ദൂരപരിധി നിയമം
2 പോസ്‌റ്റോഫീസുകൂടി പൂട്ടുന്നു

കൊച്ചി
ദൂരപരിധി നിയമത്തിന്റെപേരിൽ ജില്ലയിലെ രണ്ട് പോസ്‌റ്റോഫീസുകൾകൂടി പൂട്ടാനൊരുങ്ങി തപാൽവകുപ്പ്. മട്ടാഞ്ചേരി ടൗൺ പോസ്‌റ്റോഫീസ്, വെല്ലിങ്‌ഡൺ ഐലൻഡിൽ പ്രവർത്തിക്കുന്ന നോർത്ത് എൻഡ് പോസ്‌റ്റോഫീസ് എന്നിവയ്ക്കാണ് താഴിടുന്നത്. ചെലവുകുറച്ച് പോസ്‌റ്റോഫീസുകൾ ലാഭത്തിലാക്കാനെന്നപേരിലാണ് നടപടി. തപാൽവകുപ്പിന്റെ നീക്കത്തിൽ ജീവനക്കാരും ഇടപാടുകാരും ആശങ്കയിലാണ്.
കേരള സർക്കിളിൽ 25 പോസ്‌റ്റോഫീസുകളും ജില്ലയിൽ തൃപ്പൂണിത്തുറ ഫോർട്ട്, എറണാകുളം കോളേജ് പോസ്‌റ്റോഫീസുകളും കുറച്ചുനാൾമുന്പാണ് പൂട്ടിയത്. 1991 ഏപ്രിൽ ഒന്നിന് നിലവിൽവന്ന നിയമത്തിൽ ഗ്രാമപ്രദേശങ്ങളിൽ നിലവിലുള്ള പോസ്‌റ്റോഫീസുകൾക്കിടയിൽ കുറഞ്ഞത് മൂന്നുകിലോമീറ്ററും നഗരപ്രദേശങ്ങളിൽ 1.5 മുതൽ രണ്ട് കിലോമീറ്റർവരെയും ദൂരം വേണമെന്നാണ് നിർദേശം. ജനസാന്ദ്രത വളരെ കൂടുതലുള്ള കേരളംപോലുള്ള സംസ്ഥാനങ്ങളിൽ ഈ മാനദണ്ഡം കർശനമായി നടപ്പാക്കിയാൽ നിലവിൽ പ്രവർത്തിക്കുന്ന പകുതിയിലേറെ പോസ്‌റ്റോഫീസുകളും പൂട്ടേണ്ട സാഹചര്യമുണ്ടാകുമെന്നാണ് ജീവനക്കാരുടെയും സംഘടനകളുടെയും ആശങ്ക.
ലക്ഷ്യം സ്വകാര്യവൽക്കരണം
പോസ്റ്റോഫീസുകളുടെ എണ്ണം കുറയ്ക്കുന്നതിലൂടെ സ്വകാര്യ കൊറിയർ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും തപാൽ മേഖലയിലേക്ക് കടന്നുവരാനുള്ള സാഹചര്യം സൃഷ്ടിക്കും. പോസ്‌റ്റോഫീസ് ഭേദഗതി നിയമത്തിലൂടെയും മറ്റ് നയപരമായ മാറ്റങ്ങളിലൂടെയും തപാൽവകുപ്പിന്റെ കുത്തകയായിരുന്ന ചില സേവനങ്ങൾ സ്വകാര്യ മേഖലയ്ക്കും അനുവദിക്കാനുള്ള നീക്കങ്ങൾ നടക്കുന്നുവെന്നാണ് ജീവനക്കാരുടെ സംഘടനകൾ ആരോപിക്കുന്നത്. ബുക്കിങ്, വിതരണം തുടങ്ങിയ സേവനങ്ങളിൽ സ്വകാര്യ കമ്പനികളുടെ പങ്കാളിത്തം വർധിപ്പിക്കുന്ന നടപടികളും ഇതിന്റെ ഭാഗമാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.









0 comments