ad
Deshabhimani

കാലവർഷം പടിവാതിൽക്കൽ

ജില്ലയിൽ ഇന്ന് യെല്ലോ അലർട്ട്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ​

Published on Jun 03, 2026, 01:16 AM | 2 min read

പാലക്കാട്

സംസ്ഥാനത്ത് കാലവർഷം പടിവാതിൽക്കൽ എത്തിനിൽക്കെ ജില്ലയിൽ ബുധനാഴ്‌ച യെല്ലോ അലർട്ട്. വ്യാഴാഴ്ച മുതൽ മൂന്നുദിവസത്തേക്ക്‌ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തുടർന്നുള്ള ദിവസങ്ങളിലും മഴ തുടരും. ചൊവ്വാഴ്‌ചയും ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചെങ്കിലും കാര്യമായ മഴ ലഭിച്ചില്ല. പാലക്കാട് ഉൾപ്പെടെ പത്ത് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ​ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ജില്ലയിൽ പ്രവചിക്കപ്പെട്ടത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർവരെ മഴ ലഭിക്കുന്ന സാഹചര്യമാണ്‌. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ്‌ നൽകുന്നു. അതേ സമയം കേരള തീരത്ത് ന്യൂനമർദം ബുധനാഴ്‌ചയോ വ്യാഴാഴ്‌ചയോ എത്തുമെന്നും ഇതോടെ കാലവർഷം ആരംഭിക്കുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്‌ അറിയിച്ചിട്ടുണ്ട്‌. ഇതിന്റെ ഭാഗമായി കേരള-, കർണാടക,- ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർവരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർവരെയും വേഗത്തിൽ ശക്തമായ കാറ്റിന്‌ സാധ്യതയുണ്ട്. വെള്ളിയാഴ്ചവരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മലയോര മേഖലകളിലും താഴ്ന്ന പ്രദേശങ്ങളിലും ഉള്ളവർ പ്രത്യേക ജാഗ്രത പുലർത്തണമെന്നും നിർദേശമുണ്ട്‌.

മഴ വൈകിയത് തിരിച്ചടിയായത് കര്‍ഷകര്‍ക്ക്

ഇടവപ്പാതി തുടങ്ങിയിട്ടും മഴയെത്താൻ വൈകിയത് വലച്ചത് കർഷകരെ. വേനൽമഴയിൽ ഒന്നാം വിളയ്‌ക്ക്‌ ഞാറുപാകിയവരാണ് നടാൻ വെള്ളമില്ലാതെ കഷ്‌ടപ്പെടുന്നത്. ഞാറ്റടികൾ ഉണങ്ങാതിരിക്കാൻ മിക്കയിടത്തും വെള്ളം പന്പ്‌ ചെയ്യേണ്ട സ്ഥിതിയാണ്‌. പലയിടത്തും ഞാറ്‌ മുളച്ചിട്ടുമില്ല. ചിലയിടത്ത്‌ പകുതി മുളച്ചു. ഇത്‌ നടീലിനെ ബാധിക്കും. ഒന്നാംവിള വൈകിയാൽ രണ്ടാംവിളയെയും ബാധിക്കും. ജലസേചന സ‍ൗകര്യങ്ങളില്ലാത്ത മേഖലകളിൽ വൻപ്രതിസന്ധിയാണ്‌ ഉണ്ടായത്‌. ഇത്തവണ മഴ നേരത്തേ എത്തുമെന്ന കാലാവസ്ഥാ പ്രവചനവും പാഴായി. ചെറുതായി വേനൽമഴയും ലഭിച്ചതോടെയാണ്‌ കർഷകർ കൃഷിയിറക്കാൻ തുടങ്ങിയത്‌. ഉമ, ജ്യോതി, കാഞ്ചന വിത്തുകളാണ്‌ പ്രധാനമായും ഉപയോഗിച്ചത്‌. ജ്യോതി, കാഞ്ചന വിത്തിനങ്ങൾക്ക്‌ മൂപ്പുകുറവാണ്‌. ഉമയ്‌ക്ക്‌ 135–140 ദിവസംവരെ മൂപ്പുണ്ട്‌. ഭാരതപ്പുഴയും കൽപ്പാത്തിപ്പുഴയും മലമ്പുഴ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളും മെലിഞ്ഞുണങ്ങി. കഴിഞ്ഞ വർഷം മെയ്‌ അവസാനംതന്നെ ജില്ലയിൽ കാലവർഷം എത്തിയിരുന്നു. ജൂൺ ഒന്നുമുതൽ സെപ്തംബർ 30 വരെയുള്ള കാലയളവിൽ 1401.5 മില്ലിമീറ്റർ മഴ ലഭിച്ചു. 10 ശതമാനം മാത്രമാണ്‌ കുറവ്‌ രേഖപ്പെടുത്തിയത്‌. എന്നാൽ, റെക്കോഡ്‌ വേനൽമഴ പെയ്തിരുന്നു. സാധാരണ ലഭിക്കുന്നതിലും 178 ശതമാനം അധികമാണ്‌ ലഭിച്ചത്‌. ഇക്കുറി 40 ശതമാനം കുറവാണ്‌ വേനൽമഴ പെയ്തത്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home