print edition തൊട്ടുണർത്തുന്ന വാസന്ത ശിൽപ്പങ്ങൾ

വാസന്ത പഞ്ചമി വിടർത്തി മലയാളിയുടെ ഹൃദയത്തിൽ കൂടുകൂട്ടിയ എസ് ജാനകി ഇനി ഓർമയിലെ മധുരപ്പതിനേഴുകാരി. ശനിയാഴ്‌ച മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിൽ 88–ാം വയസ്സിലായിരുന്നു അന്ത്യം. പ്രണയമായും വിരഹമായും വാത്സല്യമായും താരാട്ടായും അലയടിച്ചുകൊണ്ടിരിക്കും ഇനിയും ആ നാദവൈഡൂര്യം.
ഒരുപാട്ട് മതി, ഒരായിരം ഓർമകളുണർത്താൻ എന്നൊരു ചൊല്ലുണ്ട്, ജാനകിക്ക് ഇണങ്ങുംവിധം. ‘വെയിലറിയാതെ, മഴയറിയാതെ വർഷങ്ങൾ പോകുവതറിയാതെ..’എത്ര കാലവും ലയച്ചിരിക്കാനാകുന്ന നിറഗാനാരാമമാണല്ലോ മലയാളത്തിനേകിയത്. വയലാറും എം എസ് വിശ്വനാഥനും ചേർന്നൊരുക്കിയ ‘വീണപൂവേ, കുമാരനാശാന്റെ വീണപൂവേ .. ’( ജീവിക്കാൻ മറന്നുപോയ സ്‌ത്രീ, 1974) എന്ന ഗാനം നമ്മുടെ ഹൃദയത്തിൽ ശുക്രനക്ഷത്രംപോലെ നിറച്ചുവച്ചു. ആശാന്റെ ഭാവനയുണർത്തിയ വീണപൂവിനെ വർണിക്കുന്നത്, ഒരു വേള, ജാനകിയുടെ ആലാപനഭംഗിയെകൂടിയല്ലേ എന്ന് തോന്നിപ്പോകും. എത്ര ശ്രോതാക്കളെ വിരൽ തൊട്ടുണർത്തി, എത്രയോ കാമുകർ നിശീഥകുമുദമാക്കി, ആ ഗാനങ്ങൾ!
ഇൗണത്തിനും വരികൾക്കും അവയുടെ സ്രഷ്ടാക്കളുടെ സങ്കൽപ്പത്തിനപ്പുറം മാനം നൽകുന്നവർ മഹാപ്രതിഭകൾ. ‘ ആകാശഗംഗയിൽ ഞാനൊരിക്കൽ നീരാടിനിൽക്കും നേരം കേട്ടൊരു കിന്നരഗാനം.. ’ (റാഗിങ്, പി ജെ ആന്റണി, എം കെ അർജുനൻ– 1973 ) എന്ന ഗദ്യകവിതയ്ക്ക് നൽകിയ തന്മയത്വം വരികളെ കാവ്യാത്മകമാക്കി. ഹൃദയംകൊണ്ട് പാടുന്നതും ശബ്ദമാന്ത്രികതകളും പ്രത്യേകതയായിരുന്നു.
ജാനകിയുടെ ശേഷിക്കനുസരിച്ച് വൈവിധ്യങ്ങളുടെ ഹാർമോണിയ നാദമൊരുക്കിയത് എം എസ് ബാബുരാജ് ആണ്. ‘ താമരക്കുമ്പിളല്ലോ മമ ഹൃദയം..’ (അന്വേഷിച്ചു കണ്ടെത്തിയില്ല–-1967) എന്ന പാട്ടിലെ ‘താത നിൻ കൽപ്പനകൾ..’ എന്ന ഭാഗമൊക്കെ താൻ കൽപ്പിച്ചതിനേക്കാളൊക്കെ എത്രയോ മേലെയെന്ന് അത്ഭുതംകൂറിയത് സാക്ഷാൽ ബാബുരാജ് തന്നെ. ബാബുക്ക പാടിക്കേൾപ്പിച്ചതുപോലെ പാടാൻ കഴിഞ്ഞിട്ടില്ല, അതിന് കഴിയില്ലെന്നും ജാനകി പറഞ്ഞത്, തികഞ്ഞ ലാളിത്യംകൊണ്ടാണെന്ന് പാട്ടുകൾ തെളിയിച്ചു. വാസന്ത പഞ്ചമി നാളിൽ വരുമെന്നൊരു കിനാവ് കണ്ടു ( ഭാർഗവീനിലയം ), തേടുന്നതാരേ ശൂന്യതയിൽ (അമ്മു), സൂര്യകാന്തീ സൂര്യകാന്തീ (കാട്ടുതുളസി ) തളിരിട്ട കിനാക്കൾ തൻ താമരമാല വാങ്ങാൻ ( മൂടുപടം ), താനേ തിരിഞ്ഞും മറിഞ്ഞും (അമ്പലപ്രാവ് ), അഞ്ജനക്കണ്ണെഴുതീ ( തച്ചോളി ഒതേനൻ ) തുടങ്ങി എത്ര സുന്ദര ബാബുരാജ് ഗാനങ്ങൾ ! ആ കൂട്ടുകെട്ടിൻ ഗാനാകാശം അഞ്ചുതലമുറ പിന്നിട്ടും മുന്നോട്ട് കുതിക്കുന്നു.
