മെന്റർ അധ്യാപകർ എത്തിയില്ല
ആദിവാസി കുട്ടികളെ സ്‌കൂളിൽ വിടാതെ രക്ഷിതാക്കൾ

വേണു കെ ആലത്തൂർ
Published on Jun 07, 2026, 12:29 AM | 1 min read
പാലക്കാട്
ആദിവാസി കുട്ടികളെ പഠിപ്പിക്കുന്ന മെന്റർ അധ്യാപകരെ ഒഴിവാക്കണമെന്ന യുഡിഎഫ് സർക്കാർ നിർദേശത്തിന് പിന്നാലെ കുട്ടികളെ സ്‌കൂളിൽ വിടാതെ രക്ഷിതാക്കൾ. ഉൗര് ഭാഷയിൽ സംസാരിക്കുന്ന കുട്ടികൾ പറയുന്നത് മനസിലാക്കുകയും അവർക്ക് വഴികാട്ടുകയും ചെയ്യുന്നവരായിരുന്നു മെന്റർ അധ്യാപകർ. ഇവരെ ഒഴിവാക്കിയതോടെ കുട്ടികൾ ബുദ്ധിമുട്ടിലാവുമെന്ന് കരുതിയാണ് സ്‌കൂളിലേക്ക് വിടാൻ രക്ഷിതാക്കൾ വിസമ്മതിക്കുന്നത്. ഒന്നാം ക്ലാസിൽ ചേരുന്ന ആദിവാസി കുട്ടികൾക്ക് മലയാളം അറിയില്ല. ഉൗര് ഭാഷ മാത്രമേ അറിയു. ഇവർക്ക് ഗോത്രഭാഷയിൽ പാഠഭാഗങ്ങൾ വിശദീകരിക്കുകയാണ് മെന്റർ അധ്യാപകരുടെ ജോലി. അധ്യാപകൻ ക്ലാസ് എടുത്തശേഷമാണ് വിവരിച്ചുകൊടുക്കുക. കുട്ടിക്ക് മൂത്രമൊഴിക്കണമെന്നുണ്ടെങ്കിൽ ‘മണ്ണുക്ക്’ എന്നാണ് പറയുക. ഇത് സാധാരണ അധ്യാപകർക്ക് അറിയില്ല. പല കുട്ടികളും അധ്യാപകരോട് ഇത്തരം കാര്യങ്ങൾ പറയാൻ മടിക്കുകയും ചെയ്യും. ഇൗകാര്യങ്ങളെല്ലാം മെന്റർ അധ്യാപകരോടാണ് കുട്ടികൾ സംവദിച്ചിരുന്നത്. കുട്ടികൾക്ക് അസുഖം വന്നാൽ വിവരം അന്വേഷിക്കുകയും ആശുപത്രിയിൽ കൊണ്ടുപോവാൻ സഹായിക്കുന്നതും മെന്റർ അധ്യാപകരാണ്. ഒരു ദിവസം സ്‌കൂളിൽ വന്നില്ലെങ്കിൽ ഉൗരിലെത്തി കാര്യമന്വേഷിക്കുകയും കുട്ടികളെ സ്‌കൂളിൽ വിടാൻ രക്ഷിതാക്കളോട് നിർബന്ധിക്കുകയും ചെയ്യും. കുട്ടികൾക്ക് സ്‌കൂളിലെത്താൻ വാഹന സൗകര്യമൊരുക്കുന്നതും രക്ഷിതാക്കൾക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ സർക്കാർതലത്തിലെത്തിക്കാൻ ഇടപെടുന്നതും ഇവരാണ്. ഇൗ മെന്റർ അധ്യാപകരെ ഒഴിവാക്കണമെന്ന് കാണിച്ചാണ് യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെ പ്രധാന അധ്യാപകർക്ക് ഉത്തരവ് നൽകിയത്. "ജോലിയായിട്ടല്ല, സാമൂഹ്യ പ്രവർത്തനമായാണ് ചുമതലയെ കണ്ടിരുന്നതെന്ന്' മെന്റർ അധ്യാപിക ഗാന്ധിമതി ശിവരാമൻ പറഞ്ഞു. ഇവരുടെ സ്‌കൂളിൽ 39 കുട്ടികളിൽ 36 പേരും ആദിവാസികളാണ്. ജോലി പോയതോടെ ഉപജീവനവും ഇല്ലാതായി. ഇനി എങ്ങനെ ജീവിക്കുമെന്ന ആശങ്കയിലാണിവർ.










0 comments