസ്ഥാനങ്ങളിൽ കൂടി നിലവിലുണ്ട്.
ട്രാൻസ്‌ജെൻഡർ അവകാശങ്ങൾക്ക് മേൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള ഭരണകൂടമാണ് റിപ്പബ്ലിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റേത്. ഈ നിയമപോരാട്ടത്തിൽ സംസ്ഥാന സർക്കാരുകളെയാണ് ട്രംപ് ഭരണകൂടം പിന്തുണച്ചിട്ടുള്ളത്.
വനിതകൾക്കും പെൺകുട്ടികൾക്കും സുരക്ഷിതമായ കായിക മത്സരങ്ങൾ ഉറപ്പാക്കാനാണ് ഈ നിയമങ്ങൾ കൊണ്ടുവന്നതെന്നാണ് ഐഡഹോയുടെയും വെസ്റ്റ് വിർജീനിയയുടെയും വാദം. എന്നാൽ ട്രാൻസ്‌ജെൻഡർ വിഭാഗക്കാരുടെ അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റത്തിന്റെ ഭാഗമായാണ് വിമർശകർ ഈ നടപടികളെ കാണുന്നത്.
നിയമത്തിന് മുന്നിൽ തുല്യ സംരക്ഷണം ഉറപ്പുനൽകുന്ന യുഎസ് ഭരണഘടനയുടെ പതിനാലാം ഭേദഗതിയുടെ ലംഘനമാണ് ഈ വിലക്കുകളെന്ന് ഹർജി നൽകിയ വിദ്യാർഥികൾ ചൂണ്ടിക്കാണിക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലിംഗവിവേചനം തടയുന്ന ഫെഡറൽ സിവിൽ റൈറ്റ്സ് നിയമമായ ടൈറ്റിൽ IX പ്രകാരമുള്ള അവകാശങ്ങളുടെ ലംഘനമാണ് ഇത്. ഒരാളുടെ ലിംഗഭേദത്തിന്റെയോ ട്രാൻസ്‌ജെൻഡർ പദവിയുടെയോ അടിസ്ഥാനത്തിലുള്ള വിവേചനമാണിതെന്നും വിദ്യാർഥികൾ വാദിക്കുന്നു.
ട്രാൻസ്‌ജെൻഡർ അവകാശങ്ങളുമായി ബന്ധപ്പെട്ട മറ്റൊരു നിർണായക വിധിയിൽ കഴിഞ്ഞ വർഷം ടെന്നസിയിൽ നിന്നുള്ള ഒരു കേസ് പരിഗണിക്കവെ യുഎസ് സുപ്രീം കോടതി ഒരു പ്രധാന നിലപാട് സ്വീകരിച്ചിരുന്നു. 'ജെൻഡർ ഡിസ്ഫോറിയ' നേരിടുന്ന 18 വയസ്സിന് താഴെയുള്ളവർക്ക് പ്യൂബർട്ടി ബ്ലോക്കറുകൾ, ഹോർമോൺ തെറാപ്പി തുടങ്ങിയ മെഡിക്കൽ ചികിത്സകൾ നൽകുന്നത് വിലക്കാൻ സംസ്ഥാനങ്ങൾക്ക് കോടതി അനുമതി നൽകിയിരുന്നു. ഒരാളുടെ ലിംഗ സ്വത്വവും ജനനസമയത്തെ ലിംഗഭേദവും തമ്മിലുള്ള പൊരുത്തക്കേട് മൂലം ഉണ്ടാകുന്ന കടുത്ത മാനസിക പ്രയാസത്തെയാണ് ശാസ്ത്രീയമായി 'ജെൻഡർ ഡിസ്ഫോറിയ' എന്ന് വിളിക്കുന്നത്.
ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് മേൽ ഏർപ്പെടുത്തിയ മറ്റ് നിയന്ത്രണങ്ങളെയും നേരത്തെ 6-3 എന്ന കൺസർവേറ്റിവ് ഭൂരിപക്ഷമുള്ള യുഎസ് സുപ്രീം കോടതി പിന്തുണച്ചിട്ടുണ്ട്. ട്രാൻസ്‌ജെൻഡർ വ്യക്തികളെ സൈന്യത്തിൽ ചേരുന്നതിൽ നിന്ന് വിലക്കാനും, പാസ്‌പോർട്ട് അപേക്ഷകളിൽ തങ്ങളുടെ ലിംഗ സ്വത്വം പ്രതിഫലിപ്പിക്കുന്ന ജെൻഡർ തിരഞ്ഞെടുക്കുന്നതിൽ നിന്ന് അപേക്ഷകരെ തടയാനും ട്രംപിന് അനുമതി നൽകിയത് ഇതിന് ഉദാഹരണമാണ്.
