ad
Deshabhimani

മുംബൈയിൽ സ്കൂൾ ബസിന് മുകളിലേക്ക് മരം വീണ് അപകടം: വിദ്യാർഥി മരിച്ചു, 10 കുട്ടികൾക്ക് പരിക്ക്

mumbai_school bus_accident

സ്കൂൾ ബസിന് മുകളിലേക്ക് മരം വീണ നിലയിൽ ( Photo Credit: X/@Disha Yadav)

വെബ് ഡെസ്ക്

Published on Jun 30, 2026, 05:16 PM | 1 min read

മുംബൈ: മുംബൈയിൽ സ്കൂൾ ബസിന് മുകളിലേക്ക് മരം മറിഞ്ഞുവീണു. അപകടത്തിൽ പത്തുവയസുകാരനായ വിദ്യാർഥി മരിച്ചു. 10 പേർക്ക് പരിക്കേറ്റു. ചെമ്പൂരിലെ റോഡ് നമ്പർ 11ലാണ് അപകടം. തിലക് നഗറിലെ യൂണിവേഴ്സൽ സ്‌കൂൾ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്.


ചൊവ്വാഴ്ച ഉച്ചയ്ക്ക് 2:50 ഓടെ 18 കുട്ടികളുമായി പോയ സ്‌കൂൾ ബസിന് മുകളിലേക്കാണ് മരം കടപുഴകി വീണത്. പരിക്കേറ്റ വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിലരുടെ നില ഗുരുതരമാണ്. നാല് വിദ്യാർഥികൾ നിലവിൽ സെൻ ആശുപത്രിയിൽ ചികിത്സയിലാണ്. 12 പേരെ ആദ്യം തന്നെ സുരക്ഷിതമായി ഒഴിപ്പിച്ചു. ബാക്കി കുട്ടികളെ മരം മുറിച്ചുമാറ്റിയും ക്രെയിൻ ഉപയോഗിച്ചും പുറത്തെടുത്തു.


നഗരസഭയുടെ (ബിഎംസി) അനാസ്ഥയാണ് അപകടത്തിന് കാരണമായതെന്ന് ആരോപിച്ച് പ്രാദേശികവാസികൾ രംഗത്തെത്തിയിട്ടുണ്ട്. അപകട ഭീഷണിയുയർത്തുന്ന മരങ്ങൾ വെട്ടിമാറ്റണമെന്നോ അല്ലെങ്കിൽ അതിന്റെ ചില്ലകൾ വെട്ടി ഒതുക്കണമെന്നോ ആവശ്യപ്പെട്ട് ബൃഹന്മുംബൈ മുൻസിപ്പൽ കോർപ്പറേഷന് പലതവണ കത്തയച്ചിരുന്നതായി നാട്ടുകാർ പറയുന്നു.

മുൻപും ഈ പ്രദേശത്ത് സമാനമായ രീതിയിൽ മരം മറിഞ്ഞുവീണ് അപകടമുണ്ടായിട്ടുണ്ട്. എന്നാൽ അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരുവിധ നടപടിയും ഉണ്ടായില്ലെന്ന് ജനങ്ങൾ ആരോപിക്കുന്നു.

അതേസമയം, മുംബൈയിലും പ്രാന്തപ്രദേശങ്ങളിലും ഇന്ന് ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഴ കനക്കുന്ന സാഹചര്യത്തിൽ നഗരത്തിൽ കൂടുതൽ അപകടങ്ങൾ ഒഴിവാക്കാൻ അധികൃതർ ജാഗ്രത പാലിക്കണമെന്ന ആവശ്യവും ശക്തമാണ്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home