വയോധികയുടെ കൊലപാതകം; പതിനേഴുകാരൻ അറസ്റ്റിൽ


സ്വന്തം ലേഖകൻ
Published on Jul 13, 2026, 12:59 AM | 1 min read
ചിറ്റൂർ
വടകരപ്പതിയിൽ വയോധികയുടെ കൊലപാതകത്തിൽ പ്രദേശവാസിയായ പതിനേഴുകാരൻകൂടി പിടിയിൽ. ആട്ടയാമ്പതി ന്യൂ ഉന്നതി സ്വദേശിനി സരസാളി(66)നെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. ഇയാൾ കൊലപാതകത്തിൽ നേരിട്ട് പങ്കാളിയാണെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിനുമുന്പിൽ ഹാജരാക്കും. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി. ശനിയാഴ്ച അറസ്‌റ്റിലായ വടകരപ്പതി ആട്ടയാമ്പതി ന്യൂ ഉന്നതിയിൽ ഉദയകുമാറി(19)നെ റിമാൻഡ് ചെയ്തു. ഉദയകുമാറും പതിനേഴുകാരനും ചേർന്ന് സരസാളിനെ അടിച്ചുകൊലപ്പെടുത്തിയശേഷം കുളിമുറിയിലിട്ട് കത്തിച്ച് വീടിനുപിന്നിൽ കുഴിച്ചിടുകയായിരുന്നു. നേരത്തേ ഒരു കൊലപാതക ശ്രമത്തിന് ജുവനൈൽ ജയിലിലായിരുന്ന പതിനേഴുകാരൻ ഒരു മാസംമുന്പാണ് പുറത്തിറങ്ങിയത്. കഴിഞ്ഞ ദിവസംതന്നെ കൗമാരക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും കൂടുതൽ തെളിവുകൾ ശേഖരിച്ചശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൊലപാതകത്തിന് മുമ്പുള്ള ദിവസങ്ങളിൽ സരസാളിന്റെ വീട്ടിലെത്തിയ ഉദയകുമാറിന്റെ സഹോദരനും ഒപ്പമുണ്ടായിരുന്ന പെൺകുട്ടിയും സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
നടുക്കം മാറാതെ ആട്ടയാമ്പതി
തമിഴ്‌നാടിനോട് ചേർന്ന് കിടക്കുന്ന ചെറിയ ഗ്രാമം. ഭൂരിഭാഗം പേരും തമിഴ് സംസാരിക്കുന്നവർ. പണത്തിനും സ്വർണത്തിനുംവേണ്ടിയുള്ള കൊലപാതകം സിനിമയിൽമാത്രം കണ്ടവർക്ക് സ്വന്തം നാട്ടിൽ നടന്ന കൊലപാതകം അറിഞ്ഞതുമുതൽ നടുക്കം വിട്ടുമാറിയിട്ടില്ല. ഉദയകുമാർ സ്ഥിരം പ്രശ്നക്കാരനാണെങ്കിലും അരപ്പവൻ സ്വർണത്തിനായി വയോധികയെ കൊന്ന് കത്തിച്ച് കുഴിച്ചിട്ടുവെന്ന് ഇപ്പോഴും ഇവർക്ക് വിശ്വസിക്കാനായിട്ടില്ല. സരസാളുടെ മക്കൾ രണ്ടുപേരും തമിഴ്നാട്ടിലായതിനാൽ പഴയ അങ്കണവാടി കെട്ടിടത്തിൽ തനിച്ചായിരുന്നു താമസിച്ചത്. ഇതിനിടെയാണ് പ്രതി ഉദയകുമാറും സഹോദരനും ഒരു യുവതിയും കുഞ്ഞുമായി ആട്ടയാമ്പതിയിലെ സരസാളിന്റെ വീട്ടിലെത്തുന്നത്. ഇവർക്ക് ഉടുക്കാൻ സാരി സരസാൾ നൽകിയിരുന്നു. ഇതിനിടെ സരസാളിന്റെ സ്വർണമൂക്കുത്തി ശ്രദ്ധയിൽപ്പെട്ട ഉദയകുമാർ ജൂൺ 10ന് സാരിയുടെ പൈസ തരാമെന്ന് പറഞ്ഞ് സരസാളിനെ തന്റെ വീട്ടിലെത്തിക്കുകയും കൂട്ടാളിയുമായി ചേർന്ന് കൊലപ്പെടുത്തുകയുമായിരുന്നു.











0 comments