Deshabhimani

സ്‌കൂളിൽ വിദ്യാർഥിക്ക്‌ 
വെടിയേൽക്കുന്നത്‌ കേരളത്തിലാദ്യം

അപകടത്തിന് കാരണമായ തോക്ക് പൊലീസ് പരിശോധിക്കുന്നു

അപകടത്തിന് കാരണമായ തോക്ക് പൊലീസ് പരിശോധിക്കുന്നു

avatar
വേണു കെ ആലത്തൂർ

Published on Nov 25, 2026, 12:25 AM | 1 min read

പാലക്കാട്‌

നാടൻ തോക്കുമായി വിദ്യാർഥി സ്‌കൂളിൽ എത്തുകയും അതിൽനിന്ന്‌ സഹപാഠിക്ക്‌ വെടിയേൽക്കുന്നതും കേരളത്തിൽ ആദ്യം. മുന്പ്‌ രണ്ടുതവണയാണ്‌ സമാന സംഭവങ്ങൾ സംസ്ഥാനത്ത്‌ റിപ്പോർട്ട് ചെയ്യപ്പെട്ടത്‌. 2024 ആഗസ്‌തിൽ ആലപ്പുഴയിലെ സർക്കാർ സ്കൂളിൽ പ്ലസ് വൺ വിദ്യാർഥികൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് ഒരു വിദ്യാർഥി എയർ ഗണ്ണുമായി സ്കൂളിലെത്തിയിരുന്നു. അത് ഉപയോഗശൂന്യമായ എയർ ഗൺ ആയിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കിയത്. 2023 നവംബറിൽ തൃശൂർ നായ്ക്കനാൽ വിവേകോദയം ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ പൂർവ വിദ്യാർഥി എയർ പിസ്റ്റളുമായി അതിക്രമിച്ച്‌ കയറുകയും അധ്യാപകരെ ഭീഷണിപ്പെടുത്തി ആകാശത്തേക്ക് വെടിയുതിർക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിൽ ആർക്കും പരിക്കേറ്റിരുന്നില്ല. മുന്പുണ്ടായ സംഭവങ്ങളിൽ ഉപയോഗിച്ചിരുന്നത് എയർ ഗണ്ണുകളായിരുന്നെങ്കിൽ, പരുതൂരിൽ ഉപയോഗിച്ചത് നാടൻ തോക്കും അതിൽനിന്ന്‌ വിദ്യാർഥിക്ക് വെടിയേറ്റു എന്നതും ആശങ്കയുണ്ടാക്കുന്നു. പരുതൂർ ഹയർ സെക്കൻഡറി സ്‌കൂളിലെ ഒമ്പതാംക്ലാസുകാരനാണ്‌ തോക്കുമായെത്തി സഹപാഠികൾക്ക്‌ കാണിച്ചുകൊടുത്തത്‌. അതിന്‌ ലൈസൻസും ഇല്ലായിരുന്നു. 11 തിരയിടാവുന്ന തോക്കിൽ ആറ്‌ തിരയുണ്ടായിരുന്നു. വിദേശരാജ്യങ്ങളിൽ സംഭവിക്കുന്ന കാര്യങ്ങൾ കേരളത്തിലേക്കും എത്തുന്നുവെന്നത്‌ ഏറെ ആശങ്കയോടെയാണ്‌ രക്ഷിതാക്കളും വിദ്യാർഥികളും കാണുന്നത്‌. കളിക്കാനാണ്‌ ഒമ്പതാം ക്ലാസുകാരൻ തോക്കുമായി വന്നതെങ്കിലും രക്ഷിതാക്കൾ ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിലെ അനാസ്ഥയും അലംഭാവവും കുട്ടികളിലും സ്വാധീനം ചെലുത്തുന്നുവെന്ന്‌ വിദഗ്‌ധർ പറയുന്നു. തോക്കുമായി കുട്ടി സ്‌കൂളിൽ വരാനിടയായ സാഹചര്യമാണ്‌ അധ്യാപകരെയും അങ്കലാപ്പിലാക്കുന്നത്‌. വീട്ടുകാർ തോക്ക്‌ കൈകാര്യം ചെയ്യുന്നതിലും സൂക്ഷിക്കുന്നതിലും കാണിക്കുന്ന ഉദാസീനത, ക്രിമിനൽ സ്വഭാവത്തിലേക്ക്‌ കുട്ടികളെയും തള്ളിവിടുന്നുവെന്ന ഗ‍ൗരവമായ അവസ്ഥയാണ്‌ സൂചിപ്പിക്കുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home