ad
Deshabhimani

പകർച്ചവ്യാധിയിൽ മരണം 12; ഭീതിയൊഴിയുന്നില്ല

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 08, 2026, 01:21 AM | 2 min read

പാലക്കാട്‌

കഴിഞ്ഞ ഒന്നര മാസത്തിനിടെ പകർച്ചവ്യാധിയിൽ പൊലിഞ്ഞത്‌ 12 പേർ. കഴിഞ്ഞ ശനിയാഴ്‌ച അട്ടപ്പാടി ഷോളയൂരിൽ ഇരുപത്തിയൊമ്പതുകാരൻ എലിപ്പനി ബാധിച്ച്‌ മരിച്ചതാണ്‌ ഒടുവിലത്തേത്‌. പകർച്ചവ്യാധി വ്യാപനത്തിനുശേഷം ജില്ലയിൽ മൂന്നാമത്തെ എലിപ്പനി മരണമാണിത്‌. ഡെങ്കിപ്പനി ബാധിച്ചാണ്‌ ഏറ്റവും കൂടുതൽ ആളുകൾ മരിച്ചത്‌. ഇതുവരെ ആറ്‌ മരണമാണ്‌ റിപ്പോർട്ട്‌ ചെയ്‌തത്‌. അങ്കണവാടി ജീവനക്കാരിയായ ചിറ്റൂർ പെരുമാട്ടി പള്ളിച്ചാർത്തുകുളമ്പ് സ്വദേശിനി ഗീത, കരിമ്പുഴ പൊമ്പ്ര അമ്പലംപാടം കന്നിച്ചാലിൽ വീട്ടിൽ മറിയ, കരിമ്പുഴ സ്വദേശി ജിജോ മോഹൻ, അകത്തേത്തറ സ്വദേശികളായ കൃഷ്‌ണൻ, മോഹനൻ, പട്ടാന്പി സ്വദേശിയായ എഴുപത്തിനാലുകാരി എന്നിവരാണ്‌ ഡെങ്കിപ്പനി ബാധിച്ച്‌ മരിച്ചത്‌. കരിമ്പുഴ എളമ്പുലാശേരി സ്വദേശിയായ എഴുപത്തിയേഴുകാരൻ, കുമരംപുത്തൂർ സ്വദേശി മുപ്പത്തിനാലുകാരി എന്നിവർ എച്ച്‌1എൻ1 ബാധിച്ച്‌ മരിച്ചു. കഴിഞ്ഞ ആഴ്‌ച അലനല്ലൂർ കടക്കിടാൻകുന്നിൽ നാൽപ്പത്തൊന്നുകാരൻ ഷിഗല്ല ബാധിച്ചും മരിച്ചു. ചൊവ്വാഴ്‌ച മാത്രം 1167 പേരാണ്‌ പനി ബാധിച്ച്‌ ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിത്സയ്‌ക്കെത്തിയത്‌. ഇതിൽ 11 പേർ കിടത്തിച്ചികിത്സയിലാണ്‌. 22 പേർക്ക്‌ ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്‌. 84 പേർ നിരീക്ഷണത്തിലാണ്‌.


എലിപ്പനി ബാധിച്ച്‌ മരിച്ചു

അട്ടപ്പാടിയിൽ യുവാവ്‌ എലിപ്പനി ബാധിച്ച്‌ മരിച്ചു. ഷോളയൂർ നല്ലശിങ്ക ഉന്നതിയിലെ രംഗസ്വാമി (29) ആണ്‌ മരിച്ചത്‌. പനി ബാധിച്ച ഇയാളെ ജൂൺ 26ന്‌ തൃശൂർ ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ ചൊവ്വാഴ്‌ചയാണ്‌ എലിപ്പനി സ്ഥിരീകരിച്ചത്‌. ശനി വൈകിട്ട്‌ മരിച്ചു. മൃതദേഹം സംസ്കരിച്ചു. ഒന്നര മാസത്തിനിടെ ജില്ലയിൽ എലിപ്പനി ബാധിച്ചുള്ള മൂന്നാമത്തെ മരണമാണിത്‌.


എലിപ്പനി നിസാരമല്ല

ജില്ലയിൽ വീണ്ടും എലിപ്പനി മരണം റിപ്പോർട്ട്‌ ചെയ്ത സാഹചര്യത്തിൽ ജാഗ്രത കർശനമാക്കി. എലി, പൂച്ച, പട്ടി, കന്നുകാലികൾ തുടങ്ങിയ മൃഗങ്ങളുടെ മൂത്രത്തിലൂടെയാണ് പുറന്തള്ളുന്ന ലെപ്‌റ്റോസ്‌പൈറ ബാക്ടീരിയകളാണ്‌ എലിപ്പനിക്ക്‌ കാരണക്കാർ. രോഗബാധിതരായ മൃഗങ്ങളുടെ മൂത്രം കലർന്ന വെള്ളത്തിലോ ചെളിയിലോ മണ്ണിലോ ഇറങ്ങുമ്പോൾ ഈ ബാക്ടീരിയ മനുഷ്യശരീരത്തിലേക്ക് പ്രവേശിക്കും. കടുത്ത പനി, വിറയൽ, പേശിവേദന, ശക്തമായ തലവേദന, കണ്ണിൽ ചുവപ്പ് നിറം, ക്ഷീണം, വിശപ്പില്ലായ്മ, ഓക്കാനം, ഛർദി തുടങ്ങിയവയാണ്‌ ലക്ഷണം. രോഗം കഠിനമായാൽ മഞ്ഞപ്പിത്തം, വൃക്ക രോഗം, രക്തസ്രാവം, ശ്വാസ തടസം തുടങ്ങിയ അവസ്ഥകളുണ്ടാകും. ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ്‌ ഉടൻ വൈദ്യ സഹായം തേടണം. ജാഗ്രത വേണം • കൈകാലുകളിൽ മുറിവുകളോ പോറലുകളോ ഉള്ളവർ കെട്ടിക്കിടക്കുന്ന വെള്ളത്തിലും ചെളിയിലും ഇറങ്ങരുത്‌. മുറിവുകൾ വാട്ടർപ്രൂഫ് ബാൻഡേജ് ഉപയോഗിച്ച് പൂർണമായി മറയ്ക്കുക. • കൈകാലുകൾ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക • തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക, കിണറുകൾ ക്ലോറിനേറ്റ് ചെയ്യുക • ആഹാരസാധനങ്ങളും കുടിവെള്ളവും അടച്ചു സൂക്ഷിക്കുക • ഭക്ഷണാവശിഷ്ടങ്ങളും മാലിന്യങ്ങളും കൃത്യമായി സംസ്കരിക്കുക • തൊഴിലുകളിൽ ഏർപ്പെടുന്നവർ തോർത്ത്, വസ്ത്രങ്ങൾ എന്നിവ മറ്റുള്ളവരുമായി പങ്കുവയ്‌ക്കരുത്‌ • മലിനജലവുമായി സമ്പർക്കം വരാൻ സാധ്യതയുള്ളപ്പോൾ ഗംബൂട്ട്, ഗ്ലൗസ് എന്നിവ ധരിക്കുക • കെട്ടിക്കിടക്കുന്ന വെള്ളത്തിലോ ചെളിയിലോ ഇറങ്ങി ജോലി ചെയ്യുന്നവർ ആരോഗ്യപ്രവർത്തകരുടെ നിർദേശപ്രകാരം പ്രതിരോധ ഗുളിക കഴിക്കുക



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home