നാടിനൊപ്പം മാറണം എലപ്പുള്ളിക്ക്

എലപ്പുള്ളി പഞ്ചായത്തിനെതിരെ തൊഴിലുറപ്പ്, കർഷക തൊഴിലാളികൾ നടത്തിയ ഉപരോധം (ഫയൽ ചിത്രം)
എസ് നന്ദകുമാർ
Published on Dec 02, 2025, 12:00 AM | 1 min read
എലപ്പുള്ളി
സമീപ പഞ്ചായത്തുകളിലെ ജനങ്ങൾ വികസനനേട്ടങ്ങൾ അനുഭവിച്ചറിയുന്പോഴും ഇരുട്ടിലാണ് എലപ്പുള്ളിയിലെ ജനങ്ങൾ. കോൺഗ്രസ് ഭരിക്കുന്ന എലപ്പുള്ളി പഞ്ചായത്തിന് ഇതിൽനിന്ന് മോചനം വേണം. അഞ്ച് വർഷത്തിനിടെ ലൈഫ് മിഷനിൽ ആകെ 79 പേർക്കാണ് വീട് നൽകിയത്. സമീപത്തെ പുതുശേരി പഞ്ചായത്തിൽ 1,400 ലധികം വീടൊരുങ്ങി. കോൺഗ്രസും അവരെ പിന്തുണക്കുന്ന ബിജെപിയും ഒത്തുകളിച്ച് ആയിരക്കണക്കിന് കുടുംബങ്ങളുടെ വീടെന്ന സ്വപ്നമാണ് നഷ്ടമാക്കിയത്. 1029 കുടുംബങ്ങൾ പഞ്ചായത്തിന്റെ ലൈഫ് മിഷൻ ലിസ്റ്റിലുണ്ട്. ജനറൽ വിഭാഗത്തിലെ 778 ൽ 13 പേർക്കും എസ്-സി വിഭാഗത്തിലെ 251 ൽ 66 പേർക്കുമാണ് ആകെ വീട് അനുവദിച്ചത്. ഇതിൽ തന്നെ മാനദണ്ഡം പാലിക്കാതെ ബിജെപി –- കോൺഗ്രസ് കുടുംബങ്ങൾക്കാണ് വീട് നൽകിയത്.കഴിഞ്ഞ എൽഡിഎഫ് ഭരണസമിതി പഞ്ചായത്തിൽ 585 കുടുംബങ്ങൾക്ക് ലൈഫ് മിഷനിലൂടെ വീട് നൽകി. സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ അട്ടിമറിച്ചത് ഈ കണക്കുകളിൽ തന്നെ വ്യക്തം. ശുചിത്വ മിഷൻ, ക്ലീൻ കേരള പദ്ധതികൾ പൂർണമായും അട്ടിമറിച്ചു. ജനങ്ങൾ ഒത്തുചേരുന്ന പാറ ചന്തക്ക് സമീപമാണ് എംസിഎഫ് പ്രവർത്തിക്കുന്നത്. ക്ഷീര ഗ്രാമമായി അറിയപ്പെടുന്നുണ്ടെങ്കിലും ക്ഷീരകർഷകരെയും നെൽകർഷകരെയും തിരിഞ്ഞുനോക്കിയില്ല. തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ എന്നിവയും അട്ടിമറിച്ചു. മേറ്റ് നിയമനത്തിൽ സ്വജനപക്ഷപാതം കാണിച്ചു. തെരുവുവിളക്കുകൾ താൽപ്പര്യമുള്ള പ്രദേശങ്ങളിൽ മാത്രം നൽകി. വയോധികർക്ക് കട്ടിൽ, പഠനോപകരണങ്ങൾ, കോഴി തുടങ്ങിയ വ്യക്തിഗത ആനുകൂല്യങ്ങൾ കോൺഗ്രസ്, ബിജെപി അംഗങ്ങൾ പ്രിയപ്പെട്ടവർക്കായി വീതിച്ചുനൽകി. എൽഡിഎഫ് ഭരണസമിതി നിർമിച്ച റോഡുകളും സ്ഥാപിച്ച സോളാർ ലൈറ്റുകളും അറ്റകുറ്റപ്പണി നടത്തിയില്ല. എംഎൽഎയുടെ വികസന പ്രവർത്തനങ്ങൾ വേണ്ടെന്ന് ഇരുകൂട്ടരും ചേർന്ന് തീരുമാനിച്ചു. എംഎൽഎ, ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവർ തനതുഫണ്ട് വിനിയോഗിച്ച് നടപ്പിലാക്കിയ പദ്ധതികളുടെ ക്രെഡിറ്റ് സ്വന്തമാക്കാൻ ബോർഡ് വച്ച് അപഹാസ്യരായി. കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റ തൊഴിലുറപ്പ് തൊഴിലാളിയെ ആശുപത്രിയിലെത്തിച്ച ആംബുലൻസിന്റെ വാടക ഈടാക്കിയതും പ്രതിഷേധത്തിനിടയാക്കി. പഞ്ചായത്തിന്റെ കഴിവുകെട്ട ഭരണത്തിനെതിരെ സിപിഐ എം നിരവധി തവണ പഞ്ചായത്ത് ഓഫീസ് ഉപരോധം ഉൾപ്പെടെ നടത്തി. ദുരിതകാലം മാറാനായി കാത്തിരിക്കുകയാണ് ജനങ്ങൾ.










0 comments