ലാസ്റ്റ് ലാപ്പ്
കുതിപ്പ് തുടരാൻ വരണം ‘വക്കീലേട്ടൻ’

ചിറ്റൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി വി മുരുകദാസ് കൊഴിഞ്ഞാന്പാറയിൽ പര്യടനത്തിനിടെ
എസ് സുധീഷ്
Published on Apr 06, 2026, 12:00 AM | 1 min read
ചിറ്റൂർ
നാനാമേഖലയിലും മുന്നേറ്റമുണ്ടാക്കിയ 10 വർഷമായിരുന്നു ചിറ്റൂരിന്. 3023 കോടി രൂപയുടെ വികസനമാണ് പൂർത്തിയാക്കിയത്. നേട്ടം തുടരാനും മണ്ഡലത്തിൽ ഇനിയും വികസനം നടപ്പാക്കാനും എൽഡിഎഫ്‌തന്നെ വരണമെന്ന് വോട്ടർമാർ. ചിറ്റൂരിന്റെ സ്വന്തം ‘വക്കീലേട്ടൻ’ അഡ്വ. വി മുരുകദാസാണ് എൽഡിഎഫ് സ്ഥാനാർഥി. നിയമസഭയിലേക്ക് കന്നിയങ്കമാണെങ്കിലും നാടിന്റെ എല്ലാ ചലനങ്ങൾക്കും ഒപ്പമുള്ളയാൾ. മുരുകദാസ് ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്നപ്പോൾ നടപ്പാക്കിയ ജനകീയ പദ്ധതികളേറെ. ഒരു രൂപയ്ക്ക് ഒരു ലിറ്റർ വെള്ളമെന്ന വാട്ടർ എടിഎം പദ്ധതിക്ക് തുടക്കമിട്ടു. സഞ്ചരിക്കുന്ന മൃഗാശുപത്രി, വനിതകൾക്ക് ഓപ്പൺ ജിം തുടങ്ങിയവയും നടപ്പാക്കി. കെ കൃഷ്ണൻകുട്ടി മണ്ഡലത്തിൽ നടപ്പാക്കിയ പ്രവർത്തനങ്ങളിലും മുരുകദാസിന്റെ ഇടപെടലുണ്ട്. 2016ലെ തെരഞ്ഞെടുപ്പിൽ കുടിവെള്ള പ്രശ്നത്തിന്റെ പേരിൽ നോട്ടയ്ക്ക് ബൂത്ത് സ്ഥാപിച്ച കിഴക്കൻ മേഖലയിലെ കുടിവെള്ള പ്രതിസന്ധി പരിഹരിച്ചു. വീടുകളിൽ പൈപ്പ്‌ലൈൻ വഴി വെള്ളമെത്തിച്ചു. വലതുകരകനാൽ നിർമാണം ഒന്നാംഘട്ടം പൂർത്തിയായി. രണ്ടാംഘട്ട സ്ഥലമേറ്റെടുപ്പ് നടപടിക്ക് 35 കോടി രൂപ അനുവദിച്ചിട്ടുണ്ട്. വികസന–ക്ഷേമ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് എൽഡിഎഫ് സ്ഥാനാർഥിയുടെ സ്വീകരണ കേന്ദ്രങ്ങളിലെ ജനപങ്കാളിത്തം. സ്ഥാനാർഥി പ്രഖ്യാപനം കഴിഞ്ഞ ഉടൻ പ്രചാരണം തുടങ്ങിയ അദ്ദേഹം അവസാന ദിവസങ്ങളിലും എതിരാളികളേക്കാൾ ഏറെമുന്നിലാണ്. സുമേഷ് അച്യുതനാണ് യുഡിഎഫ് സ്ഥാനാർഥി. തെരഞ്ഞെടുപ്പ് കാലത്ത് മാത്രം പ്രത്യക്ഷപ്പെടുന്നയാളാണ് കോൺഗ്രസ് സ്ഥാനാർഥിയെന്ന് വോട്ടർമാർ പറയുന്നു. ഇന്നത്തെ കോൺഗ്രസ് നാളത്തെ ബിജെപി എന്നത് ശരിവയ്‌ക്കുന്നതാണ് ബിജെപി സ്ഥാനാർഥിത്വം. തെരഞ്ഞെടുപ്പിന്തൊട്ടുമുമ്പുവരെ കോൺഗ്രസ് പൊൽപ്പുള്ളി മണ്ഡലം പ്രഡിഡന്റായിരുന്ന പ്രണേഷ് ആണ് എൻഡിഎ സ്ഥാനാർഥി.










0 comments