കേന്ദ്ര–- സംസ്ഥാന സർക്കാരുകൾ വികസനം തടയുന്നു
എൽഡിഎഫ് ബഹുജന കൂട്ടായ്മ നാളെ

പാലക്കാട്
കേരളത്തിന്റെ വികസനവും ക്ഷേമവും അട്ടിമറിക്കുന്ന കേന്ദ്ര– കേരള സർക്കാരുകൾക്കെതിരെ വ്യാഴാഴ്‌ച എൽഡിഎഫ് നേതൃത്വത്തിൽ മണ്ഡലം കേന്ദ്രങ്ങളിൽ ജനകീയക്കൂട്ടായ്‌മ സംഘടിപ്പിക്കും. കേരളത്തിന്റെ വികസനമേഖലയെ ശക്തിപ്പെടുത്തുന്ന കിഫ്ബിയെ തകർക്കാനുള്ള ശ്രമം ഉപേക്ഷിക്കുക, ആരോഗ്യമേഖലയിൽ ചികിത്സാ സൗകര്യങ്ങളും മരുന്നും ലഭ്യമാക്കുക, വിലക്കയറ്റം തടയുക, വൈദ്യുതിമേഖല കോർപറേറ്റുകൾക്ക് പതിച്ചുകൊടുക്കാനുള്ള നിയമനിർമാണം പിൻവലിക്കുക, നെൽവയൽ തണ്ണീർത്തട സംരക്ഷണം ഉൾപ്പെടെയുള്ള നിയമങ്ങൾ അട്ടിമറിക്കാനുള്ള ശ്രമം അവസാനിപ്പിക്കുക, വന്യമൃഗശല്യം തടയുക, കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ളവരെ വേട്ടയാടുന്നത് അവസാനിപ്പിക്കുക തുടങ്ങിയ പ്രശ്‌നങ്ങൾക്ക് പരിഹാരം ഉണ്ടാകണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. വൈകിട്ട് നാലുമുതൽ ഏഴുവരെയാണ് പ്രതിഷേധം. തൃത്താല മണ്ഡലത്തിലെ പരിപാടി കൂറ്റനാട് സെന്ററിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം ബി രാജേഷും പട്ടാമ്പിയിൽ സിപിഐ ജില്ലാ സെക്രട്ടറി സുമലത മോഹൻദാസും ഷൊർണൂർ കോതകുറുശിയിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ എസ് സലീഖയും ഉദ്‌ഘാടനം ചെയ്യും. ഒറ്റപ്പാലം മാർക്കറ്റ് കോംപ്ലക്സിനുസമീപം സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എൻ എൻ കൃഷ്ണദാസ്, തരൂർ മണ്ഡലം പരിപാടി വടക്കഞ്ചേരി മന്ദ മൈതാനിയിൽ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സി കെ രാജേന്ദ്രൻ, ആലത്തൂർ ദേശീയ മൈതാനിയിൽ എൽഡിഎഫ് ജില്ലാ കൺവീനർ ടി സിദ്ധാർഥൻ എന്നിവർ ഉദ്ഘാടനം ചെയ്യും. മലമ്പുഴ മണ്ഡലത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ പി സുരേഷ് രാജ്, നെന്മാറ മണ്ഡലം കൂട്ടായ്‌മ കൊല്ലങ്കോട് ഇ എം എസ് ഓപ്പൺ ഓഡിറ്റോറിയത്തിൽ ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ സംസ്ഥാന സെക്രട്ടറി വി മുരുകദാസ്, ചിറ്റൂർ അണിക്കോട് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം ഇ എൻ സുരേഷ്ബാബു, കോങ്ങാട് സിഎസ്‌പി സംസ്ഥാന വൈസ് പ്രസിഡന്റ് പി കെ രാജൻ, അട്ടപ്പാടിയിൽ കേരള കോൺഗ്രസ് (സ്‌കറിയ) സംസ്ഥാന ജനറൽ സെക്രട്ടറി നൈസ് മാത്യു, പാലക്കാട് കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് കെ കുശലകുമാർ, മണ്ണാർക്കാട് പൊലീസ് സ്റ്റേഷൻ സമീപം കെ പ്രേംകുമാർ എംഎൽഎ എന്നിവർ ഉദ്ഘാടനം ചെയ്യും.









0 comments