1964ലെ സിവിൽ റൈറ്റ്സ് ആക്ടിന്റെ 'ടൈറ്റിൽ VII' പ്രകാരം ട്രാൻസ്‌ജെൻഡർ വ്യക്തികളെ തൊഴിൽ വിവേചനത്തിൽ നിന്ന് സംരക്ഷിക്കുന്ന ചരിത്രപരമായ ഒരു വിധി 2020ൽ സുപ്രീം കോടതി പുറപ്പെടുവിച്ചിരുന്നു. 'ടൈറ്റിൽ IX' നിയമത്തിന് സമാനമായ പദപ്രയോഗങ്ങളാണ് ഈ നിയമത്തിലും ഉള്ളത്.
ട്രംപിന്റെ നയങ്ങൾ
പെൺകുട്ടികളുടെ കായിക ടീമുകളിൽ ട്രാൻസ്‌ജെൻഡർ അത്‌ലറ്റുകൾ പങ്കെടുക്കുന്ന വിഷയം അമേരിക്കയിലെ സാംസ്കാരിക ചർച്ചകളിൽ വലിയൊരു തർക്കവിഷയമായി മാറിയിരിക്കുകയാണ്.
2025 ജനുവരിയിൽ വീണ്ടും അധികാരമേറ്റതു മുതൽ ട്രാൻസ്‌ജെൻഡർ അവകാശങ്ങൾക്കെതിരെ കർശന നിലപാടാണ് ട്രംപ് സ്വീകരിച്ചിട്ടുള്ളത്. ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ ലിംഗ സ്വത്വത്തെ ഒരു അസത്യമായി ചിത്രീകരിച്ച വ്യക്തിയാണ് ട്രംപ്. കായികരംഗത്തെ പങ്കാളിത്തം ഉൾപ്പെടെയുള്ള അവരുടെ അവകാശങ്ങൾ പരിമിതപ്പെടുത്തുന്നതിനായി നിരവധി എക്സിക്യൂട്ടീവ് ഉത്തരവുകൾ പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്.
വെസ്റ്റ് വിർജീനിയയിലെ നിയമത്തിനെതിരെയുള്ള ഹർജി സമർപ്പിച്ചത് ബെക്കി പെപ്പർ-ജാക്സനും അമ്മ ഹെതർ ജാക്സനും ചേർന്നാണ്. വെസ്റ്റ് വിർജീനിയയിലെ ബ്രിഡ്ജ്പോർട്ടിലുള്ള ഒരു ഹൈസ്കൂൾ വിദ്യാർത്ഥിനിയായ ബെക്കി ഷോട്ട്പുട്ട്, ഡിസ്കസ് ത്രോ എന്നീ കായിക ഇനങ്ങളിലാണ് പങ്കെടുക്കുന്നത്.
പൊതുസർവ്വകലാശാലയായ ബോയ്‌സി സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ നേരത്തെ ഫുട്ബോൾ, റണ്ണിംഗ് ക്ലബ്ബുകളിൽ അംഗമായിരുന്ന ട്രാൻസ്‌ജെൻഡർ വിദ്യാർഥിനിയായ ലിൻഡ്സെ ഹെക്കോക്സ് ആണ് ഐഡഹോയിലെ നിയമത്തെ ചോദ്യം ചെയ്ത് രംഗത്തെത്തിയത്.
ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കെതിരെ വർധിച്ചുവരുന്ന അസഹിഷ്ണുതയും ഉപദ്രവിക്കപ്പെടുമോ എന്ന ഭയവും കാരണം താൻ കായികരംഗം ഉപേക്ഷിക്കുകയാണെന്നും കേസ് പിൻവലിക്കാൻ ആഗ്രഹിക്കുന്നുവെന്നും പിന്നീട് ഹെക്കോക്സ് വ്യക്തമാക്കി. കായികരംഗം ഉപേക്ഷിക്കാനുള്ള ഈ തീരുമാനം നിയമപോരാട്ടത്തിന്റെ പ്രസക്തി നഷ്ടപ്പെടുത്തിയതായി ഹെക്കോക്സിന്റെ അഭിഭാഷകർ വാദിച്ചു.
കഴിഞ്ഞ ജനുവരിയിലാണ് സുപ്രീം കോടതി ഈ കേസിൽ വാദം കേട്ടത്. പ്യൂബർട്ടി ബ്ലോക്കറുകൾ അല്ലെങ്കിൽ ജെൻഡർ അഫേർമിംഗ് ഹോർമോണുകൾ പോലുള്ള ചികിത്സകൾ കായികരംഗത്ത് പുരുഷന്മാർക്കുള്ള ശാരീരികമായ മേൽക്കൈ ഇല്ലാതാക്കുന്നുണ്ടോ എന്ന കാര്യത്തിൽ നിലനിൽക്കുന്ന തർക്കങ്ങളും അനിശ്ചിതത്വങ്ങളും കോടതിയിലെ കൺസർവേറ്റിവ് ജഡ്ജിമാർ ചൂണ്ടിക്കാട്ടി. ഇത്തരം വിഷയങ്ങളിൽ രാജ്യം മുഴുവൻ ബാധകമാകുന്ന ഒരൊറ്റ പൊതുനിയമം അടിച്ചേൽപ്പിക്കുന്നതിലുള്ള ആശങ്കയും അവർ പങ്കുവെച്ചു.











0 comments