രാഘവൻമാസ്‌റ്റർ ഇൗണമിട്ട ‘ മഞ്ഞണിപ്പൂനിലാവ് പേരാറ്റിൻ കടവിങ്കൽ .. ’ (നഗരമേ നന്ദി), മദം പൊട്ടിച്ചിരിക്കുന്ന മാനം (ചിത്രമേള), കാണാൻ നല്ല കിനാവുകൾ (ഭാര്യ) തുടങ്ങി ദേവരാജൻ പാട്ടുകൾ, സംഗതികളും ഭൃഗകളും വാരിവിതറുന്ന ദക്ഷിണാമൂർത്തി സ്വാമിയുടെ പാട്ടുകൾ.. എല്ലാം അനായാസം ആലപിച്ച് ശ്രുതിസുന്ദരമാക്കി, ശാസ്‌ത്രീയസംഗീതം അഭ്യസിക്കാത്ത ജാനകി.
സലിൽ ചൗധരിയുടെ ‘സന്ധ്യേ, കണ്ണീരിതെന്തേ സന്ധ്യേ ..’ (മദനോത്സവം) ആർദ്ര ഹൃദയത്തോടെ പാടി ജനമനസ്സിൽ ദുഃഖപൂരിതമായ സായംസന്ധ്യ വിരിയിച്ചു. ‘ഒരുവട്ടംകൂടിയെൻ ഓർമകൾ മേയുന്ന ..’ (ചില്ല്, എം ബി ശ്രീനിവാസൻ) ജാനകിയുടെ ശബ്ദത്തിലാണ് ഗൃഹാതുരത കൂടുതൽ തിടംവച്ചത്. മൗനമേ നിറയും മൗനമേ .. (തകര) പാടിക്കുമ്പോൾ മൗനത്തിന്റെ മുഴുവൻ ശക്തിയും പുറത്തുവരുംവിധം വിളിക്കണമെന്ന് എം ജി രാധാകൃഷ്ണൻ പറഞ്ഞിരുന്നുവത്രെ. അത്രതന്നെ ശക്തമായി വിളിക്കുകയും എന്നാൽ, അൽപ്പംപോലും അധികപ്പറ്റാകാതിരിക്കുകയും ചെയ്തതുമൂലമാണ് ഇന്നും ആ ഗാനം ഹൃദയമൗനങ്ങൾ ഭഞ്ജിക്കുന്നതായത്. ഏത് ഭാഷയിലായാലും അക്ഷരസ്ഫുടതയും അർഥവും കൃത്യമാകാൻ എഴുതിപ്പഠിച്ച് പാടി. ജനസഹസ്രങ്ങളുടെ അംഗീകാരത്തിനേ വിലമതിച്ചുള്ളു. 2013ൽ പത്മഭൂഷൺ നിരസിച്ചതിൽ ദക്ഷിണേന്ത്യയോടുള്ള അവഗണന നിഴലിച്ചു. ‘ ഭാരതരത്ന നൽകിയാൽ നോക്കാം’ എന്ന മറുപടിയും.
1938 ഏപ്രിൽ 23ന് ആന്ധ്രപ്രദേശിലെ ഗുണ്ടൂരിൽ രേപ്പള്ളി പല്ലപട്ട്‌ലയിലാണ് ജനനം. അച്ഛൻ ആയുർവേദ ഡോക്ടറും അധ്യാപകനുമായിരുന്ന ശിസ്തില ശ്രീ രാമമൂർത്തി. 1956ൽ ആകാശവാണി അഖിലേന്ത്യ സംഗീതമത്സരത്തിൽ രണ്ടാംസ്ഥാനം നേടി. 19–-ാം വയസ്സിൽ ‘ വിധിയിൻ വിളയാട്ട് ' എന്ന തമിഴ് ചിത്രത്തിലൂടെ പിന്നണിഗായിക. ഏഴു പതിറ്റാണ്ട് നീണ്ട ആലാപന സപര്യയിൽ ഇരുപതിലധികം ഭാഷകളിലായി 48,000 ഗാനങ്ങൾ. മിഴിയോരം നനഞ്ഞൊഴുകിയും ശ്രുതിയിൽ നിന്നുണരുന്ന നാദശലഭങ്ങളായും തേനും വയമ്പും നാവിലിറ്റിച്ചും ഓരോ കാലഘട്ടങ്ങളിലും ജാനകി നമ്മിൽ നിറഞ്ഞുതൂകിക്കൊണ്ടിരുന്നു.
‘ഓപ്പോളി'ലെ ‘ഏറ്റുമാനൂരമ്പലത്തിൽ എഴുന്നള്ളത്ത്’ എന്നതിനുൾപ്പെടെ നാല് ദേശീയ പുരസ്കാരങ്ങൾ. കേരളത്തിന്റെ 11 അടക്കം 33 സംസ്ഥാന അവാർഡുകൾ. 2016ൽ പിന്നണിഗാന രംഗത്തുനിന്ന് വിരമിച്ചു. 2017 ഒക്ടോബറിൽ മൈസൂരുവിലായിരുന്നു അവസാന സംഗീതപരിപാടി, അന്ത്യയാത്രയുമവിടെ. ‘ ലോകം മുഴുവൻ സുഖം പകരാൻ ’ ശക്തിസൗന്ദര്യങ്ങളുള്ള പാട്ടുകാരിയുടെ കാലത്ത് ജീവിച്ചുവെന്നതുതന്നെ ഇൗ കാലഘട്ടങ്ങളിലുള്ളവരുടെ ഇൗടുവയ്പുകളിലൊന്നായി. അനശ്വര ഗായികയ്ക്ക് അഞ്ജലിപ്പൂക്കൾ.










0 comments