Deshabhimani

വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട അധ്യാപികയെ സ്കൂൾ മാനേജർ കൊലപ്പെടുത്തി

UP teacher murder case

Photo: India Today

വെബ് ഡെസ്ക്

Published on Nov 04, 2026, 09:04 AM | 2 min read

ലഖ്നൗ: ഉത്തർപ്രദേശിലെ ദേവരിയയിൽ അധ്യാപികയെ കൊലപ്പെടുത്തിയ കേസിൽ സ്കൂൾ മാനേജർ അറസ്റ്റിൽ. വിജയ് നിഷാദ് എന്നയാളാണ് പൊലീസിന്റെ പിടിയിലായത്. ഖുരുഹുരി ഗ്രാമത്തിൽ താമസിക്കുന്ന സുഭാഷ് ചന്ദ്ര വിശ്വകർമയുടെ മകൾ റാണി വിശ്വകർമ (26)യാണ് ദാരുണമായി കൊല്ലപ്പെട്ടത്. കഴിഞ്ഞ മാസം 31നായിരുന്നു സംഭവം. ഗോരഖ്പുരിലെ ചൗരി ചൗര, നയി ബസാറിലുള്ള വി എൻ സെൻട്രൽ അക്കാദമിയിലെ അധ്യാപികയായിരുന്നു മരിച്ച റാണി. ഇതേ സ്കൂളിന്റെ മാനേജറായി ജോലി ചെയ്യുകയായിരുന്നു പ്രതി. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ വിജയിയുമായി റാണി പ്രണയത്തിലായിരുന്നുവെന്നും വിവാഹം കഴിക്കണമെന്ന ആവശ്യം ഉയർത്തിയതിന്റെ പേരിലാണ് കൊലപാതകമെന്നും പൊലീസിന്റെ പ്രാഥമികാന്വേഷണത്തിൽ തെളിഞ്ഞു.


കഴിഞ്ഞ ദിവസം വിവാഹകാര്യം പറഞ്ഞ റാണിയെ വിജയ് പിന്തിരിപ്പിക്കാൻ ശ്രമം നടത്തി. തുടർന്ന് വെള്ള നിറത്തിലുള്ള മാരുതി വാഗൺആർ കാറിൽ റാണിയെയും കൂട്ടി മീഠാ ബെൽ ഗ്രാമത്തിന് പുറത്തുള്ള ആളൊഴിഞ്ഞ പ്രദേശത്തേയ്ക്ക് പോയി. ശേഷം ഇരുവരും തമ്മിൽ തർക്കം രൂക്ഷമാവുകയും കാറിന്റെ പിൻസീറ്റിൽ വെച്ച് റാണിയെ പ്രതി കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം മൃതദേഹം കാറിന്റെ ഡിക്കിൽ സൂക്ഷിച്ച് ഒരു ദിവസം മുഴുവനും ചുറ്റികറങ്ങിയ ശേഷം സ്കൂൾ പരിസരത്തുള്ള കുറ്റിക്കാട്ടിൽ മൃതദേഹം ചാക്കിൽകെട്ടി ഉപേക്ഷിക്കുകയായിരുന്നു. ശേഷം, യുവതിയുടെ മൊബൈൽ ഫോൺ തകർക്കുകയും എടിഎം കാർഡ് വലിച്ചെറിയുകയും ചെയ്തു. തെളിവുകൾ നശിപ്പിക്കാനുള്ള പ്രതിയുടെ ശ്രമമായിരുന്നു ഇതിനു പിന്നിലെന്ന് പൊലീസ് പറഞ്ഞു.


അടുത്ത ദിവസമാണ് കുറ്റിക്കാട്ടിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. തുട‌ർന്ന് നടത്തിയ അന്വേഷണത്തിൽ കൊല്ലപ്പെട്ടത് അധ്യാപിക റാണിയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തിൽ റാണിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതി വലിച്ചെറിഞ്ഞ റാണിയുടെ എടിഎം കാർഡ്, കാർഡ് ഹോൾഡർ, മൊബൈൽ ഫോൺ കവർ എന്നിവ പൊലീസ് കണ്ടെടുത്തു.


പ്രതി ഉപയോഗിച്ചിരുന്ന കാറിൽ ഫോറൻസിക് പരിശോധന നടത്തി. മൃതദേഹം മണിക്കൂറുകളോളം സൂക്ഷിച്ചിരുന്ന കാറിന്റെ ഡിക്കിയിൽനിന്ന് ശാസ്ത്രീയ പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിച്ചു. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് സംശയിക്കുന്നതായി റാണിയുടെ കുടുംബം പറഞ്ഞു. എന്നാൽ നിലവിൽ ഒരാൾ മാത്രമാണ് അറസ്റ്റിലായതെന്നും കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന കാര്യവും അന്വേഷിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home