ad
Deshabhimani

ലൈഫിന്‌ ബുൾഡോസർ; പേടിയിൽ 19,584 കുടുംബങ്ങൾ

കൊടുമ്പ്‌ പഞ്ചായത്തിലെ തിരുവാലത്തൂർ മുല്ലേരിയിലെ ഭവന സമുച്ചയം

കൊടുമ്പ്‌ പഞ്ചായത്തിലെ തിരുവാലത്തൂർ മുല്ലേരിയിലെ ഭവന സമുച്ചയം

avatar
അഖില ബാലകൃഷ്‌ണൻ

Published on May 24, 2026, 12:56 AM | 1 min read

​പാലക്കാട്‌

എൽഡിഎഫ്‌ സർക്കാരിന്റെ കരുതലിൽ കെട്ടിപ്പടുത്ത വീടെന്ന സ്വപ്നത്തിന്‌ വിള്ളൽവീഴുമോ എന്ന ആശങ്കയിലാണ്‌ ജില്ലയിലെ 19,584 ലധികം വരുന്ന കുടുംബങ്ങൾ. ഘട്ടം ഘട്ടമായി പണി പൂർത്തിയാക്കി സുരക്ഷിത്വത്തിന്റെ പടിവാതിലെത്തുമ്പോഴാണ്‌ ബുൾഡോസറുപയോഗിച്ച്‌ ലൈഫ്‌ പദ്ധതി നിർത്തലാക്കാനുള്ള യുഡിഎഫ്‌ നീക്കം. പത്തുവർഷത്തിനിടെ തുടർച്ചയായ എൽഡിഎഫ്‌ സർക്കാരുകൾ ജില്ലയിൽ 73,043 വിടുകൾ നിർമിക്കാനാണ്‌ അനുമതി നൽകിയത്‌. 53,459 വീടുകളുടെ നിർമാണം പൂർത്തിയായി. 2137 കോടിരൂപ വീടുകൾക്കായി ചെലവഴിച്ചു. 19,584 വീടുകൾ നിർമാണത്തിലാണ്‌. ഇതിൽ അടിത്തറ കെട്ടി തുടങ്ങിയത്‌ മുതൽ പൂർത്തിയാകാറായവ വരെയുണ്ട്‌. ഇവരാണ്‌ യുഡിഎഫ്‌ സർക്കാരിന്റെ നിലപാടിൽ പേടിയിലായത്‌. അനുമതി ലഭിച്ച വീടുകളിൽ 10,000 ലധികം കഴിഞ്ഞ മൂന്നു മാസത്തിനുള്ളിലാണ്‌ കരാറിലായത്‌. കേരള റൂറൽ- അർബൻ ഡെവലപ്‌മെന്റ് കോർപറേഷൻ ഹഡ്‌കോ വഴി വായ്പ ലഭ്യമാക്കിയതാണ്‌ കൂടുതൽ കുടുംബങ്ങളെ പദ്ധതിയുടെ ഗുണഭോക്താക്കളാക്കിയത്‌. ലൈഫ്‌ നിർത്തലാക്കി തദ്ദേശ സ്ഥാനങ്ങൾക്ക്‌ മാത്രം ചുമതലയുള്ള ഭവന പദ്ധതി നടപ്പാക്കാനുള്ള യുഡിഎഫ്‌ സർക്കാരിന്റെ നീക്കം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ലൈഫ് വെബ്സൈറ്റിലും പട്ടിക പ്രസിദ്ധീകരിച്ച്‌ എല്ലാം മാനദണ്ഡങ്ങളും പാലിച്ചാണ്‌ എൽഡിഎഫ്‌ സർക്കാർ പദ്ധതിയിൽ അർഹരായവരെ കണ്ടെത്തിയത്‌.

ഭവനസമുച്ചയങ്ങൾ ഉടൻ പൂർത്തിയാകും

42 കുടുംബങ്ങളുടെ സ്വപ്‌നമായ ചിറ്റൂർ–തത്തമംഗലം ഭവനസമുച്ചയത്തിൽ കുഴൽക്കിണർ നിർമാണമുൾപ്പെടെ 90 ശതമാനം പണിയും പൂർത്തിയാക്കി. പുറംജോലികൾ തീർന്നാൽ താക്കോൽ കൈമാറാം. കൊടുമ്പ്‌ പഞ്ചായത്തിലെ തിരുവാലത്തൂർ മുല്ലേരിയിലെ ഭവന സമുച്ചയം രണ്ടുമാസത്തിനകം നിർമാണം പൂർത്തിയാകുമെന്ന്‌ ലൈഫ്‌ മിഷൻ ജില്ലാ കോ–ഓർഡിനേറ്റർ ജെ അനീഷ്‌ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home