പാർക്കിങ്ങിന് സ്ഥലമൊരുക്കൂ
‘ഇടിച്ചു’തീരുന്നു ജീവിതങ്ങൾ

എസ് നന്ദകുമാർ
Published on Aug 18, 2025, 12:00 AM | 1 min read
വാളയാർ
വാളയാറിൽ രണ്ടുജീവനുകൾ പൊലിയാൻ കാരണം ചരക്കുലോറികളുടെ അനധികൃത പാർക്കിങ്ങും ദേശീയപാത കരാർ കമ്പനിയുടെ അനാസ്ഥയും. ഞായർ പുലർച്ചെ നിർത്തിയിട്ട ലോറിക്കുപിന്നിൽ കാറിടിച്ച് ചെന്നൈ സ്വദേശികളായ രണ്ട് സ്‌ത്രീകളാണ് മരിച്ചത്. അഞ്ചുവർഷത്തിനിടെ റോഡരികിൽ നിർത്തിയിട്ട ചരക്കുലോറികളിലും കണ്ടെയ്നറുകളിലും വാഹനമിടിച്ച് മരിച്ചവർ 14 പേരാണ്. വാളയാർമുതൽ വടക്കഞ്ചേരിവരെ പാർക്കിങ് ബേ ഇല്ലാത്തതിനാൽ ദേശീയപാതയുടെ ഇരുവശത്തും തോന്നുംപടിയാണ് കണ്ടെയ്നറുകൾ ഉൾപ്പെടെ നിർത്തിയിടുന്നത്. പലയിടത്തും വെളിച്ചവുമില്ല. ഞായറാഴ്‌ച അപകടമുണ്ടായ അതേസ്ഥലത്ത് മൂന്നുവർഷം മുമ്പ് ലോറിക്കുപിന്നിൽ കാറിടിച്ച് തിരുപ്പൂരിലെ വ്യാപാരി തൽക്ഷണം മരിച്ചു. വെള്ളിയാഴ്‌ച ദേശീയപാത വടക്കുമുറിയിൽ നിർത്തിയിട്ട കണ്ടെയ്നറിനുപിന്നിൽ കാറിടിച്ച് സിനിമാതാരം ബിജുക്കുട്ടന് പരിക്കേറ്റിരുന്നു. മെയ്, ജൂൺ മാസങ്ങളിൽ ബിപിഎൽ കൂട്ടുപാത ജങ്ഷനുസമീപം സർവീസ് റോഡിൽ നിർത്തിയിട്ട കണ്ടെയ്നറിനുപിന്നിൽ ബൈക്കിടിച്ച് ഷെമീർ, ജിഷ്ണു എന്നിവരും വാളയാറിൽ ലോറിക്കുപിന്നിൽ ബൈക്കിടിച്ച് മേപ്പറമ്പ് സ്വദേശി ഹാരിസും മരിച്ചു. ആറുവർഷം മുമ്പ് വാളയാറിൽ ഒമ്‌നി വാൻ റോഡരികിൽ നിർത്തിയിട്ട കണ്ടെയ്നറിലിടിച്ച് കുട്ടികൾ ഉൾപ്പെടെ അഞ്ചുപേർ മരിച്ചു. വാളയാർ മുതൽ ചന്ദ്രനഗർവരെയുള്ള ഭാഗത്തുമാത്രം രണ്ടുവർഷത്തിനിടെ ഇത്തരത്തിൽ മരിച്ചവർ എട്ടുപേരാണ്. മുപ്പതോളം യാത്രക്കാർക്ക് പരിക്കേറ്റു. മോട്ടോർ വാഹനവകുപ്പ് ദേശീയപാത കരാർ കമ്പനിയോട് പാർക്കിങ് ബേ ഒരുക്കാൻ ആവശ്യപ്പെട്ടെങ്കിലും നടപ്പാക്കിയിട്ടില്ല. പലയിടത്തും പൊലീസും മോട്ടോർ വാഹനവകുപ്പും നോ പാർക്കിങ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ അനധികൃത പാർക്കിങ് തുടരുകയാണ്. വാളയാർ- –വടക്കഞ്ചേരി പാതയിൽ വാളയാർ, പതിനാലാംകല്ല്, മംഗലത്താൻ ചള്ള, ചുള്ളിമട, മരുതറോഡ്, കൂട്ടുപാത, കണ്ണനൂർ, വെള്ളപ്പാറ, അണയ്‌ക്കപ്പാറ എന്നീ പ്രദേശങ്ങളിലാണ് കൂടുതലായും അനധികൃത പാർക്കിങ്. മരുതറോഡ് കൂട്ടുപാത ജങ്ഷനുസമീപം സർവീസ് റോഡിൽ കണ്ടെയ്നർ പോലുള്ളവ നിർത്തിയിടുന്നതുണ്ടാക്കുന്ന ബുദ്ധിമുട്ട് ചെറുതല്ല. എതിരെ വരുന്ന വാഹനങ്ങളുടെ കാഴ്ച മറയ്‌ക്കുന്ന രീതിയിലാണ് ഇവിടത്തെ പാർക്കിങ്.









0 comments