മുണ്ടൂർ കൃഷ്‌ണൻകുട്ടിയുടെ ഓർമയ്‌ക്ക് 21 വർഷം
പെരുംകുളത്തിൽ കഥയോളം

കഥാകൃത്ത് മുണ്ടൂർ കൃഷ്ണൻ കുട്ടിയുടെ സുഹൃത്തുക്കൾ പെരുംകുളത്തിന്റെ മുന്നിൽ ഒത്തുകൂടിയപ്പോൾ

സായൂജ് ചന്ദ്രൻ
Published on Jun 07, 2026, 12:25 AM | 1 min read
പാലക്കാട്
ഇടവപ്പാതിയും കൂവളപ്പൂക്കളും പ്രിയപ്പെട്ട മുണ്ടൂർ കൃഷ്ണൻകുട്ടിയും, ഓർമകളുടെ ഓളങ്ങൾ ഒന്നിനുപിന്നാലെ ഒന്നായി പെരുംകുളത്തിൽ അലയടിച്ചു. നാട്ടിടവഴികളും നന്മകളും കഥയാക്കിയ എഴുത്തുകാരന്റെ 21–ാം ഓർമവാർഷികത്തിൽ പതിവുപോലെ സുഹൃത്തുക്കൾ ഒത്തുകൂടി. കഥയോർമകൾ നനുത്ത മഴയ്‌ക്കൊപ്പം വീണ്ടും പെയ്തു. മുണ്ടൂർ കൃഷ്ണൻകുട്ടിയുടെ വീടിനുമുന്നിലെ പെരുംകുളവും പടവുകളും ഒത്തുകൂടലിന്റെ ഇടമാണ്. കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽ ഇടതുപക്ഷ മനസ്സുകൾ ഒത്തുചേർന്ന് നാടകം കളിക്കാൻ തീരുമാനിച്ചതും ഇവിടെനിന്ന്. അന്നുമുതൽ ഇന്നുവരെ കഥാകാരന്റെ സ്മരണകളില്ലാതെ കടന്നുപോയിട്ടില്ല ഒരുദിനവും. ചാരുകസേരയിലെ എഴുത്തും കുട്ടികളുമായുള്ള ചങ്ങാത്തവും ഇന്നലെയെന്നപോലെ ഓർത്തെടുക്കുന്നു കവി എം രവിശങ്കർ. കഥ ഉറക്കെ വായിച്ചുകേൾപ്പിക്കുന്നതും പതിവ്. "താവളംതൊട്ട് താവളംവരെ' എന്ന കഥയ്‌ക്ക് തലക്കെട്ട് നിർദേശിച്ചത് താനാണെന്ന അഭിമാനവും. ബന്ധുകൂടിയായ കൃഷ്ണൻകുട്ടിയെ ആരാധനയോടെ നോക്കിനിന്നിരുന്ന എട്ടാം ക്ലാസുകാരൻ ഇപ്പോഴും റിട്ട. സിബിഐ ഉദ്യോഗസ്ഥനായ എ പി ഭാസ്‌കരന്റെ ഉള്ളിലുണ്ട്. ആർക്കും പ്രവേശനമില്ലാത്ത വീട്ടിലെ അലമാരയിൽനിന്ന് പുസ്‌തകമെടുക്കാൻ അനുവാദമുണ്ടായിരുന്ന ഒരേയൊരാൾ. വായനയുടെ ലോകം മനോഹരമാണെന്ന് തിരിച്ചറിയുന്നത് അങ്ങനെ. അക്കാലത്ത് താനടക്കമുള്ള കുട്ടികളിൽ സ്വാധീനം ചെലുത്താൻ കൃഷ്ണൻകുട്ടി മാഷിനായിട്ടുണ്ടെന്ന് റിട്ട. അധ്യാപകൻ എ പി വിജയനും കൂട്ടിച്ചേർത്തു. ഗ്രാമത്തിന്റെ കഥകൾ, ജീവിച്ചിരിക്കുന്നവരുൾപ്പെടെ കഥാപാത്രങ്ങൾ. മുണ്ടൂരിന്റെ കഥാനായകൻ നാടിനെ പകർത്തിയതിന് തെളിവുകളേറെയെന്ന് ബ്ലോക്ക് പഞ്ചായത്തംഗംകൂടിയായ വി പി ശശികുമാർ. 1989ൽ നാട്ടിൽ വാടക വീട്ടിലെത്തിയ അമ്മയും മകളും. ഇവരെക്കുറിച്ച് നാടുനീളെ പലവിധ ചർച്ചകൾ. പിന്നീട് "ഇറച്ചിക്കോഴി' എന്ന കഥയ്ക്ക് ആധാരമായതും ഇൗ നാട്ടുവർത്തമാനങ്ങൾ. മനസ്സിലെ കളങ്കമില്ലാത്ത ഇടതുപക്ഷ രാഷ്‌ട്രീയം പാഠമാണെന്ന് റിട്ട. അധ്യാപകൻ കെ ശാന്തപ്പൻ ഉറപ്പിക്കുന്നു. 1973ലെ എൻജിഒ അധ്യാപക സമരത്തെത്തുടർന്ന് എഴുതിയ "മനസ്സ് എന്ന ഭാരം' കഥയും മുണ്ടൂർ ദേശാഭിമാനി സ്റ്റഡി സർക്കിളിന്റെയും യുവഭാരതിന്റെയും നേതൃത്വത്തിലുള്ള പുസ്‌തകച്ചർച്ചകളും കത്തുന്ന ഓർമകൾ. വിടപറയുന്ന അവസാന നാളുകളിലും കഥകളായിരുന്നു ഉള്ളുനിറയെ. കണ്ണുകളിൽ കഥയുടെ തിളക്കം അറ്റുപോയിരുന്നില്ലെന്ന് രഘുനാഥ് പറയുന്നു. നാടിനെ സ്നേഹിച്ച കഥാകാരന് മുണ്ടൂരിൽ സ്മാരകം പണിയുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് മുണ്ടൂർ കൃഷ്ണൻകുട്ടി സ്മാരക ട്രസ്റ്റ് ഭാരവാഹികളായ പി ചന്ദ്രശേഖരനും ശെൽവരാജനും കൂട്ടിച്ചേർത്തു.










0 comments