‘ഹൈപ്പർടെൻഷനിൽ’ രോഗികൾ

മുതുതല കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടറെ കാണാൻ കാത്തുനിൽക്കുന്നവർ
പി കെ സുമേഷ്
Published on Jul 31, 2026, 12:34 AM | 1 min read
പട്ടാമ്പി
മുതുതല കുടുംബാരോഗ്യ കേന്ദ്രത്തിൽ ജീവിതശൈലി, പാലിയേറ്റീവ് മരുന്നുകളുടെ വിതരണം തടസ്സപ്പെട്ടു. വർഷങ്ങളായി മുടങ്ങാതെ ലഭിച്ചുകൊണ്ടിരുന്ന മരുന്ന് ഇപ്പോൾ പുറത്തുനിന്ന് വില കൊടുത്തു വാങ്ങേണ്ട ഗതികേടിലാണ് ജനം. ജനറൽ മരുന്നുകളിൽ പലതും കിട്ടാനില്ല. പഞ്ചായത്തിനകത്ത് രണ്ടായിരത്തോളം പേർ വിവിധ രോഗങ്ങൾക്കും ജീവിതശൈലീ രോഗികൾക്കും എൺപത് പാലിയേറ്റീവ് രോഗികളും ഇവിടെനിന്ന് സ്ഥിരമായി മരുന്നുവാങ്ങുന്നുണ്ട്. കഴിഞ്ഞ എൽഡിഎഫ് ഭരണസമിതി തെരഞ്ഞെടുപ്പിന് മുന്പുതന്നെ പ്രോജക്ടുകൾ തയ്യാറാക്കിയിരുന്നു. എന്നാൽ, യുഡിഎഫ് പഞ്ചായത്ത് ഭരണസമിതി ആരോഗ്യമേഖലയിൽ കാര്യക്ഷമമായി ഇടപെടുന്നില്ല. വാർഷിക ബജറ്റിലെ ആരോഗ്യ മേഖലയോടുള്ള അവഗണന ഇതിന് ഉദാഹരണമാണ്. ഇതുവരെ വാങ്ങിയ മരുന്നുകൾക്ക് ലക്ഷങ്ങളുടെ കുടിശ്ശിക നൽകാനുണ്ട്. ഇത് നൽകാത്തതിനാൽ മരുന്ന് വാങ്ങാനും കഴിയില്ല. പുതിയ സർക്കാർ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിക്കുറച്ചതും പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് (കെഎംഎസ്-സിഎൽ) വഴി ലഭിച്ചിരുന്ന മരുന്നിലും വലിയ ക്ഷമമുണ്ടെന്നാണ് ലഭിക്കുന്ന വിവരം. സമീപ പഞ്ചായത്തുകളിൽനിന്നുപോലും രോഗികൾ എത്തുന്നുണ്ട്. എന്നാൽ, അതിനാവശ്യമായ ഉദ്യോഗസ്ഥരുടെ എണ്ണത്തിൽ കുറവുണ്ട്. രണ്ടു ഡോക്ടർമാരിൽ ഒരാൾക്ക് സ്ഥലംമാറ്റം ലഭിച്ചു. വൈകിട്ടുള്ള ഒപിക്ക് പഞ്ചായത്ത് താൽക്കാലികമായി നിയമിച്ച ഒരു ഡോക്ടർ കൂടിയുണ്ട്. പക്ഷേ, നിലവിലെ സഹചര്യത്തിൽ ഇത് എത്രനാൾ തുടരുമെന്ന് പറയാനാകില്ല. രണ്ട് സ്റ്റാഫ് നഴ്സുമാരിൽ ഒരാൾ പ്രസവ അവധിയിലാണ്. നഴ്സിങ് അസിസ്റ്റന്റ് വിരമിച്ചിട്ട് പകരം ആളെത്തിയിട്ടില്ല. മാസങ്ങളായി പാർട് ടൈം സ്വീപ്പറുമില്ല.










0 comments