ആൾക്കൂട്ടക്കൊലപാതകം നടപടി വൈകി; പൊലീസിനെതിരെ ആക്ഷേപം

ആൾക്കൂട്ടക്കൊലപാതകം നടപടി വൈകി; പൊലീസിനെതിരെ ആക്ഷേപം
സ്വന്തം ലേഖകൻ
ചിറ്റൂർ
മീനാക്ഷിപുരത്ത് ആൾക്കൂട്ടക്കൊലപാതകം നടന്ന് ആഴ്ചകൾ പിന്നിടുംമുമ്പ് വടകരപ്പതി പഞ്ചായത്തിലെ പരിശക്കല്ലിലും ആൾക്കൂട്ട മർദനത്തിൽ യുവാവ് മരിച്ചതോടെ പൊലീസിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തം. ഗുരുതര പരിക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ചിട്ടും തുടർനടപടി സ്വീകരിക്കാൻ പൊലീസ് വൈകിയെന്നാണ് പ്രധാന ആക്ഷേപം. വടകരപ്പതി പഞ്ചായത്ത് പരിശക്കൽ എരുമക്കാരനൂർ വീട്ടിൽ ജോസഫ് മനോഹറിന്റെ മകൻ ജെയിംസ് രാജ്കുമാർ (38) ആണ് മരിച്ചത്. ബന്ധുവും നാട്ടുകാരും ചേർന്ന് മർദിച്ച് പരിക്കേൽപ്പിച്ചതിനെത്തുടർന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ജെയിംസ് രാജ്കുമാർ തിങ്കൾ രാവിലെയാണ് മരിച്ചത്. മർദനവിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തി യുവാവിനെ ആശുപത്രിയിലെത്തിച്ചത് പൊലീസായിരുന്നു. എന്നാൽ തുടർനടപടി സ്വീകരിക്കാൻ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിക്കുന്നതുവരെ കാത്തുനിന്ന പൊലീസ് രീതിയാണ് നാട്ടുകാരുടെ വിമർശനത്തിന് ഇടയാക്കിയത്. ഗുരുതര മർദനമേറ്റ സംഭവത്തിൽ അടിയന്തര നടപടി സ്വീകരിക്കേണ്ടതിനുപകരം പൊലീസ് കാലതാമസം വരുത്തിയെന്നാണ് ആക്ഷേപം. മീനാക്ഷിപുരത്തെ സംഭവത്തിന്റെ നടുക്കം മാറുംമുമ്പ് തമിഴ്നാട് അതിർത്തി പങ്കിടുന്ന പ്രദേശത്ത് വീണ്ടും ആൾക്കൂട്ട ആക്രമണത്തിൽ ഒരാൾ മരിച്ചത് വലിയ ആശങ്കയ്ക്കും പ്രതിഷേധത്തിനും ഇടയാക്കി . ആൾക്കൂട്ട ആക്രമണങ്ങൾ ആവർത്തിക്കുമ്പോഴും ഇത്തരം സംഭവങ്ങൾ തടയാൻ ഫലപ്രദമായ നടപടി സ്വീകരിക്കുന്നതിൽ പൊലീസ് പരാജയപ്പെടുകയാണെന്ന വിമർശനവും ശക്തമാണ്.









0 comments