കള്ളനോട്ട് അച്ചടി; പ്രതിയ്ക്കുള്ളത് നികുതി അടയ്‌ക്കാത്ത ലക്ഷങ്ങളുടെ ഇടപാടുകൾ

കൊല്ലം : വാടിയിലെ വീട്ടിൽനിന്നു കള്ളനോട്ട് യന്ത്രം പിടികൂടിയ കേസിൽ പ്രതിയായ സിബിയോൺ നടത്തിയിട്ടുള്ളത് നികുതി അടയ്‌ക്കാത്ത ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടുകൾ. കൊല്ലത്തെ വിവിധ സ്വകാര്യ സാമ്പത്തിക സ്ഥാപനങ്ങളുമായി നടത്തിയ ഇടപാടുകളാണ് നിയമവിരുദ്ധമായിട്ടുള്ളത്. കോഴിക്കോട് സ്വദേശി മനു, കൊല്ലത്തെ വ്യാപാരി, ആറ്റിങ്ങൽ സ്വദേശി എന്നിവരുമായാണ് കള്ളനോട്ട് ഇടപാടുകൾ നടത്തിയിട്ടുള്ളത്. ഇതിൽ കോഴിക്കോട് സ്വദേശി മനു മാത്രം 15ലക്ഷത്തോളം രൂപ നോട്ട് ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് സിബിയോണിന് കൊടുത്തിട്ടുണ്ട്. എന്നാൽ, പണം വാങ്ങിയെടുത്തതല്ലാതെ മനുവിന് ഇരട്ടിയായി കള്ളനോട്ട് കൈമാറാൻ സിബിയോണിന് കഴിഞ്ഞില്ല.
ഇതേത്തുടർന്നാണ് മനു കൊല്ലത്തെത്തി സിബിയോണിനെ തട്ടിക്കൊണ്ടുപോയത്. ഇതിന് മനുവിനെ സഹായിച്ചയാളാണ് പൊലീസ് കസ്റ്റഡിയിലുള്ള ആദർശ്. ഇയാൾ സിബിയോണിന്റെ ഇടനിലക്കാരനാണ്. ആദർശ് വഴിയാണ് മനു ലക്ഷങ്ങൾ സിബിയോണിന് കൈമാറിയതും.
തട്ടിക്കൊണ്ടുപോയി മർദിച്ചശേഷം കൊല്ലത്തെ ഒരു എടിഎമ്മിൽനിന്ന് മനുവും കൂട്ടരും സിബിയോണിനെക്കൊണ്ട് വലിയ തുക പിൻവലിപ്പിച്ചെന്നും അന്വേഷകസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. നോട്ട് ഇരട്ടിപ്പിച്ച് തരാമെന്നുപറഞ്ഞ് നിരവധി പേരിൽനിന്നാണ് സിബിയോൺ പണം തട്ടിയെടുത്തിട്ടുള്ളത്. മൂന്നാമത് ഒരാൾവഴി പണം ഇരട്ടിപ്പിച്ചുതരാമെന്നാണ് ഇടപാടുകാരോട് സിബിയോൺ പറഞ്ഞിട്ടുള്ളത്. വാഗ്‌ദാനത്തിൽ വീഴുന്നയാൾ പണം ഡിഡി ആയി സിബിയോണിന് അയച്ചുകൊടുക്കും. എന്നാൽ, ഡിഡി മാറി ഇയാൾ പണം കൈക്കലാക്കുന്നതാണ് പതിവ്. ഡിഡി അയച്ചുകൊടുത്തവർ കബളിപ്പിക്കപ്പെടും. എന്നാൽ, പിടിക്കപ്പെടും എന്നതുകൊണ്ട് ആരും പൊലീസിൽ പരാതിപ്പെടാറില്ല.
കാനറാ, യൂക്കോ തുടങ്ങിയ ബാങ്കുകളുമായും സിബിയോൺ സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുണ്ട്. ആഗസ്‌ത്, സെപ്‌തംബർ മാസങ്ങളിൽ വലിയ തുകകളുടെ ഇടപാടുകളാണ് നടത്തിയിട്ടുള്ളത്. പള്ളിത്തോട്ടത്തും കലക്ടറേറ്റിന് സമീപത്തുമുള്ള സ്വകാര്യ സാമ്പത്തിക സ്ഥാപനങ്ങളിൽ വലിയ അളവിൽ സ്വർണംവച്ച് സിബിയോൺ പണം എടുത്തിട്ടുണ്ട്. ഇത്തരം ഇടപാടുകൾ ബാങ്കുകളുമായും നടത്തിയിട്ടുണ്ട്. തട്ടിയെടുത്തിട്ടുള്ള പണം പ്രതി എവിടെ സൂക്ഷിക്കുന്നു എന്നതിനെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. എസിപി ആർ രാജേഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. സിബിയോണിന്റെ സാമ്പത്തിക ഇടപാടുകൾ ഇൻകംടാക്‌സ് അന്വേഷിക്കണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെടുമെന്നും സൂചനയുണ്ട്. അതിനിടെ മനുവും കൊല്ലത്തെ വ്യാപാരിയും ഉൾപ്പെടെ മുൻകൂർ ജാമ്യത്തിന് കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിച്ചിരിക്കുകയാണ്. സിബിയോണിന്റെ കസ്റ്റഡി കാലാവധി ബുധനാഴ്‌ച അവസാനിക്കും. വൈകിട്ട് ഇയാളെ കോടതിയിൽ ഹാജരാക്കും.
ചോദ്യം ചെയ്യാൻ വനംവകുപ്പും
തുറമുഖത്തെ ലോക്കർ റൂമിൽനിന്ന് തിമിംഗില ഛർദി പിടികൂടിയതിൽ (ആംബർഗ്രീസ്) സിബിയോണിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ വനംവകുപ്പ്. ഇതിനായി ബുധനാഴ്‌ച കൊല്ലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നിൽ വനം അഞ്ചൽ റേഞ്ച് ഓഫീസ് അധികൃതർ അപേക്ഷ നൽകും. ആംബർഗ്രീസ് ശാസ്ത്രീയ പരിശോധനയ്‌ക്കായി തമിഴ്‌നാട്ടിലെ അഡ്വാൻസ്‌ഡ് കെമിക്കൽ അനലിസിസ് ലബോറട്ടറിയിലേക്ക് അയച്ചു. 23.81 കിലോ തിമിംഗില ഛർദിയാണ് ഇയാളുടെ ലോക്കറിൽനിന്ന് പിടിച്ചെടുത്തത്. ശ്രീലങ്ക, തൂത്തുക്കുടി, കൊച്ചി, കൊല്ലം എന്നിവ ഉൾപ്പെടുന്ന ആംബർഗ്രീസ് കള്ളക്കടത്ത് ശൃംഖലയുടെ ഭാഗമായി ഇയാൾ പ്രവർത്തിച്ചതാകാമെന്നാണ് വനംവകുപ്പ് അന്വേഷകസംഘത്തിന്റെ നിഗമനം. ഹാർബർ എൻജിനിയറിങ് വിഭാഗം മീൻപിടിത്ത ബോട്ടുടമകൾക്കായി വാടകയ്ക്ക് നൽകുന്ന തങ്കശേരി അഞ്ചാം ബ്ലോക്കിലെ പത്താം നമ്പർ ലോക്കറിൽനിന്നാണ് തിമിംഗില ഛർദി പിടികൂടിയത്.








0 comments