ad
Deshabhimani

സിപിഐ എം പ്രതിഷേധസംഗമം ഇന്ന്‌

ശബരിപാതയ്‌ക്ക്‌ യുഡിഎഫ്‌ സർക്കാരിന്റെ റെഡ്‌ സിഗ്നൽ

sabari rail

കാടുമൂടിയ കാലടി റെയിൽവേ സ്റ്റേഷനും പരിസരവും (ഫയൽചിത്രം)

വെബ് ഡെസ്ക്

Published on Jul 14, 2026, 02:50 AM | 1 min read

കൊച്ചി


എൽഡിഎഫ്‌ സർക്കാർ ട്രാക്കിലാക്കിയ അങ്കമാലി ശബരി റെയിൽപ്പാത പദ്ധതിക്ക്‌ മുഖ്യമന്ത്രി വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ്‌ സർക്കാരിന്റെ റെഡ്‌ സിഗ്നൽ. നാട്ടുകാരുടെയും ശബരിമല തീർഥാടകരുടെയും ദീർഘനാളത്തെ ആവശ്യവും നാടിന്റെ വികസനവും കണക്കിലെടുത്ത്‌ നിശ്ചയദാർഢ്യത്തോടെ കഴിഞ്ഞ എൽഡിഎഫ്‌ സർക്കാർ സ്വീകരിച്ച നടപടികൾ പദ്ധതിക്ക്‌ പുതുജീവനേകിയിരുന്നു. എന്നാൽ, യുഡിഎഫ്‌ സർക്കാർ അവതരിപ്പിച്ച ആദ്യ ബജറ്റിൽത്തന്നെ ശബരിപാതയെ അവഗണിച്ചു. ഇതോടെ പ്രതിസന്ധിയുടെയും നിരാശയുടെയും ‘ട്രാക്കിലാണ്‌’ നാടും നാട്ടുകാരും.


ശബരി റെയിൽപ്പാത നിർമാണത്തിന്‌ 1900 കോടി രൂപ ചെലവഴിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭായോഗം ഫെബ്രുവരി നാലിന്‌ തീരുമാനിച്ചിരുന്നു. നിർമാണച്ചെലവിന്റെ 50 ശതമാനം തുക കിഫ്‌ബിവഴി ചെലവഴിക്കാനും അംഗീകാരം നൽകി. നിലവിൽ 3800.9 കോടിയാണ്‌ നിർമാണച്ചെലവ്‌. അങ്കമാലി, കാലടി, പെരുന്പാവൂർ, ഓടക്കാലി, കോതമംഗലം, മൂവാറ്റുപുഴ, വാഴക്കുളം എന്നിവയാണ്‌ ജില്ലയിലെ സ്‌റ്റേഷനുകൾ. 2006–11 കാലയളവിലെ എൽഡിഎഫ്‌ സർക്കാരിന്റെ ഇടപെടലിൽ നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. അങ്കമാലിമുതൽ കാലടിവരെ ഏഴു കിലോമീറ്ററിൽ ട്രാക്ക്‌, കാലടിയിൽ റെയിൽവേ സ്‌റ്റേഷൻ, പെരിയാറിനുകുറുകെ പാലം എന്നിവയും നിർമിച്ചു. ജില്ലയിലെ 152 ഹെക്ടറിൽ 24.40 ഹെക്ടറും ഏറ്റെടുത്തിരുന്നു.


1997ൽ റെയിൽവേ ബോർഡും കേന്ദ്ര സർക്കാരും അംഗീകാരം നൽകിയ പദ്ധതി വൈകിച്ചത്‌

യുപിഎ, ബിജെപി സർക്കാരുകളുടെ കേരളത്തോടുള്ള അവഗണനയാണ്‌. പദ്ധതി നീണ്ടതോടെ പ്രദേശത്തെ കുടുംബങ്ങൾ പ്രതിസന്ധിയിലായി. ഭൂമി വിൽക്കാനോ പണയപ്പെടുത്താനോ വീടുകൾ പുനർനിർമിക്കാനോ കഴിയാതെ നട്ടംതിരിഞ്ഞു. ഇതുകൂടി കണക്കിലെടുത്തായിരുന്നു എൽഡിഎഫ്‌ സർക്കാരിന്റെ ആർജവത്തോടെയുള്ള ഇടപെടൽ. എന്നാൽ, യുഡിഎഫ്‌ വന്നതോടെ പദ്ധതി വീണ്ടും മരവിച്ചു. കിഫ്‌ബിയോടുള്ള ശത്രുതയടക്കം വില്ലനായി. ഗതാഗതമേഖലയിൽ വൻ കുതിച്ചുചാട്ടം സൃഷ്ടിക്കുന്നതിനുപുറമേ, കാർഷിക, വിനോദസഞ്ചാര, വ്യവസായ മേഖലയ്‌ക്ക്‌ ഉൾപ്പെടെ ഗുണകരമാകുന്ന പദ്ധതി അട്ടിമറിക്കുന്നതിൽ പ്രതിഷേധം ശക്തമാണ്‌.


പ്രതിഷേധസംഗമം മൂവാറ്റുപുഴയിൽ


കൊച്ചി


ശബരി റെയിൽപദ്ധതി അട്ടിമറിക്കുന്ന യുഡിഎഫ്‌ സർക്കാർനീക്കത്തിനെതിരെ സിപിഐ എം നേതൃത്വത്തിൽ ചൊവ്വാഴ്‌ച പ്രതിഷേധസംഗമം സംഘടിപ്പിക്കും. വൈകിട്ട്‌ നാലിന്‌ മൂവാറ്റുപുഴയിൽ നടക്കുന്ന സംഗമം സിപിഐ എം ജില്ലാസെക്രട്ടറി എസ്‌ സതീഷ്‌ ഉദ്‌ഘാടനം ചെയ്യും. മുൻ എംപി ജോയ്‌സ്‌ ജോർജ്‌ സംസാരിക്കും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home