Deshabhimani

പിഎസ്ജിയുടെ ആറാട്ട്; കത്തിക്കേറി ബാഴ്സ; യുണൈറ്റഡിന് ഗംഭീര തിരിച്ചുവരവ്

Matheus Cunha

ഗോൾനേടിയ മാത്യൂസ് കുന്യയുടെ ആഘോഷം | Photo Credit: X/Manchester United

വെബ് ഡെസ്ക്

Published on Nov 04, 2026, 08:17 AM | 2 min read

പാരിസ്: ചാമ്പ്യൻസ് ലീ​ഗിൽ വമ്പന്മാരുടെ തീപാറുംപോരാട്ടം. പിഎസ്ജിയും ബാഴ്സലോണയും ​ഗോളടിച്ച് കൂട്ടി ആധികാരിക വിജയം നേടിയപ്പോൾ, എട്ട് മത്സരങ്ങൾക്ക് ശേഷം മാഞ്ചസ്റ്റർ യൂണൈറ്റഡ് ​ഗംഭീര തിരിച്ചുവരവ് നടത്തി. അത്ലറ്റികോ മാഡ്രിഡിനെ തകർത്തെറിഞ്ഞ് ബയേൺ മ്യൂണിക്കും വിജയക്കുതിപ്പ് തുടർന്നു.


രണ്ടു ഗോളിന് പിന്നിൽനിന്നായിരുന്നു യുണൈറ്റഡിന്റെ തിരിച്ചടി. അവസാന നിമിഷങ്ങളിൽ ഇരട്ടഗോളുമായി തിളങ്ങിയ മാത്യൂസ് കുന്യയാണ് വിജയശിൽപി. ആദ്യ 17 മിനിറ്റിനുള്ളിൽ രണ്ടു ഗോൾ നേടി റോമ ആതിഥേയരെ ഞെട്ടിച്ചു. പതിനൊന്നാം മിനിറ്റിൽ മത്യാസ് സൂലെ റോമയെ മുന്നിലെത്തിച്ചു. പതിനേഴാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ഡോണ്യെൽ മലൻ ലീഡ് ഉയർത്തി. എന്നാൽ റോമയ്ക്ക് രണ്ടാംപകുതിയിൽ അടിതെറ്റി.

58ാം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസ് പെനാൽറ്റിയിലൂടെ യുണൈറ്റഡിന്റെ തിരിച്ചുവരവിന് തുടക്കമിട്ടു. ആദ്യ ശ്രമം പാഴായെങ്കിലും വീണ്ടും കിക്കെടുക്കാൻ ലഭിച്ച അവസരം ക്യാപ്റ്റൻ ലക്ഷ്യത്തിലെത്തിച്ചു. 83ാം മിനിറ്റിൽ കുന്യ സമനില നേടി. മൂന്നു മിനിറ്റിനകം വീണ്ടും വലകുലുക്കി വിജയവും ഉറപ്പിച്ചു.


വിയ്യാറയലിനെ എതിരില്ലാത്ത ആറ് ഗോളുകൾക്ക് (0-6) തകർത്തെറിഞ്ഞാണ് പിഎസ്ജി ആധികാരിക വിജയം സ്വന്തമാക്കിയത്.

​മത്സരത്തിന്റെ തുടക്കം മുതൽ എതിരാളികളെ സമ്മർദ്ദത്തിലാക്കിയ പിഎസ്ജി ആദ്യ പകുതിയിൽ തന്നെ ഗോൾവേട്ട തുടങ്ങി. ആദ്യ 17 മിനിറ്റിനുള്ളിൽ നാലു ഗോൾ നേടി. നെവെസ് (9'), ഡൗേ (12'), മയൂലു (13'), ഫാബിയാൻ റൂയിസ് (17', 50'), ബോലി (78') എന്നിവരാണ് പിഎസ്ജിക്കായി ലക്ഷ്യം കണ്ടത്. ഇരട്ട ഗോൾ നേടി തിളങ്ങിയ ഫാബിയാൻ റൂയിസ് മത്സരത്തിലെ മികച്ച താരമായി. നാലു മത്സരങ്ങളും ജയിച്ച പിഎസ്ജിക്ക് 12 പോയിന്റായി.



ആസ്റ്റൺ വില്ലയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് (3-0) ബാഴ്സ കീഴടക്കിയത്. ​ക്യാമ്പ് നൗവിൽ ലമിൻ യമാലും റഫീഞ്ഞയും നിറഞ്ഞാടി ഏഴാം മിനിറ്റിൽ യമാൽ ബാഴ്‌സലോണയ്ക്ക് ലീഡ് നൽകി. രണ്ടാംപകുതിയിൽ റഫീഞ്ഞയുടെ ഇരട്ടഗോളോടെ ജയം ആധികാരികമായി. ഇതോടെ ആദ്യ മൂന്നു മത്സരങ്ങളും ജയിച്ചെത്തിയ വില്ലയുടെ വിജയക്കുതിപ്പിന് അവസാനമായി. ബാഴ്‌സലോണയ്ക്കും വില്ലയ്ക്കും നാലു മത്സരങ്ങളിൽ ഒമ്പതു പോയിന്റ് വീതമുണ്ട്. പോയിന്റ് പട്ടികയിൽ ബാഴ്സ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. തോൽവി വഴങ്ങിയ ആസ്റ്റൺ വില്ല മൂന്നാം സ്ഥാനത്താണ്.


അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെ ബയേണിന്റെ ജയം 2–0നായിരുന്നു. മാഡ്രിഡിൽ രണ്ടാംപകുതിയിലെ രണ്ടു ഗോളുകളാണ് ബയേണിന് ജയം സമ്മാനിച്ചത്. ലെനാർട്ട് കാൾ ആദ്യം ലക്ഷ്യം കണ്ടു. പിന്നാലെ ഹാരി കെയ്‌നിന്റെ പാസ് സ്വീകരിച്ച് കോൺറാഡ് ലൈമർ ലീഡ് ഇരട്ടിയാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home