മലമ്പുഴ മിന്നിത്തിളങ്ങും

നിധിൻ ഈപ്പൻ
Published on Mar 13, 2025, 02:00 AM | 2 min read
പാലക്കാട്
സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് സമർപ്പിച്ച മലമ്പുഴ ഉദ്യാന വികസന മാസ്റ്റർപ്ലാനിന് അംഗീകാരം. ഉദ്യാനത്തെ 30 മേഖലകളായി തിരിച്ച് 74 കോടി രൂപയുടെ നിർമാണം നടത്തും. 40.34 ഏക്കർ സ്ഥലത്താണ് പദ്ധതി. വനം, പരിസ്ഥിതി, പുരാവസ്തു വകുപ്പ് എന്നിവയുടെ നിരാക്ഷേപം ആവശ്യമില്ലാത്തതിനാൽ ഒരുവർഷത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. കൃത്യമായ പദ്ധതി സംസ്ഥാനസർക്കാർ സമർപ്പിച്ചത് കേന്ദ്രം അംഗീകരിക്കുകയായിരുന്നു. ലഭ്യമാകുന്ന സൗകര്യങ്ങൾ വിനോദസഞ്ചാരികൾക്ക് ഓൺലൈൻ ബുക്കിങ്, താമസവും ഭക്ഷണവും, യാത്രാ സൗകര്യങ്ങൾ, അകത്തേക്കും പുറത്തേക്കും കടക്കാൻ പ്രത്യേക വഴികൾ, വിവിധ ഭാഷകൾ കൈകാര്യം ചെയ്യുന്ന ഗൈഡുകൾ, അത്യാധുനിക ശൗചാലയങ്ങൾ, മാലിന്യ സംസ്കരണ പദ്ധതികൾ, സിസിടിവി ഉൾപ്പെടെയുള്ള സുരക്ഷാസംവിധാനങ്ങൾ എന്നിവ ഒരുക്കും. പദ്ധതി വിഹിതം ഇങ്ങനെ പ്രധാന കവാടത്തിലെ വാണിജ്യ സമുച്ചയം, പാർക്കിങ് എന്നിവയ്ക്ക് 1.6 കോടി അനുവദിച്ചു. പ്രവേശന സമുച്ചയം -2.75 കോടി, പ്രവേശന ഉദ്യാന നവീകരണം 1.25 കോടി, സാഹസിക വിനോദം- 3.85 കോടി, ഭക്ഷ്യസ്റ്റാളുകൾ 10 ലക്ഷം, കുട്ടികളുടെ പാർക്ക് 75 ലക്ഷം, മുഗൾ സാമ്രാജ്യത്തിന്റെ ചരിത്രങ്ങൾ ഉൾക്കൊള്ളിച്ച പാർക്ക് 55 ലക്ഷം, ചെസ് ബോർഡ് 10 ലക്ഷം, പ്രധാന ഭക്ഷണശാല 1.80 കോടി, ജലധാര 76 ലക്ഷം, പുൽത്തകിടി നവീകരണം 38 ലക്ഷം, താമരക്കുളം 36 ലക്ഷം, പ്രധാന ജലധാരാ പാർക്ക് 64 ലക്ഷം, കാളിയമർദന പാർക്ക് 67 ലക്ഷം, ഗ്ലോബ് പാർക്ക് 69 ലക്ഷം, അഞ്ച് ചെറിയ ജലധാരാ പാർക്ക് 72 ലക്ഷം, നന്തി പാർക്ക് 16 ലക്ഷം, യക്ഷി പാർക്ക് 2.65 കോടി, മ്യൂസിയം നവീകരണം 26 ലക്ഷം, ഡെസ്റ്റിനേഷൻ വെഡിങ് കേന്ദ്രം 30 ലക്ഷം, മാലിന്യ സംസ്കരണം രണ്ടര ലക്ഷം എന്നിങ്ങനെയാണ് തുക വകയിരുത്തിയത്. പ്രതീക്ഷിത വരുമാനം പദ്ധതി പൂർത്തിയാക്കിയാൽ തൊട്ടടുത്ത കൊല്ലംമുതൽ സർക്കാരിന് വൻതോതിൽ വരുമാനം ലഭിക്കും. രണ്ടാംവർഷം 21 കോടി, മൂന്നാം വർഷം 23 കോടി, നാലാംവർഷം 25 കോടി എന്നിങ്ങനെ വരുമാനം പ്രതീക്ഷിക്കുന്നു. ടിക്കറ്റ് വിൽപ്പനയിലൂടെ 78 ലക്ഷം, കടകളുടെ കരാറിലൂടെ 86 ലക്ഷം, സാഹസിക വിനോദത്തിൽനിന്ന് 14 കോടി, സഞ്ചാരികൾക്ക് താമസസൗകര്യം ഒരുക്കുന്നതിലൂടെ 45 ലക്ഷവും വാർഷികവരുമാനം കണക്കാക്കുന്നു.









0 comments