ബാധ ഒഴിപ്പിക്കലിന്റെ മറവിൽ പീഡനം: പ്രതിയുടെ സാമ്പത്തിക ഇടപാടുകളിൽ അന്വേഷണം

കൊല്ലം : ബാധ ഒഴിപ്പിക്കലിന്റെ മറവിൽ പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ വ്ലോഗറും മതപണ്ഡിതനുമായ മുഹമ്മദ് നിയാസ് ജൗഹരിയുടെ സാമ്പത്തിക ഇടപാടുകളിൽ അന്വേഷണം. പ്രതി ഡയറക്ടറായ ഓച്ചിറ മേമനയിലെ "അൽ ഹബീബിയ ഇസ്ലാമിക് അക്കാദമി' എന്ന സ്ഥാപനത്തിന്റെ പേരിൽ നടന്ന സാമ്പത്തിക ഇടപാടുകൾ, യൂട്യൂബ് വഴിയുള്ള വരുമാനം, ഭൂമി വാങ്ങലുകൾ എന്നിവയാണ് പൊലീസ് പരിശോധിക്കുന്നത്. ഇതിനുപുറമേ ഇയാളുടേതെന്ന് കരുതുന്ന നിർമാണം പുരോഗമിക്കുന്ന കൂറ്റൻ വീടിന്റെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ചും പ്രത്യേക അന്വേഷണം നടക്കും.
പ്രതിയുടെ മൊബൈൽ ഫോണും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാനാണ് പൊലീസിന്റെ തീരുമാനം. കൂടുതൽ പെൺകുട്ടികൾ ഇരയായിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. പ്രതി പെൺകുട്ടിയുമായി നടത്തിയതെന്നു കരുതുന്ന ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖകളും പുറത്തുവന്നിട്ടുണ്ട്. കായംകുളം പുതുപ്പള്ളി കൊച്ചയ്യത്ത് പടീറ്റതിൽ മുഹമ്മദ് നിയാസ് ജൗഹരി (34) നിലവിൽ റിമാൻഡിലാണ്. നാൽപ്പതോളം വിദ്യാർഥികൾ താമസിച്ചു പഠിച്ചിരുന്ന പ്രതിയുടെ "അൽ ഹബീബിയ ഇസ്ലാമിക് അക്കാദമി' അധികൃതർ താൽക്കാലികമായി അടപ്പിച്ചു. ഐസിഡിഎസ് സൂപ്പർവൈസർ, പഞ്ചായത്ത് വാർഡ് തല ജാഗ്രതാസമിതി, പൊലീസ് എന്നിവരുടെ നേതൃത്വത്തിലാണ് നടപടി. തിരുവനന്തപുരം സ്വദേശിനിയായ പതിനാറുകാരിയെ പിതൃമാതാവിന്റെ ശരീരത്തിലുള്ള ബാധ ഒഴിപ്പിച്ചുനൽകാമെന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ പീഡനത്തിനിരയാക്കിയത്. കബളിപ്പിക്കപ്പെട്ട വിവരം തിരിച്ചറിഞ്ഞ പെൺകുട്ടി നൽകിയ പരാതിയിലാണ് ഓച്ചിറ പൊലീസ് പ്രതിയെ പിടികൂടിയത്.








0 comments