നാലുവയസ്സുകാരിയുടെ കൊലപാതകം
ഒളിവിലായിരുന്ന മുഖ്യപ്രതി പിടിയിൽ

പാലക്കാട്
നാലുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽപ്പോയ മുഖ്യപ്രതി പിടിയിൽ. തമിഴ്‌നാട് ചെന്നൈ പ്രാന്തനല്ലൂർ അമ്മയാർ സ്ട്രീറ്റിൽ സുരേഷ്(റഹീം– 32) ആണ് പാലക്കാട് ടൗൺ നോർത്ത് പൊലീസിന്റെ പിടിയിലായത്. 2019ലാണ് കേസിനാസ്പദമായ സംഭവം. പാലക്കാട് ജങ്‌ഷൻ റെയിൽവേ സ്റ്റേഷൻ പരിസരത്ത് അമ്മയ്‌ക്കൊപ്പം ഉറങ്ങിക്കിടന്ന നാല് വയസ്സുള്ള നാടോടി പെൺകുട്ടിയെ ലൈംഗികാതിക്രമം നടത്തി കൊലപ്പെടുത്തുകയായിരുന്നു. പോക്‌സോ, ബാലനീതി ഉൾപ്പെടെ വകുപ്പുകൾ ചുമത്തി രജിസ്റ്റർ ചെയ്ത കേസിൽ മൂന്നുപേർ പിടിയിലായി. ഇവർ കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയവേ സുരേഷ് ജാമ്യത്തിലിറങ്ങി ഒളിവിൽ പോവുകയായിരുന്നു. ഏറെക്കാലമായി ഇയാളെക്കുറിച്ചുള്ള വിവരം ലഭിക്കാത്തതിനെ തുടർന്ന് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. ഇയാൾ തഞ്ചാവൂരിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ചൊവ്വ രാത്രി തഞ്ചാവൂരിനടുത്തുള്ള കോരടച്ചേരിയിൽനിന്ന് പ്രത്യേക അന്വേഷകസംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. ടൗൺ നോർത്ത് എസ്എച്ച്‌ഒ ബി പ്രമോദ്, എസ്‌ഐ അജയ് എസ് മേനോൻ, ജിഎസ്‌സിപിഒമാരായ രാജേഷ്, സുജിത്, അജേഷ്, അനൂപ് എന്നിവരാണ് ഇയാളെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ റിമാൻഡ് ചെയ്തു.










0 comments