കനത്തമഴയിൽ ഓട്ടോ തോട്ടിൽ മറിഞ്ഞു; ഒഴുക്കിൽപ്പെട്ടയാളെ മൂന്നാംദിവസവും കണ്ടെത്താനായില്ല

നെടുമങ്ങാട് : തിരുവനന്തപുരം വട്ടപ്പാറ വേറ്റിനാട് കനത്തമഴയിൽ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് കാണാതായ ഓട്ടോ ഡ്രൈവറെ ചൊവ്വാഴ്ചയും കണ്ടെത്താനായില്ല. വട്ടപ്പാറ കുറ്റിയാണി സുമാഭവനിൽ വിദ്യാധര(65)നെയാണ് ഞായറാഴ്ച കാണാതായത്. സ്കൂബാ ടീമും അഗ്നിരക്ഷാ സേനയും എൻഡിആർഎഫ് സംഘവും സംയുതമായാണ് തെരച്ചിൽ നടത്തുന്നത്. നാട്ടുകാരും സംഘത്തോടൊപ്പമുണ്ട്. ചൊവ്വ രാത്രി ഏറെ വൈകുവോളം പരിശോധന നടത്തിയിട്ടും കണ്ടെത്താനായില്ല. തിങ്കൾ അർധരാത്രിയോടെ നിർത്തിയ തിരച്ചിൽ ചൊവ്വ പുലർച്ചെയോടെ പുനരാരംഭിച്ചിരുന്നു. വേറ്റിനാട് മുതൽ നെല്ലനാട് പഞ്ചായത്തിലെ മാങ്കുളംവരെ അഞ്ച് സംഘങ്ങളായി തിരിഞ്ഞായിരുന്നു തിരച്ചിൽ. വൈകിട്ടോടെയാണ് എൻഡിആർഎഫ് സംഘം എത്തിയത്.
ഞായർ രാത്രി എട്ടിന് വട്ടപ്പാറ വേറ്റിനാട് വില്ലേജ് ഓഫീസിനു സമീപം മൂന്നുമുക്കിലായിരുന്നു സംഭവം. മൂന്ന്മുക്കിനു സമീപം റോഡരികിലൂടെ ഒഴുകുന്ന ചിറക്കോണം വേറ്റിനാട് വേളാവൂർ തോട് ഞായറാഴ്ച വൈകിട്ട് പെയ്ത ശക്തമായ മഴയിൽ കരകവിഞ്ഞ് ഒഴുകുകയായിരുന്നു. റോഡിലേക്കും വെള്ളം കയറി. വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാനായായി പോവുകയായിരുന്നു വിദ്യാധരനും ഭാര്യ ലതാകുമാരിയും. മൂന്നുമുക്കിലെത്തിയപ്പോൾ റോഡുകവിഞ്ഞ് വെള്ളം ഒഴുകിയിരുന്നതിനാൽ മറ്റൊരു വഴിയിൽ കൂടി പോകാൻ ഓട്ടോ തിരിക്കുന്നതിനിടെ തോട്ടിലേക്ക് മറിയുകയായിരുന്നു. ലതാകുമാരിയെ നാട്ടുകാർ രക്ഷപ്പെടുത്തി.








0 comments