തെങ്ങോട് പൊല്ലക്കാട്ടി മലയിലെ മണ്ണ് നീക്കും

കാക്കനാട്
തുടർച്ചയായ മണ്ണിടിച്ചിൽ ഭീഷണിയെത്തുടർന്ന് തെങ്ങോട് പൊല്ലക്കാട്ടിമലയിലെ മണ്ണ് അടിയന്തരമായി നീക്കാൻ കലക്ടർ ജി പ്രിയങ്ക ഉത്തരവിട്ടു. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കാനായി ആദ്യഘട്ടത്തിൽ മലയുടെ മുകളിൽനിന്ന് രണ്ടുമീറ്റർ ഉയരത്തിൽ 1,150 ക്യുബിക് മീറ്റർ മണ്ണാണ് നീക്കുക. നീക്കംചെയ്യുന്ന മണ്ണ് വെണ്ണല ഗവ. ഹൈസ്‌കൂൾ മൈതാനനവീകരണത്തിനായി വിട്ടുനൽകും.
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി വെണ്ണല സ്കൂൾമൈതാനം വിപുലീകരണം മണ്ണ് ലഭ്യമാകാത്തതിനെ തുടർന്ന് തടസ്സപ്പെട്ടിരുന്നു. ഈ പ്രതിസന്ധിക്കാണ് കലക്ടറുടെ ഇടപെടലിലൂടെ പരിഹാരമാകുന്നത്. മണ്ണിട്ട് മൈതാനം ഉയർത്താനുള്ള ടെൻഡർ പൂർത്തിയാക്കും. ശനി അർധരാത്രിയാണ് പൊല്ലക്കാട്ടി മലയിൽ മണ്ണിടിച്ചിലുണ്ടായത്. മലയിൽനിന്ന് മണ്ണും വൻ പാറക്കല്ലുകളും വീണ് ചെറുപറമ്പിൽ ബിജുവിന്റെ വീട്ടുമുറ്റംവരെ എത്തി. 2023 മാർച്ചിൽ മനുഷ്യാവകാശ കമീഷൻ മണ്ണ് നീക്കംചെയ്യാൻ നിർദേശിച്ചെങ്കിലും അധികൃതരുടെ അനാസ്ഥമൂലം നടപടിയെടുത്തില്ല. പ്രദേശവാസികൾ വർഷങ്ങളായി വലിയ ഭീതിയിലാണ് ഇവിടെ കഴിയുന്നത്.
കണയന്നൂർ തഹസിൽദാരുടെയും ജിയോളജി വകുപ്പിലെ വിദഗ്ധരുടെയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മണ്ണുനീക്കി അപകടഭീഷണി പൂർണമായി ഒഴിവാക്കാനാകുമെന്ന് കണ്ടെത്തിയത്. പൊതുമരാമത്ത് ഉദ്യോഗസ്ഥരും തദ്ദേശഭരണ പ്രതിനിധികളും പൊല്ലക്കാട്ടി മലയിലെത്തി സ്ഥിതി വിലയിരുത്തി.









0 comments