ആശങ്കയിൽ നാട്
ഒന്നര മാസം 2 ആൾക്കൂട്ടക്കൊല

വേണു കെ ആലത്തൂർ
Published on Nov 21, 2026, 11:04 PM | 1 min read
പാലക്കാട്
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്യുന്ന ആൾക്കൂട്ട ആക്രമണങ്ങൾ ജില്ലയിലും വർധിക്കുന്നത് ജനങ്ങളിൽ ആശങ്കയുണ്ടാക്കുന്നു. ഒന്നര മാസത്തിനിടെ ജില്ലയിലെ കിഴക്കൻ മേഖലയിൽ രണ്ട് ആൾക്കൂട്ടക്കൊലപാതകങ്ങളും ഒരു യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിക്കുകയും ചെയ്ത സംഭവങ്ങളാണ് റിപ്പോർട് ചെയ്തത്. മൂന്ന് സംഭവങ്ങളിലും പൊലീസിന്റെ ഇടപെടലും നടപടികളും ചോദ്യം ചെയ്യപ്പെടുകയാണ്. ഒക്ടോബർ 11-നാണ് മീനാക്ഷിപുരം മൂലത്തറ റെഗുലേറ്ററിന് സമീപം റോഡിൽ അലഞ്ഞുതിരിഞ്ഞുനടന്നയാളെ ഏഴംഗ സംഘം മർദിച്ചുകൊലപ്പെടുത്തിയത്. സംഭവത്തിൽ കൊല്ലപ്പെട്ടയാളെ ഇതുവരെ തിരിച്ചറിയാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. തമിഴ്നാട് സ്വദേശിയാണെന്നല്ലാതെ കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. അതിർത്തിയിലെ പൊലീസ് സ്റ്റേഷനുകളിൽ കൊല്ലപ്പെട്ടയാളുടെ ചിത്രം കൈമാറിയതല്ലാതെ കാര്യമായ അന്വേഷണം നടക്കുന്നില്ലെന്നാണ് ആക്ഷേപം. നവംബർ മൂന്നിന് രാത്രിയാണ് കൊഴിഞ്ഞാമ്പാറ വടകരപ്പതി പരിശക്കല്ലിൽ ജയിംസ് രാജ്കുമാർ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. ആൾക്കൂട്ടത്തിന്റെ മർദനമേറ്റെന്ന് പറയപ്പെടുന്ന ജയിംസ് നാട്ടുകാരുടെ മുന്നിൽവച്ച് ആരോഗ്യവാനായി പൊലീസ് ജീപ്പിലേക്ക് നടന്നുകയറിയെന്നും എന്നാൽ ഏറെ വൈകിയാണ് ആശുപത്രിയിലെത്തിച്ചതെന്നുമാണ് ബന്ധുക്കളുടെ ആരോപണം. എന്നാൽ, സംഭവസ്ഥലത്തുവച്ചുതന്നെ ജയിംസ് കുഴഞ്ഞുവീണെന്നാണ് പൊലീസിന്റെ വിശദീകരണം. സംഭവസ്ഥലത്തുനിന്ന് പത്ത് മിനിറ്റുകൊണ്ട് എത്താവുന്ന അത്താണിക്കല്ലിലെ ആശുപത്രിയിൽ ജയിംസിനെ എത്തിക്കാൻ 55 മിനിറ്റിലേറെ വൈകിയെന്നും ബന്ധുക്കൾ പറയുന്നു. മൂന്നാമത്തെ സംഭവം നവംബർ 17-ന് രാത്രി മുതലമട ഗോവിന്ദാപുരത്ത് അയ്യപ്പൻവിളക്ക് ഉത്സവത്തിനിടെയാണ്. നെന്മാറ സ്വദേശിയായ 18-കാരൻ നിഥുൽ ദാസിനെ ഒരു സംഘം തട്ടിക്കൊണ്ടുപോയി മീങ്കര ഡാമിന് സമീപത്തെത്തിച്ച് മർദിക്കുകയായിരുന്നു. നേരത്തെയുണ്ടായ ആൾക്കൂട്ട മർദനവുമായി ബന്ധപ്പെട്ട തർക്കത്തിൽ പൊലീസ് ഇടപെട്ട് പരിഹരിച്ച ശേഷമാണ് സംഘം യുവാവിനെ പിന്തുടർന്ന് വാഹനത്തിൽ കയറ്റിക്കൊണ്ടുപോയി മർദിച്ചത്. തുടർച്ചയായുണ്ടായ മൂന്ന് സംഭവങ്ങളും കിഴക്കൻ മേഖലയിലെ ക്രമസമാധാന നിലയെക്കുറിച്ച് ഗൗരവമായ ചോദ്യങ്ങളുയർത്തുന്നുണ്ട്. ആക്രമണങ്ങൾ തടയുന്നതിലും ഇരകൾക്ക് അടിയന്തര സഹായം ഉറപ്പാക്കുന്നതിലും കുറ്റക്കാർക്കെതിരെ നടപടിയെടുക്കുന്നതിലും പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളാണ് ചർച്ചയാകുന്നത്.









0 comments