വിദ്യാർഥിനികളെ യന്ത്രവാൾ കൊണ്ട് ആക്രമിച്ച പ്രതിക്ക് പൊലീസിന്റെ വെടിയേറ്റു; ഇടതുകാൽ മുറിച്ചുമാറ്റി

പ്രതി ഹേമന്ത് , Photo: X
അമരാവതി: വിദ്യാർഥിനികളെ ക്ലാസിൽ മുറിയിൽ കയറി യന്ത്രവാളുകൊണ്ട് ആക്രമിച്ച പ്രതിയുടെ ഇടതുകാൽ മുറിച്ചുമാറ്റി. പൊലീസിന്റെ വെടിവപ്പിൽ പരിക്കേറ്റ 21 കാരനായ ഹേമന്തിന്റെ കാലാണ് മുറിച്ചുമാറ്റിയത്. രക്തക്കുഴലുകൾക്ക് ഗുരുതരമായ തകരാറുണ്ടായതിനെ തുടർന്നാണ് കാൽമുറിക്കേണ്ടി വന്നതെന്ന് ഡോക്ടർമാർ അറിയിച്ചു. അതേസമയം, വലതുകാലിലേയ്ക്കുള്ള രക്തയോട്ടവും കുറഞ്ഞുവരുന്നതിനാൽ വലതുകാലും മുറിക്കേണ്ടി വരുമെന്നാണ് ഡോക്ടർമാർ നൽകുന്ന വിവരം. പ്രതി ബോധവാനാണെന്നും പ്രതികരിക്കുകയും ചികിത്സയോട് സഹകരിക്കുകയും ചെയ്യുന്നുണ്ടെന്നും ആശുപത്രി സൂപ്രണ്ട് ഡി. മല്ലേശ്വരി അറിയിച്ചു.
ആന്ധ്രാപ്രദേശിലെ അനന്തപുർ ജില്ലയിൽ റാപ്താട് മണ്ഡൽ ആസ്ഥാനത്തെ ജില്ലാ പരിഷത്ത് ഹൈസ്‌കൂളിൽ പഠിക്കുന്ന രണ്ട് വിദ്യാർഥികളെയാണ് ക്ലാസ് മുറിയിൽ കയറി പ്രതി യന്ത്രവാൾകൊണ്ട് ആക്രമിച്ചത്. വെള്ളിയാഴ്ചയാണ് സംഭവം. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു. ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെയാണ് മറ്റൊരു വിദ്യാർഥിനിക്കും പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ മെച്ചപ്പെട്ട ചികിത്സയ്ക്കായി ബംഗളൂരുവിലേക്ക് മാറ്റിയിരുന്നു.
സംഭവ സ്ഥലത്തുനിന്നും രക്ഷപ്പെട്ട് ഓടിയ പ്രതിയെ ആത്മകുർ വനമേഖലയ്ക്ക് സമീപം പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഞായറാഴ്ചയാണ് പോലീസ് ഹേമന്തിനെ വെടിവെച്ച് വീഴ്ത്തിയത്. പിടികൂടുമെന്നായപ്പോൾ പ്രതി കത്തി ഉപയോഗിച്ച് സർക്കിൾ ഇൻസ്‌പെക്ടറെ ആക്രമിക്കുകയും ചെയ്‌തതായാണ് പൊലീസ് നൽകുന്ന വിവരം. ആക്രമണത്തിൽ ഉദ്യോഗസ്ഥനും പരിക്കേറ്റു. ആദ്യം മുന്നറിയിപ്പായി മറ്റൊരു ദിശയിലേക്ക് വെടിവെച്ച ശേഷം പിന്നീടാണ് പ്രതിയുടെ കാലുകൾക്ക് നേരെ വെടിയുതിർത്തതെന്ന് പൊലീസ് പറഞ്ഞു.







0 comments