Deshabhimani

70ൽ 63 എൽഡിഎഫ്‌

തിരിച്ചുവരവിന്റെ കരുത്തുറ്റ പാത

ഹേമാംബിക നഗറിൽ എൽഡിഎഫ് പ്രവർത്തകരുടെ ആഹ്ലാദപ്രകടനം

ഹേമാംബിക നഗറിൽ എൽഡിഎഫ് പ്രവർത്തകരുടെ ആഹ്ലാദപ്രകടനം

avatar
പ്രത്യേക ലേഖകൻ

Published on Sep 30, 2026, 01:00 AM | 2 min read

പാലക്കാട്‌

ഉപതെരഞ്ഞെടുപ്പിലെ എൽഡിഎഫ്‌ വിജയം തിരിച്ചുവരവിന്റെ കരുത്തുറ്റ പാത വെട്ടിത്തുറന്നു. ജില്ലാ പഞ്ചായത്ത്‌, രണ്ട്‌ ബ്ലോക്ക്‌ പഞ്ചായത്തുകൾ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ്‌ ഫലം പരിശോധിക്കുന്പോൾ അത്യുജ്വല വിജയമാണ്‌ എൽഡിഎഫിന്‌ ജനങ്ങൾ സമ്മാനിച്ചത്‌. ജില്ലാ പഞ്ചായത്ത്‌, ആലത്തൂർ, മലന്പുഴ ബ്ലോക്ക്‌ പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ ഉൾപ്പെടുന്ന 70 പഞ്ചായത്ത്‌ വാർഡുകളിൽ 63 ഇടത്ത്‌ എൽഡിഎഫിനാണ്‌ ഭൂരിപക്ഷം. പല്ലശന ഡിവിഷനിൽ ഉൾപ്പെടുന്ന പല്ലശന, എലവഞ്ചേരി, മേലാർകോട്‌, വണ്ടാഴി പഞ്ചായത്തുകളിലെ 54 പഞ്ചായത്ത്‌ വാർഡുകളിൽ 52 ഇടത്ത്‌ എൽഡിഎഫ്‌ ഭൂരിപക്ഷംനേടി. രണ്ടിടത്ത്‌ മാത്രമാണ്‌ യുഡിഎഫിന്‌ നേരിയ മുൻതൂക്കം. ആലത്തൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ അത്തിപ്പൊറ്റ ഡിവിഷനിൽ വരുന്ന തരൂർ പഞ്ചായത്തിലെ ഒന്പത്‌ വാർഡുകളിൽ അഞ്ചിടത്തും എൽഡിഎഫ്‌ ഭൂരിപക്ഷം നേടി. കഴിഞ്ഞതവണ നാല്‌ വാർഡിലായിരുന്നു എൽഡിഎഫിന്‌ ലീഡ്‌ ലഭിച്ചത്‌. മലന്പുഴ ബ്ലോക്ക്‌ പഞ്ചായത്ത്‌ ഹേമാംബിക ഡിവിഷനിൽ വരുന്ന പുതുപ്പരിയാരം പഞ്ചായത്തിലെ ഏഴ്‌ വാർഡുകളിൽ ആറിടത്തും എൽഡിഎഫ്‌ ഭൂരിപക്ഷം നേടി. കഴിഞ്ഞതവണ ഏഴിൽ മൂന്നിടത്ത്‌ യുഡിഎഫിനായിരുന്നു ലീഡ്‌. ഇത്തവണ യുഡിഎഫ്‌ ലീഡ്‌ നേടിയ ഏകവാർഡിൽ അവരുടെ ഭൂരിപക്ഷം വെറും എട്ട്‌ വോട്ട്‌. സംസ്ഥാന രാഷ്ട്രീയം ചർച്ചയായ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്‌ കനത്ത പരാജയമാണ്‌ ജനങ്ങൾ നൽകിയത്‌. അധികാരത്തിലേറി നാലുമാസംകൊണ്ടുതന്നെ ജനങ്ങൾ ഇത്രയധികം വെറുത്ത ഒരു സർക്കാർ കേരള ചരിത്രത്തിൽ ഇല്ലെന്ന സന്ദേശമാണ്‌ ജനങ്ങൾ നൽകിയത്‌. നിയമസഭാ തെരഞ്ഞെടുപ്പിൽ തോറ്റ ഇടതുപക്ഷം തിരിച്ചുവരികയാണെന്ന സന്ദേശവും ജനങ്ങൾ നൽകി.

തകർന്നടിഞ്ഞ്‌ ബിജെപി

കേന്ദ്ര ഭരണത്തിന്റെ ഹുങ്കിലും യുഡിഎഫ്‌ സർക്കാരിന്റെ സഹായത്തിലും ഉപതെരഞ്ഞെടുപ്പിനെ നേരിട്ട ബിജെപിക്ക്‌ കനത്ത തിരിച്ചടി നൽകി വോട്ടർമാർ. കഴിഞ്ഞതവണ കിട്ടിയതിന്റെ പകുതിയിൽ താഴെ വോട്ട്‌ മാത്രമാണ്‌ ഇത്തവണ ബിജെപി സ്ഥാനാർഥികൾക്ക്‌ നേടാനായുള്ളൂ. പലയിടത്തും യുഡിഎഫിന്‌ വോട്ട്‌ മറിച്ചുനൽകിയെങ്കിലും എൽഡിഎഫിനെ തോൽപ്പിക്കാൻ ഇരുകൂട്ടർക്കും കഴിഞ്ഞില്ല. ഉറച്ച പിന്തുണയാണ്‌ എൽഡിഎഫിന്‌ ജനം സമ്മാനിച്ചത്‌. ജില്ലാ പഞ്ചായത്ത്‌ പല്ലശന ഡിവിഷനിൽ കഴിഞ്ഞതവണ 10,150 വോട്ട്‌ നേടിയ ബിജെപിക്ക്‌ ഇത്തവണ കിട്ടിയത്‌ മൂന്നിലൊന്നുമാത്രം. 3856 വോട്ട്‌. എൽഡിഎഫിന്റെ പരാജയം ഉറപ്പിക്കാൻ പകുതിയിലധികം വോട്ട്‌ യുഡിഎഫിന്‌ മറിച്ചിട്ടും ബിജെപിക്ക്‌ നിരാശ. യുഡിഎഫ്‌ വോട്ടിലും വൻ ഇടിവുണ്ടായി. ഏഴായിരത്തോളം വോട്ട്‌ യുഡിഎഫിനും കുറഞ്ഞു. ആലത്തൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ അത്തിപ്പൊറ്റ ഡിവിഷനിൽ കഴിഞ്ഞതവണ ബിജെപിക്ക്‌ 2045 വോട്ട്‌ കിട്ടിയെങ്കിൽ ഇത്തവണ ലഭിച്ചത്‌ 1061 വോട്ട്‌ മാത്രം. മലന്പുഴ ബ്ലോക്ക്‌ ഹേമാംബിക ഡിവിഷനിൽ കഴിഞ്ഞതവണ ബിജെപി സ്ഥാനാർഥി നേടിയത്‌ 1294 വോട്ടായിരുന്നുവെങ്കിൽ ഇത്തവണ 671ൽ ഒതുങ്ങി. മുഴുവൻ വാർഡുകളിലും യുഡിഎഫുമായി സഹകരിച്ചാണ്‌ ബിജെപിയുടെ പ്രചാരണം. എന്നിട്ടും എൽഡിഎഫ്‌ വിജയത്തെ തടയാൻ കഴിഞ്ഞില്ല എന്നത്‌ വോട്ടർമാരുടെ ശക്തമായ പിന്തുണകൊണ്ടാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home