16 വർഷങ്ങൾക്കുശേഷം; വൈദികന്റെ മൃതദേഹം ജന്മനാട്ടിൽ ഇന്ന് സംസ്‌കരിക്കും

ചെങ്ങന്നൂർ : 16 വർഷം മുമ്പ് യുഎസിൽ മരിച്ച വൈദികന്റെ മൃതദേഹം ജന്മനാട്ടിൽ ബുധനാഴ്‌ച സംസ്‌കരിക്കും. ഓർത്തഡോക്‌സ് സഭ സീനിയർ വൈദികനായിരുന്ന കോടുകുളഞ്ഞി കോട്ടമലയിൽ ബംഗ്ലാവിൽ സി ജെ ഉമ്മൻ കോറെപ്പിസ്‌കോപ്പയുടെ മൃതദേഹമാണ് കോടുകുളഞ്ഞി പ്രകാശഗിരി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ സംസ്‌കരിക്കുന്നത്. മൂത്ത മകൻ ഹെയ്‌ലി ജോൺ ഉമ്മനോടൊപ്പം ഫിലാഡെൽഫിയയിൽ താമസിക്കുന്പോൾ 2010 ഒക്‌ടോബർ 14 നാണ് 85–ാം വയസിൽ മരിച്ചത്. തുടർന്ന് അവിടെ മംഗോളിയ സെമിത്തേരിയിൽ സംസ്‌കരിച്ചു.
ഒപ്പമുണ്ടായിരുന്ന ഭാര്യ ബ്ലോസം മാത്യു ഉമ്മൻ ഒക്‌ടോബർ 24നും മരിച്ചു. ബ്ലോസമിന്റെ സംസ്‌കാരം കോടുകുളഞ്ഞി പ്രകാശഗിരി സെന്റ് മേരീസ് പള്ളി സെമിത്തേരിയിലായിരുന്നു. പിന്നീട് മക്കളുടെ ആഗ്രഹപ്രകാരം ജെ ഉമ്മൻ കോറെപ്പിസ്‌കോപ്പയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കണമെന്നതിന് നിയമപരമായ അനുമതി തേടി. നിയമപരമായ തടസങ്ങൾ നീക്കാനുള്ള പരിശ്രമങ്ങൾക്കൊടുവിൽ കഴിഞ്ഞ ദിവസമാണ് അനുവാദം ലഭിച്ചത്. മൃതദേഹം ചൊവ്വ വൈകിട്ട് കോടുകുളഞ്ഞിയിൽ മകൻ ഫാ. ഗോൾഡൻ ലി തോമസ് ഉമ്മന്റെ വസതിയിലെത്തിച്ചു. ബുധൻ രാവിലെ ഏഴിന് മാത്യൂസ് മാർ തെവോദോസിയോസിന്റെ നേതൃത്വത്തിൽ പ്രകാശഗിരി പള്ളിയിൽ കുർബാന നടക്കും. ഇടവക മെത്രാപോലീത്ത മാത്യൂസ് മാർ തിമോത്തിയോസിന്റെ കാർമികത്വത്തിൽ പകൽ 11 ഓടെ സംസ്‌കാരച്ചടങ്ങുകൾ പൂർത്തിയാകും. മറ്റുമക്കൾ: മോണ്ട്‌ലി മാത്യു ഉമ്മൻ, ഷേർലി മേരി ഉമ്മൻ, വാസ്‌കൻലി ഗീവർഗീസ് ഉമ്മൻ, മേർലി റേച്ചൽ ഉമ്മൻ.








0 comments