Deshabhimani

കുട്ടികളെ വെള്ളത്തൊട്ടിയിൽ മുക്കിക്കൊലപ്പെടുത്തിയ കേസ്‌

അമ്മയെ തെളിവെടുപ്പിന്‌ എത്തിച്ചു;
ഒരാൾകൂടി ഉൾപ്പെട്ടതായി സൂചന

കുട്ടികളെ വെള്ളത്തൊട്ടിയിൽ മുക്കിക്കൊലപ്പെടുത്തിയ കേസിൽ അമ്മ നിവേദ്യയെ പൊലീസ്‌ തെളിവെടുപ്പിന്‌ 
എത്തിച്ചപ്പോൾ

കുട്ടികളെ വെള്ളത്തൊട്ടിയിൽ മുക്കിക്കൊലപ്പെടുത്തിയ കേസിൽ അമ്മ നിവേദ്യയെ പൊലീസ്‌ തെളിവെടുപ്പിന്‌ 
എത്തിച്ചപ്പോൾ

വെബ് ഡെസ്ക്

Published on Oct 29, 2026, 12:44 AM | 1 min read

ചിറ്റൂർ

സഹോദരങ്ങളായ പിഞ്ചുകുഞ്ഞുങ്ങളെ കുളിമുറിയിലെ സിമന്റ്‌ തൊട്ടിയിൽ മുക്കിക്കൊലപ്പെടുത്തിയ കേസിൽ ഒരു മാസത്തിനുശേഷം അമ്മ നിവേദ്യയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. കൊലപാതകം നടന്ന മേനോൻപാറ കൂരാങ്കാട്ടിലെ വീട്ടിലും പിന്നീട് 500 മീറ്റർ അപ്പുറത്ത് കൊണ്ടുപോയും തെളിവെടുപ്പ് നടത്തി. സംഭവത്തിൽ നേരിട്ടല്ലെങ്കിലും ഒരാൾ കൂടി ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. കൂടുതൽ ചോദ്യം ചെയ്യലിനുശേഷം മാത്രമേ ഇതിനെക്കുറിച്ച് കൂടുതൽ സ്ഥിരീകരണം ഉണ്ടാകൂ. വ്യാഴം ഉച്ചയോടെ നിവേദ്യയെ കോടതിയിൽ ഹാജരാക്കും. തെളിവെടുപ്പിനിടെ സിമന്റ്‌ തൊട്ടിയിൽനിന്ന്‌ കുട്ടിയുടെ കമ്മൽ കണ്ടെടുത്തു. കൊഴിഞ്ഞാമ്പാറ ഇൻസ്‌പെക്ടർ എസ് രജീഷിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. ​വടകരപ്പതി പഴണിയാർപാളയം മണൽക്കാട് ജോൺകുമാറിന്റെയും നിവേദ്യയുടെയും മക്കളായ ജെനിഫർ ജൂലിയറ്റ് (5), റോബിൻ ക്രിസ്‌റ്റിഫർ (3) എന്നിവരെയാണ് സെപ്തംബർ 29ന്‌ രാവിലെ പത്തരയോടെ മേനോൻപാറ കൂരാങ്കാട്ടിലെ വാടകവീട്ടിലെ കുളിമുറി തൊട്ടിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ആദ്യം മുങ്ങിമരണമാണെന്ന നിഗമനത്തിലായിരുന്നു പൊലീസ്. പിന്നീടാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. 30ന് നിവേദ്യയെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്‌തു. കുട്ടികളെ താൻ കൊന്നതാണെന്ന മൊഴിമാത്രമാണ് പൊലീസിന് ഉണ്ടായിരുന്നത്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home