print edition ഹോർമുസിൽ വീണ്ടും ആശങ്കയുടെ കാർമേഘം

തെഹ്‌റാൻ/ വാഷിങ്‌ടൺ: യുഎസ് പ്രകോപനത്തിന് മറുപടിയായി ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചിടാൻ ഇറാൻ തീരുമാനിച്ചതോടെ ലോകം വീണ്ടും ആശങ്കയിലായി. ഫെബ്രുവരി മുതൽ ആരംഭിച്ച സംഘർഷത്തിന്റെ കേന്ദ്രബിന്ദു ഹോർമുസ് കടലിടുക്കായിരുന്നു. ഇറാൻ കടലിടുക്ക് അടയ്ക്കുകയും യുഎസ് നിയന്ത്രണങ്ങൾ കർശനമാക്കുകയും ചെയ്‌തപ്പോൾ ചരക്കുനീക്കം സ്‌തംഭിച്ച അവസ്ഥയിലായിരുന്നു. യുഎസ് ഉൾപ്പെടെ ലോകമ്പൊടും എണ്ണവിലയും വളംവിലയും ആനുപാതികമായി അവശ്യസാധനങ്ങളുടെ വിലയും കുതിച്ചുയർന്നു. സമാധാനക്കരാർ വന്നതോടെ എണ്ണവിലയടക്കം കുറഞ്ഞു. വീണ്ടും നിയന്ത്രണം വരുന്നതോടെ, സാഹചര്യങ്ങൾ വഷളാകുമെന്ന ആശങ്കയാണുയരുന്നത്. ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കഴിഞ്ഞദിവസം എണ്ണവില ഉയർന്നതും ആശങ്ക വർധിപ്പിച്ചു.
യുഎസ് ആക്രമണത്തിന് മറുപടിയായി ഗൾഫിലെ യുഎസ് സൈനികകേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ഇറാൻ നീങ്ങിയത്. ജോർദാനിലെ യുഎസ് മിലിട്ടറി കമാൻഡ് ആൻഡ് കൺട്രോൾ സെന്ററും ഡ്രോൺ ഹാങ്കറുകളും തകർത്തതായി ഐആർജിസി അവകാശപ്പെട്ടു. യുഎസ് അഞ്ചാം കപ്പൽപടയുടെ ആസ്ഥാനമായ ബഹ്‌റൈനിലും ആക്രമണമുണ്ടായി. കുവൈത്തിലെ യുഎസ് റഡാർ കേന്ദ്രവും ആക്രമിച്ചു.
അമേരിക്ക ആക്രമണം തുടർന്നാൽ ശക്തമായ മറുപടിയുണ്ടാകുമെന്ന് ഐആർജിസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഖത്തറിൽ തകർത്തു വീണ മിസൈലുകളുടെ അവശിഷ്ടങ്ങൾ പതിച്ച് ഒരു കുഞ്ഞ് ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അതേസമയം, ഇറാന്റെ പശ്ചാത്തല സൗകര്യങ്ങളും തുറമുഖങ്ങളുമാണ് യുഎസ് ഉന്നംവയ്‌ക്കുന്നത്. ഇറാന്റെ വെടിമരുന്ന് സംഭരണശാലകൾ, നാവിക ആസ്തികൾ, മിസൈൽ-ഡ്രോൺ വിക്ഷേപണ കേന്ദ്രങ്ങൾ എന്നിവ തകർത്തതായി യുഎസ് വ്യക്തമാക്കി.
പശ്ചിമേഷ്യയിലെ സംഘർഷം വഷളാകുന്നതിൽ പാകിസ്ഥാനും സൗദി അറേബ്യയും ആശങ്ക രേഖപ്പെടുത്തി. സമാധാനം ലക്ഷ്യമിട്ട് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്‌ബാസ് ഷെരീഫ് ഖത്തർ പ്രധാനമന്ത്രിയുമായും വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ സൗദി വിദേശമന്ത്രിയുമായി ചർച്ച നടത്തിയിരുന്നു. ഹോർമുസ് സംബന്ധിച്ച ചർച്ചകൾക്കായി ഇറാൻ വിദേശമന്ത്രി അബ്ബാസ് അരാഗ്‌ചി ഒമാനിലുമെത്തിയിരുന്നു. എന്നാൽ, വീണ്ടും ആക്രമണങ്ങളുണ്ടായ പശ്ചാത്തലത്തിൽ സമാധാനചർച്ചകൾ അനിശ്ചിതത്വത്തിലായി.










0 comments