തെക്കേമലന്പുഴയിൽ മണൽപ്പരപ്പിലൂടെ നടന്ന് ആളുകൾ പാറകൾക്ക് മുകളിൽ കയറുന്നത് പതിവുകാഴ്‌ച
അപകടച്ചെരിവിലെ ഉല്ലാസം

തെക്കേ മലമ്പുഴയിൽ ഡാമിലെ പാറക്കെട്ടിൽ കയറിയിറങ്ങുന്ന സഞ്ചാരി

ശരത് കൽപ്പാത്തി
Published on May 10, 2026, 12:30 AM | 1 min read
പാലക്കാട്
പെട്ടന്നങ്ങനെ കണ്ടുതീർക്കാനാകാത്ത ഇടമാണ് മലമ്പുഴ. ജില്ലയിലെയും സമീപ ജില്ലകളിലെയും തമിഴ്നാട്ടിലുള്ളവരുടെയും പറുദീസ. അണക്കെട്ടും കവയും കഴിഞ്ഞാൽ ആളുകൾ ഏറ്റവുമെത്തുന്നത് തെക്കേ മലമ്പുഴയിൽ. ശ്രദ്ധിച്ചില്ലെങ്കിൽ അപകടം ഒളിഞ്ഞിരിക്കുന്ന സ്ഥലം. വേനലിൽ വെള്ളമിറങ്ങിയതോടെ മലമ്പുഴ അണക്കെട്ടിന് നടുക്കുള്ള പാറക്കെട്ടുകൾ പുറത്തേക്ക് കണ്ടുതുടങ്ങി. വെള്ളം കുറഞ്ഞതിനാൽ മണൽപ്പരപ്പിലൂടെ നടന്ന് ആളുകൾ പാറകൾക്ക് മുകളിൽ കയറുന്നത് പതിവാണ്. കുത്തനെയും പല തട്ടുകളിലായുമുള്ള പാറകളിൽനിന്ന് വീണാൽ, ഇടയിൽ കുടുങ്ങിയാൽ അപകടം സംഭവിക്കും. കഴിഞ്ഞ മേയിൽ ഇതേയിടത്ത് സഹോദരങ്ങൾ മുങ്ങിമരിച്ചിരുന്നു. വെള്ളമുള്ളയിടത്ത് കുട്ടികളടക്കം കുളിക്കാനിറങ്ങുന്നു. അണക്കെട്ടിൽ ഇറങ്ങരുതെന്ന് നിർദേശമുണ്ടെങ്കിലും പാലിക്കാറില്ല. പൊലീസ് പരിശോധന പതിവെങ്കിലും ആളുകൾ വകവയ്ക്കാറില്ല. പലയിടത്തായി മുന്നറിയിപ്പ് ബോർഡുകളുണ്ട്. ഉദ്യാന നവീകരണം ആരംഭിച്ചശേഷം റോപ്‌വേ, അക്വാറിയം, പാമ്പ് പുനരധിവാസ കേന്ദ്രം എന്നിവിടങ്ങളിൽ മാത്രമാണ് പ്രവേശനം. ഇതോടെയാണ് സഞ്ചാരികൾ അണക്കെട്ടിലെ വെള്ളമിറങ്ങിയ പ്രദേശങ്ങൾ തെരഞ്ഞെടുക്കുന്നത്. മഴ തുടങ്ങിയാൽ മലമ്പുഴയുടെ ചിത്രംതന്നെ മാറും. പശ്ചിമഘട്ട മലനിരകളിൽ വെള്ളിപാദസരം കണക്കെ വെള്ളച്ചാട്ടങ്ങൾ കാണാം. മരങ്ങളും ചെടികളും മലയും തട്ടി തഴുകി ഒലിച്ചിറങ്ങുന്ന ദൃശ്യംഫോട്ടോയെക്കാളുപരി മനസിനകത്ത് പതിയും. കൈവഴിയിൽ ചെറുവെള്ളച്ചാട്ടങ്ങളും അരുവികളും ഒപ്പമെത്തുന്ന കോടമഞ്ഞും മനസിനും ശരീരത്തിനും കുളിർമയേകും. അപ്പോഴും അപകടം പതിയിരിക്കുകയാണെന്ന ഓർമയുണ്ടാവണം.










0 comments