മഴയില്ല
കാലാവസ്ഥയിൽ കാലിടറി


സ്വന്തം ലേഖകൻ
Published on Jul 08, 2026, 01:12 AM | 1 min read
പാലക്കാട്
കാലാവസ്ഥാ വ്യതിയാനത്തിൽ കാലിടറി ജില്ല, ജൂലൈയിലും പ്രതീക്ഷ തെറ്റിച്ച് മൺസൂൺ. ആദ്യ ആഴ്‌ച പിന്നിടുമ്പോൾ ആവശ്യത്തിന് മഴ ലഭിക്കാത്ത ജില്ലകളുടെ പട്ടികയിൽ പാലക്കാടും. 20 മുതൽ 59 ശതമാനംവരെ കുറവ് മഴ ലഭിക്കുന്ന "ഡെഫിഷ്യന്റ് വിഭാഗത്തിലാണ്' ഉൾപ്പെട്ടത്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് 33 ശതമാനം കുറവ് മഴയാണ് രേഖപ്പെടുത്തിയത്. ഏഴ് ദിവസം ലഭിക്കേണ്ടിയിരുന്നത് 585.2 മില്ലിമീറ്റർ മഴയാണ്. എന്നാൽ 389.6 മില്ലിമീറ്റർ മാത്രമാണ് പെയ്തത്. ഇത്തവണ സംസ്ഥാനത്ത് ഏറ്റവും കുറവ് വേനൽ മഴ ലഭിച്ചത് ജില്ലയിലാണ്. 2025ലെ വേനലിനെ അപേക്ഷിച്ച് 38 ശതമാനം കുറവാണ് റിപ്പോർട്ട് ചെയ്തത്. ഏപ്രിൽ പകുതിയോടെ ജലസ്രോതസ്സുകളെല്ലാം വരണ്ടിരുന്നു. മുൻ വർഷങ്ങളിലെപ്പോലെ മെയ് പകുതിയോടെ മഴ ലഭിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും കിട്ടിയില്ല. നീരുറവകൾ നിശ്ചലമായതോടെ അണക്കെട്ടുകളും വരളാൻ തുടങ്ങി. ജൂൺ ആദ്യ ആഴ്‌ചയിൽ ആശ്വാസമായി മൺസൂൺ എത്തിയെങ്കിലും പിന്നീട് അതുംനിലച്ചു. കഴിഞ്ഞവർഷം ജൂൺ, ജൂലൈ മാസങ്ങളിൽ മഴ തകർത്ത് പെയ്തിരുന്നു. ജില്ലയിലെ പ്രധാന ജലസ്രോതസ്സുകളായ മലമ്പുഴ, വാളയാർ, ചുള്ളിയാർ അണക്കെട്ടുകളിൽ ആകെ സംഭരണശേഷിയുടെ 96 ശതമാനവും പോത്തുണ്ടിയിൽ 97 ശതമാനവും വെള്ളമുണ്ടായി. ഇത്തവണ മലമ്പുഴയിൽ 22 ശതമാനം, വാളയാറിൽ 10 ശതമാനം, ചുള്ളിയാറിൽ 9 ശതമാനം, പോത്തുണ്ടിയിൽ 13 ശതമാനം എന്നിങ്ങനെയാണ്. നെൽകൃഷി അവതാളത്തിൽ.... മഴയും, അണക്കെട്ടുകളിൽനിന്നുള്ള കനാലുകളും പ്രതീക്ഷ തെറ്റിച്ചതോടെ നെൽക്കർഷകർ വീണ്ടും ആശങ്കയിൽ. കൃഷി അധികമുള്ള ചിറ്റൂർ, വാളയാർ, എലപ്പുള്ളി പ്രദേശങ്ങളിൽ കൃഷിക്ക് ആവശ്യമുള്ള വെള്ളമില്ല. ഭാരതപ്പുഴയിൽ വെള്ളമില്ലാത്തത് പടിഞ്ഞാറൻ മേഖലയേയും പ്രതിസന്ധിയിലാക്കുന്നു. സമീപത്തെ കുളങ്ങളിൽനിന്നും കിണറുകളിൽനിന്നും വെള്ളം പമ്പ് ചെയ്താണ് പലയിടത്തും കൃഷി നടക്കുന്നത്. കൂടുതൽ കർഷകരും ഭൂമി പാട്ടത്തിനെടുത്താണ് കൃഷി. ഇൗ സാഹചര്യത്തിൽ വൈദ്യുതി ചാർജുപോലും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്ന് കർഷകർ പറയുന്നു.











0 comments