തീയേറ്ററുകളിൽ തരംഗമായി 'സ്‌പൈഡർമാൻ ബ്രാൻഡ് ന്യൂ ഡേ'; ആദ്യദിനം സ്വന്തമാക്കിയത് 5 റെക്കോഡുകൾ

സ്‌പൈഡർമാൻ സിനിമയുടെ പോസ്റ്റർ |Photo: SonyPictures
മുംബൈ : ലോകമെമ്പാടുമുള്ള മാർവൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന 'സ്‌പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ' തീയേറ്ററുകളിൽ തരംഗമാകുന്നു. ജൂലൈ 30ന് ഇന്ത്യയിൽ റിലീസ് ചെയ്ത ചിത്രം ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലാണ് പ്രദർശനത്തിനെത്തിയത്. റിലീസ് ചെയ്ത ആദ്യ ദിനം തന്നെ ഇന്ത്യയിൽ 5 പ്രധാന ബോക്‌സ് ഓഫീസ് റെക്കോഡുകളാണ് ചിത്രം സ്വന്തമാക്കിയത്. ബോക്‌സ് ഓഫീസ് ട്രാക്കിംഗ് സൈറ്റായ സാക്‌നിൽക്കിന്റെ കണക്കുകൾ പ്രകാരം ചിത്രം ആദ്യ ദിനം ഇന്ത്യയിൽ നിന്ന് മാത്രം 60.6 കോടി രൂപ നേടി.
ഒരു ഹോളിവുഡ് ചിത്രത്തിന് ഇന്ത്യയിൽ റിലീസ് ദിവസം ലഭിക്കുന്ന ഏറ്റവും ഉയർന്ന കളക്ഷനാണിത്. കൂടാതെ, ഒരു സൂപ്പർഹീറോ ചിത്രത്തിന് ഇന്ത്യയിൽ ലഭിക്കുന്ന ഏറ്റവും ഉയർന്ന ആദ്യദിന കളക്ഷൻ റെക്കോഡും സ്പൈഡർമാൻ സ്വന്തമാക്കി. ഇവയ്ക്ക് പുറമെ, ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ 50 കോടി ക്ലബ്ബിൽ കയറുന്ന ഹോളിവുഡ് ചിത്രമെന്ന റെക്കോർഡും 'സ്‌പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ' സ്വന്തമാക്കി.
ഇന്ത്യയിൽ ഏറ്റവും ഉയർന്ന ഓപ്പണിംഗ് കളക്ഷനുണ്ടായിരുന്ന മാർവൽ ചിത്രമായ 'അവഞ്ചേഴ്‌സ്: എൻഡ്ഗെയിം' (53.1 കോടി രൂപ), ഏറ്റവും ഉയർന്ന കളക്ഷൻ നേടിയിരുന്ന സ്‌പൈഡർമാൻ ചിത്രമായ 'സ്‌പൈഡർമാൻ: നോ വേ ഹോം' എന്നിവയുടെ റെക്കോഡുകൾ ആദ്യ ദിനം കൊണ്ടുതന്നെ ബ്രാൻഡ് ന്യൂ ഡേ മറികടന്നു.
ടോം ഹോളണ്ട് വീണ്ടും പീറ്റർ പാർക്കറായി എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഡാനിയേൽ ക്രെട്ടണാണ്. സെൻഡായ, സാഡി സിങ്ക്, ജേക്കബ് ബറ്റലോൺ, ജോൺ ബെർന്താൽ, ട്രാമെൽ ടിൽമാൻ, മൈക്കൽ മാൻഡോ, മാർക്ക് റുഫലോ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.










0 comments