ആകെ പുക, ബഹളം... മോക്‌ഡ്രില്ലിൽ ഞെട്ടി നാട്ടുകാർ

കഞ്ചിക്കോട് ആലാമരത്ത് നടത്തിയ എമർജൻസി മോക്ഡ്രിൽ
കഞ്ചിക്കോട്
ആലാമരം വൈസ് പാർക്കിന് സമീപം എൽപിജി ടാങ്കറിന് പിന്നിൽ ടിപ്പർ ലോറി ഇടിക്കുന്നു. നാട്ടുകാര്‍ പരിഭ്രാന്തരായി നിൽക്കുന്നതിനിടെ പൊലീസും അഗ്നിരക്ഷാസേനയും ഉൾപ്പെടുന്ന ദുരന്തനിവാരണസേന ഞൊടിയിടയിൽ രക്ഷാപ്രവർത്തനം ആരംഭിക്കുന്നു. കഞ്ചിക്കോട് ബിപിസിഎൽ എൽപിജി ടെർമിനലിൽ ലെവൽ 3 ഓഫ് സൈറ്റ് എമർജൻസി മോക്ക് ഡ്രില്ലിലെ കാഴ്ചകളായിരുന്നു ഇവ. എൽപിജി ചോർച്ച പോലുള്ള അപകടാവസ്ഥകൾ കാര്യക്ഷമമായി കൈകാര്യം ചെയ്യാനും വകുപ്പുകളുടെ അടിയന്തര പ്രതികരണങ്ങളും ഏകോപന ശേഷിയും പരിശോധിക്കുന്നതിനായിരുന്നു മോക്ക് ഡ്രിൽ സംഘടിപ്പിച്ചത്. എൽപിജി ലോറിക്ക് പിന്നിൽ ടിപ്പറിടിച്ച് പ്രഷർഗേജ് പൊട്ടുകയും എൽപിജി ചോർന്ന് തീ പിടിത്തമുണ്ടാകുകയും ചെയ്ത സംഭവമായിരുന്നു ആവിഷ്കരിച്ചത്. കലക്ടർ എം എസ് മാധവിക്കുട്ടിയുടെ നേതൃത്വത്തിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് കെ സുനിൽകുമാർ, ജില്ലാ പ്ലാനിങ് ഓഫീസർ ഏലിയാമ്മ നിനാൻ, ഡെപ്യൂട്ടി തഹസിൽദാർ സുരേഷ് ബാബു, വില്ലേജ് ഓഫീസർ പി ശിവൻ, കഞ്ചിക്കോട് അഗ്നിരക്ഷാനിലയം സ്റ്റേഷൻ ഓഫീസർ ടി ആർ രാകേഷ്, വാളയാർ ഇൻസ്പെക്ടർ കെ ഒ പ്രദീപ്, ശ്യാം ഗോപിനാഥ്, ലേഖ ചാക്കോ, ആശ വി കെ മേനോൻ, ബിപിസിഎൽ എൽപിജി ടെർമിനലിൽ സീനിയർ മാനേജർ എൻ പി അരവിന്ദാക്ഷൻ എന്നിവർ മോക്ക് ഡ്രില്ലിൽ പങ്കെടുത്തു.










0 comments