കരാർ തൊഴിലാളികളുടെ കൂട്ടപ്പിരിച്ചുവിടലും സ്ഥലംമാറ്റവും
ഭരണസംവിധാനം താളംതെറ്റുന്നു

നിധിൻ ഇൗപ്പൻ
പാലക്കാട്
യുഡിഎഫ് സർക്കാർ അധികാരമേറ്റ് ആറുമാസം പിന്നിടുമ്പോൾ വിവിധ സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളിലും കേന്ദ്ര–-സംസ്ഥാന സംയുക്ത പദ്ധതികളിലും നടക്കുന്ന കരാർ–-താൽക്കാലിക ജീവനക്കാരുടെ കൂട്ടപ്പിരിച്ചുവിടൽ വ്യാപകം. പിരിച്ചുവിടലും അനധികൃത സ്ഥലംമാറ്റങ്ങളും തൊഴിൽ–-സാമ്പത്തിക മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. വർഷങ്ങളായി കുറഞ്ഞ വേതനത്തിൽ പ്രവർത്തിച്ചുവന്ന ആയിരക്കണക്കിന് തൊഴിലാളികളുടെ കരാർ പുതുക്കാതെ പിരിച്ചുവിടുന്നത്. പൊതുജനാരോഗ്യ മേഖല തകർക്കുന്ന വിധമാണ് നാഷണൽ ഹെൽത്ത് മിഷൻ (എൻഎച്ച്എം), ആയുഷ് വിഭാഗങ്ങളിലെ കൂട്ടപ്പിരിച്ചുവിടൽ. എൻഎച്ച്എമ്മിനുകീഴിൽ ആദ്യഘട്ടത്തിൽ 1,485 കരാർ ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. തൊഴിലാളികൾ പ്രതിഷേധിച്ചതോടെ അപ്പീലുകൾ സ്വീകരിക്കാൻ അധികൃതർ നിർബന്ധിതരായി. ഇതേത്തുടർന്ന് 565 പേരെ തിരിച്ചെടുത്തു. ശേഷിക്കുന്നവരുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ 60–40 അനുപാതത്തിലുള്ള പദ്ധതികൾക്കുകീഴിൽ ഭാരതീയ ചികിത്സാ മെഡിക്കോസ് വിഭാഗത്തിൽ ജോലി ചെയ്തിരുന്ന 625 ജീവനക്കാരെ പൂർണമായും ഒഴിവാക്കിയതാണ് മറ്റൊരു പ്രതിസന്ധി. ആയുർവേദ ഡോക്ടർമാർ, തിരുമ്മുകാർ, തെറാപ്പിസ്റ്റുകൾ എന്നിവരടങ്ങുന്ന ഈ സംഘത്തെ സംരക്ഷിക്കുന്നതിനായി എൽഡിഎഫ് സർക്കാരിന്റെകാലത്ത് ഇവരെ നാഷണൽ ആയുഷ് മിഷനു(എൻഎഎം) കീഴിലേക്ക് മാറ്റാൻ നടപടി സ്വീകരിച്ചിരുന്നു. എന്നാൽ യുഡിഎഫ് ഈ തീരുമാനം റദ്ദാക്കുകയും 625 പേരെയും പുറത്താക്കുകയുമായിരുന്നു. ഇതിനോടൊപ്പം ആയുഷ് മിഷനുകീഴിലുള്ള 3,500- താൽക്കാലിക ജീവനക്കാരുടെയും ഭാവി തുലാസിലാണ്. കുടുംബശ്രീ മിഷനുകീഴിലും വ്യാപകമായ തൊഴിൽ പ്രതിസന്ധിയാണ്. കുടുംബശ്രീയിലെ പല പ്രോജക്ടുകളിലും ഫണ്ടില്ല എന്ന കാരണം പറഞ്ഞ് കരാർ പുതുക്കി നൽകാത്തതിനാൽ നിരവധി പേർക്ക് ജോലി നഷ്ടപ്പെട്ടു. ‘ദീൻദയാൽ അന്ത്യോദയ യോജന -നാഷണൽ അർബൻ ലൈവ്ലിഹുഡ്സ് മിഷൻ' (എൻയുഎൽഎം) പദ്ധതിയിൽ പ്രവർത്തിച്ചിരുന്ന 118 സ്ത്രീകൾ ഉൾപ്പെടെ 134 കരാർ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടു. 2,272 കുടുംബശ്രീ കരാർ ജീവനക്കാർ പിരിച്ചുവിടൽ ഭീഷണിയിലാണ്. തദ്ദേശസ്വയംഭരണ വകുപ്പിനുകീഴിലുള്ള ‘കില' (കെഐഎൽഎ) പദ്ധതിയിൽ കരാർ കാലാവധി കഴിഞ്ഞ 28 ജീവനക്കാരോട് പിരിഞ്ഞുപോകാൻ നിർദേശിച്ചിരിക്കുന്നു. ക്ഷേമനിധി ബോർഡുകളിലും ഭീഷണി ക്ഷേമനിധി ബോർഡുകളിലും സപ്ലൈകോയിലും വാട്ടർ അതോറിറ്റിയിലും താൽക്കാലിക ജീവനക്കാരെ ലക്ഷ്യമിട്ടുള്ള നടപടികൾ തുടരുകയാണ്. നിർമാണ തൊഴിലാളി ക്ഷേമനിധി ബോർഡിൽനിന്ന് താൽക്കാലിക ജീവനക്കാരെ പുറത്താക്കാൻ നീക്കം ശക്തമാണ്. നിലവിൽ പിരിച്ചുവിടപ്പെട്ട 114 പേർ കോടതിയെ സമീപിച്ച് രണ്ടുമാസത്തെ സ്റ്റേ വാങ്ങി. സിവിൽ സപ്ലൈസ് കോർപറേഷനിൽ (സപ്ലൈകോ)നിന്ന് 122 താൽക്കാലിക ജീവനക്കാരെയാണ് ഒറ്റയടിക്ക് പിരിച്ചുവിട്ടത്. കേരള വാട്ടർ അതോറിറ്റിയിലും സമാനമായ സാഹചര്യമാണ്. കരാർ ജീവനക്കാരെ പിരിച്ചുവിടുന്നതിനോടൊപ്പം പൊതുമേഖലാ സ്ഥാപനങ്ങളിലും സർക്കാർ വകുപ്പുകളിലും നടക്കുന്ന അനധികൃത കൂട്ട സ്ഥലംമാറ്റങ്ങൾ ഭരണസംവിധാനത്തിന്റെ കാര്യക്ഷമതയെത്തന്നെ ബാധിക്കുകയാണ്. കൺസ്യൂമർഫെഡ്, കേരള വാട്ടർ അതോറിറ്റി, കെഎസ്ആർടിസി, കെഎസ്ഇബി തുടങ്ങിയ സുപ്രധാന സ്ഥാപനങ്ങളിൽ ‘സ്ട്രെങ്ത് അറേഞ്ച്മെന്റ്' എന്ന പേരിൽ ജീവനക്കാരെ തലങ്ങും വിലങ്ങും സ്ഥലംമാറ്റുന്നത്.








0 comments