ലോൺ ആപ് : വലയിൽ വീഴല്ലേ

സായൂജ് ചന്ദ്രൻ
പാലക്കാട്
ഒറ്റ ക്ലിക്കിൽ വായ്‌പയെന്ന ചതിക്കുഴി. ജീവനെടുക്കുന്പോൾ ഒരു നിബന്ധന മാത്രം– "പണം വേണോ..അതോ ജീവൻ വേണോ'. ലോൺ ആപ്പുകളുടെ ഇരയായി ജില്ലയിൽ മാത്രം ജീവൻ നഷ്‌ടപ്പെട്ടത് നിരവധിപേർക്ക്. കഴിഞ്ഞദിവസം കൊഴിഞ്ഞാമ്പാറയിൽ ആത്മഹത്യ ചെയ്ത മുപ്പത്തിയേഴുകാരൻ അജീഷ് ഇതിലേറ്റവും ഒടുവിലെ ഇര. മരണവാർത്തയറിഞ്ഞിട്ടും ആപ് കൊലയാളികൾ ഭീഷണി തുടർന്നതിന്റെ ഞെട്ടലിലാണ് കുടുംബം. സാമ്പത്തികമായി അടിത്തറയില്ലാത്ത സാധാരണക്കാരുടെ നിസഹായത മുതലെടുക്കുന്ന ആപ്പുകൾ ഇന്ന് സജീവമാണ്. പൊലീസും സർക്കാരും നിർദേശിച്ച് ആപ്പ് സ്‌റ്റോറുകളിൽനിന്ന് നീക്കുന്ന ഇവ പുതിയ മേൽവിലാസത്തിലെത്തുന്നു. വ്യവസ്ഥകളും രേഖകളുമില്ലാതെ ഒറ്റ ക്ലിക്കിൽ ലഭിക്കുന്ന വായ്പ കൂടുതൽ ആളുകളെ കെണിയിലാക്കുന്നു. ആപ് ഇൻസ്റ്റാൾ ചെയ്തയുടൻ ഫോണിലെ വിവരങ്ങൾ മുഴുവൻ ചോർത്താൻ അനുവാദം ചോദിച്ചുള്ള അലേർട്ട് മെസേജുകൾ വരും. പണം നേടാനുള്ള തത്രപ്പാടിൽ എല്ലാം സമ്മതിക്കും. ഇങ്ങനെ ഉയർന്ന പലിശയിൽ ആവശ്യാനുസരണം പണം ലഭിക്കും. തിരിച്ചടവ് മുടങ്ങിയാൽ വ്യാജ സർവറുകളിൽനിന്ന് ഭീഷണികളെത്തിത്തുടങ്ങും. പണം മുഴുവൻ തിരിച്ചടച്ചാലും ഭീഷണിക്ക് പഞ്ഞമില്ല. ദിവസങ്ങൾ കഴിയുന്നതിനനുസരിച്ച് ഭീഷണിയുടെ വ്യാപ്തിയും മാറും. വായ്‌പയെടുത്ത വ്യക്തിയുടെയോ കുടുംബാംഗങ്ങളുടെയോ മുഖം വെട്ടിയെടുത്ത് അശ്ലീല ചിത്രങ്ങളും വീഡിയോകളും നിർമിക്കും. കുട്ടികളെപ്പോലും വെറുതെ വിടാതെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തും. പലരും ഭീഷണിക്ക് വഴങ്ങി ചോദിച്ച പണം തിരികെ നൽകും. ചിലർ പൊലീസിൽ പരാതിപ്പെടും ചിലരാകട്ടെ മരണത്തിൽ അഭയം തേടും. കോടിക്കണക്കിന് രൂപയാണ് ഓരോ വർഷവും വ്യാജ ആപ്പുകൾ ഇങ്ങനെ കൈക്കലാക്കുന്നത്. കേസുകളിൽ പിടിയിലായവരും ഏറെയുണ്ട്. വ്യാജ ആപ്പുകളെ തള്ളിക്കളഞ്ഞ് ഗവ. അംഗീകാരമുള്ള ലോൺ ആപ്പുകൾ മാത്രം ഉപയോഗിക്കാം. ഇതിനായി റിസർവ് ബാങ്കിന്റെ വെബ്‌സൈറ്റായ rbi.org.in പരിശോധിക്കാം. തട്ടിപ്പ് ബോധ്യമായാൽ ഉടൻ സൈബർസെല്ലിന്റെ ടോൾഫ്രീ നമ്പറായ 1930ലും www.cybercrime.gov.inലും ബന്ധപ്പെടാം. ‘സുവർണ നിമിഷം’ എന്ന് വിളിക്കുന്ന ആദ്യമണിക്കൂറിൽ തട്ടിപ്പുകാരനെ എളുപ്പത്തിൽ കണ്ടെത്തി നഷ്‌ടപ്പെട്ട തുക വീണ്ടെടുക്കാം. ലിങ്കുകളെ സൂക്ഷിക്കുക സമൂഹ മാധ്യമങ്ങളിലൂടെ ലിങ്കുകൾ പ്രചരിപ്പിച്ചും സാമ്പത്തിക തട്ടിപ്പ് സജീവമാണ്. ബാങ്ക്, കെഎസ്‌ഇബി, ബിഎസ്‌എൻഎൽ തുടങ്ങിയവയുടെ കസ്റ്റമർ സർവീസ് എന്ന പേരിലാണ് ലിങ്കുകളെത്തുക. ലിങ്കിൽ തൊട്ട് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്താൽ സ്‌ക്രീൻ ഷെയറിങ്ങിലൂടെ ഫോണിലെ വിവരങ്ങൾ മുഴുവനും ചോർത്തുന്നു. ഇത്തരം തട്ടിപ്പുകളിൽ പ്രായമായവരും ചെറുപ്പക്കാരും ഒരുപോലെ കുടുങ്ങുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്.









0 comments