ad
Deshabhimani

അഞ്ചുമാസത്തിൽ 15 തട്ടിക്കൊണ്ടുപോകൽ, 49 മോഷണം, എട്ട്‌ കൂട്ടക്കവർച്ച

കവർച്ചാതാവളമായി ദേശീയപാത

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
നിധിൻ ഇ‍ൗപ്പൻ

Published on Jun 08, 2026, 12:00 AM | 1 min read

പാലക്കാട്

ജില്ലയിലെ ദേശീയപാതകളും തമിഴ്‌നാട് അതിർത്തി റോഡുകളും കേന്ദ്രീകരിച്ച് വാഹനം തടഞ്ഞ്‌ തട്ടിക്കൊണ്ടുപോകലും കവർച്ചകളും വർധിക്കുന്നതായി പൊലീസിന്റെ കണക്കുകൾ. അഞ്ചുവർഷത്തിനിടെ ഇത്തരത്തിലുള്ള നിരവധി കേസുകളാണ്‌ റിപ്പോർട്ട് ചെയ്‌തത്‌. കുഴൽപ്പണം, അനധികൃത സ്വർണക്കടത്ത് എന്നിവ ലക്ഷ്യമിട്ട് നടക്കുന്ന ആസൂത്രിത കവർച്ചകളാണ് ഭൂരിഭാഗവും. ബിസിനസ്‌ പങ്കാളിത്തം, സാമ്പത്തിക തർക്കങ്ങൾ എന്നിവയുടെ പേരിലുള്ള ക്വട്ടേഷൻ തട്ടിക്കൊണ്ടുപോകൽ, ആളൊഴിഞ്ഞ റോഡുകളിൽ രാത്രികാലങ്ങളിൽ സാധാരണ യാത്രക്കാരെ ഭീഷണിപ്പെടുത്തി വാഹനം തട്ടിയെടുക്കൽ തുടങ്ങിയവയാണ്‌ പ്രധാനമായും നടക്കുന്നത്‌. 2020-ൽ 23 തട്ടിക്കൊണ്ടുപോകലും 37 മോഷണവും ആറ്‌ കൂട്ടക്കവർച്ചയും രേഖപ്പെടുത്തിയ സ്ഥാനത്ത്, 2023-ൽ അത് യഥാക്രമം 29, 677 ആയി വർധിച്ചു. 2024-ൽ 19 തട്ടിക്കൊണ്ടുപോകലും 68 മോഷണവുമായി. 2025-ൽ കൂട്ടക്കവർച്ചയുടെ എണ്ണം 10ആയി ഉയർന്നു. 2026ൽ ഇതുവരെ 15 തട്ടിക്കൊണ്ടുപോകലും 49 മോഷണവും എട്ട്‌ കൂട്ടക്കവർച്ചയും രജിസ്റ്റർ ചെയ്‌തു. വ്യക്തിപരമായ തർക്കങ്ങൾ കാരണമുള്ള അപൂർവം കേസുകൾ ഒഴിച്ചാൽ ഇതിൽ ഭൂരിപക്ഷവും ദേശീയപാതയിൽ കവർച്ചയും തട്ടിക്കൊണ്ടുപോകലുമാണ്‌. തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും ദേശീയപാതയിലെ സാധ്യതകളുമാണ്‌ ക്രിമിനൽ സംഘങ്ങൾ പരമാവധി ചൂഷണംചെയ്യുന്നത്‌. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്കുവരുന്ന വാഹനങ്ങളെ പിന്തുടർന്ന് വാളയാർ, കഞ്ചിക്കോട്, ആലത്തൂർ തുടങ്ങിയ അതിർത്തിമേഖലകളിൽ തടഞ്ഞുനിർത്തി പണവും സ്വർണവും തട്ടിയെടുക്കുന്നതാണ് പ്രധാനമായും നടക്കുന്നത്‌. പ്രവാസി വ്യവസായികളെയും വാഹന വ്യാപാരികളെയും വഴിയിൽത്തടഞ്ഞ് രഹസ്യകേന്ദ്രങ്ങളിൽ പാർപ്പിച്ച് മോചനദ്രവ്യം ആവശ്യപ്പെടുകയാണ് ഇവർ ചെയ്യുന്നത്. വാളയാർ, ഹേമാംബിക നഗർ, കഞ്ചിക്കോട്, ആലത്തൂർ, കല്ലടിക്കോട് എന്നീ പൊലീസ് സ്റ്റേഷൻ പരിധികളിലാണ് ഹൈവേ കേന്ദ്രീകരിച്ചുള്ള കുറ്റകൃത്യം നടക്കുന്നത്. പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്ന്‌ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home