മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനയാത്ര; സ്‌പോണ്‍സര്‍ ചിപ്‌സണ്‍ ഏവിയേഷനോ?

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശൻ മലപ്പുറത്തേക്കുള്ള യാത്രയ്‌ക്ക് ഉപയോഗിച്ച ചാർട്ടേഡ് വിമാനത്തിന്റെ സ്‌പോൺസർ ചിപ്‌സണ്‍ ഏവിയേഷനെന്ന് റിപ്പോർട്ട്. സർക്കാരിന് ഹെലികോപ്‌റ്റർ വാടകയ്‌ക്ക് നൽകിയ കമ്പനിയാണ് ചിപ്‌സൻ എവിയേഷൻ. കമ്പനിയും സർക്കാരുമായുള്ള മൂന്ന് വർഷത്തെ വാടക കരാർ കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. കരാര്‍ പുതുക്കി നല്‍കാനുള്ള കമ്പനിയുടെ പാരിതോഷികമാണോ സൗജന്യയാത്ര എന്നതടക്കമുള്ള വിമര്‍ശനങ്ങൾ ഇതിനോടകം ഉയരുന്നു കഴിഞ്ഞു.
എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിന് ചിപ്‌സൻ എവിയേഷന്റെ ഹെലികോപ്‌റ്റർ വാടകയ്‌ക്കെടുത്തത്. അവയവ ദാനത്തിനുള്ള എയർ ആംബുലൻസായാണ് കൂടുതൽ സർവീസ് നടത്തിയത്. മൂന്ന് വർഷം കരാർ രണ്ടു വർഷംകൂടെ നീട്ടാമെന്ന വ്യവസ്ഥ നേരത്തെ ഉണ്ടായിരുന്നു. അതുനസുരിച്ച് കരാർ ദീർഘിപ്പിക്കാൻ ജൂൺ എട്ടിനാണ് സംസ്ഥാന പൊലീസ് മേധാവി ആദ്യം കത്ത് നൽകിയത്. ഇക്കഴിഞ്ഞ വെള്ളിയാഴ്‌ച വീണ്ടും കത്തുനൽകി. ആദ്യ കത്ത് ധനവകുപ്പിന് കൈമാറിയെങ്കിലും തീരുമാനം എടുത്തിരുന്നില്ല. ഈ പുതിയ കരാറിനായുള്ള അപേക്ഷ മുഖ്യമന്ത്രിയുടെ പരിഗണനയിൽ ഇരിക്കുമ്പോഴാണ് കമ്പനിയുടെ സ്‌പോൺസർഷിപ്പിൽ മഴക്കെടുതിയിൽ മരിച്ചവരുടെ വീട് സന്ദർശിക്കാൻ ചാർട്ടേഡ് വിമാനം ഉപയോഗിച്ചത്.
സ്വകാര്യ വ്യക്തികളുടെ സ്പോൺസർഷിപ്പിൽ സഞ്ചരിച്ചിട്ടുണ്ടെന്നും ഇനിയും സഞ്ചരിക്കുമെന്നുമാണ് ബുധനാഴ്ച മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞത്. മലപ്പുറത്തേക്കുള്ള യാത്രയ്‌ക്ക് ഉപയോഗിച്ച ചാർട്ടേഡ് വിമാനത്തിന്റെ സ്‌പോൺസറെ സംബന്ധിച്ച മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. എന്തിനാണ് സ്പോൺസറെക്കുറിച്ചുള്ള വിവരങ്ങൾ പറയുന്നത്? പരസ്യമായാണ് യാത്ര ചെയ്തത്. സർക്കാരിന്റെ ഒരു രൂപ പോലും ഉപയോഗിച്ചില്ല. ആറ് പേര് മരിച്ചിട്ടും മുഖ്യമന്ത്രി പോയില്ല എന്ന് മാധ്യമങ്ങൾ വാർത്ത നൽകും. അതിനാൽ അവിടെ പോകേണ്ടതുണ്ടായിരുന്നു. ശ്രീനാരായണ ഗുരു സമാധി ആചരണത്തിൽ പങ്കെടുത്തതിന് ശേഷം അതിവേഗം മലപ്പുറത്തെത്താനാണ് ചാർട്ടേഡ് വിമാനം ഉപയോഗിച്ചതെന്ന് പറഞ്ഞ് മുഖ്യമന്ത്രി ചോദ്യത്തിൽ നിന്ന് വഴുതിമാറുകയായിരുന്നു.
ബംഗളൂരു കേന്ദ്രമായ കേളചന്ദ്ര എവിയേഷൻ കമ്പനിയുടെ വിമാനത്തിലായിരുന്നു യാത്ര. വിമാനം പറന്ന സമയം 4.22 മണിക്കൂറാണ്. വിമാനത്താവളത്തിൽ നിർത്തിയിട്ടതടക്കം ആകെ ചെലവഴിച്ച സമയം 8.42 മണിക്കൂർ. പറക്കുന്ന ഓരോ മണിക്കൂറിനും 2.7 ലക്ഷം രൂപയാണ് പല വിമാനക്കമ്പനികളും ഇൗടാക്കുന്നത്. ഇൗ തുക കണക്കാക്കിയാൽ പറക്കൽ വാടക 11 ലക്ഷം (11,79,900) രൂപവരും. 18 ശതമാനം ജിഎസ്ടി കൂട്ടിയാൽ 13 ലക്ഷം (13,92,282) രൂപയും. ഇതിന് പുറമെ പൊസിഷനിങ്ങ്, ഗ്രൗണ്ട് ഹാന്റ്ലിങ്, നികുതികൾ തുടങ്ങിയവ കൂടി ചേരുമ്പോൾ ഒന്നര മുതൽ രണ്ട് ലക്ഷം വരെ കൂടുതൽ ചെലവാകും.
തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് തൊട്ടുമുമ്പ് വി ഡി സതീശൻ ചാർട്ടേഡ് വിമാനത്തിൽ നടത്തിയ മംഗളൂരു യാത്രയുടെ സ്‌പോൺസർ ആരെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കർണാടകത്തിലെ കുടകിൽ വിവാഹത്തിൽ പങ്കെടുക്കാൻ ഹെലികോപ്‌റ്ററിൽ പോയത് വിവാദമാപ്പോഴും സ്‌പോൺസേർഡ് എന്നാണ് പറഞ്ഞത്. സർക്കാർ ഹെലികോപ്‌റ്ററിൽ ഭാര്യാപിതാവിനെ സന്ദർശിക്കാൻ നടത്തിയ യാത്ര വിവാദമായപ്പോൾ സ്വകാര്യ നിക്ഷേപകനെ കാണാനാണ് പോയതെന്ന് കള്ളവും പറഞ്ഞു. ആ നിക്ഷേപകൻ ആരെന്നും പറഞ്ഞിട്ടില്ല.









0 comments