സ്ഥാനാര്‍ഥിക്കൊപ്പം
മനസ്സിലുണ്ട് മൻസിൽ

മണ്ണാർക്കാട് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി മൻസിൽ അബൂബക്കറിനെ സ്വീകരിക്കുന്ന കുട്ടികൾ
വി പ്രശോഭ്
Published on Mar 31, 2026, 12:17 AM | 1 min read
മണ്ണാർക്കാട്
ഞങ്ങടെ നാട്ടുകാരനാണ്. ആവശ്യങ്ങൾ മനസ്സിലാക്കുന്നയാളാണ് ബക്കറാക്ക. ഇത്തവണ മണ്ണാർക്കാട് മാറും... ഇന്ന് മണ്ണാർക്കാട്ടുകാർക്കെല്ലാം പറയാനുള്ളതാണിത്. നാടിന്റെ സ്‌നേഹമേറ്റുവാങ്ങിയാണ് മണ്ണാർക്കാട് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി മൻസിൽ അബൂബക്കർ പര്യടനം തുടരുന്നത്. 15 വർഷമായി മണ്ണാർക്കാട് മണ്ഡലം അനുഭവിക്കുന്ന വികസനക്കിതപ്പും 10 വർഷം എൽഡിഎഫ് സർക്കാരിന്റെ നേതൃത്വത്തിലുണ്ടായ സംസ്ഥാനത്തെ വികസനക്കുതിപ്പും പറഞ്ഞാണ് സ്ഥാനാർഥി വോട്ടഭ്യർഥിക്കുന്നത്. തിങ്കളാഴ്‌ച ആവേശോജ്വല സ്വീകരണമാണ് തിരുവിഴാംകുന്നിൽ സ്ഥാനാർഥിക്ക് ലഭിച്ചത്. ജയിച്ചാൽ കണ്ണംകുണ്ട് പാലം ശരിയാക്കണമെന്നായിരുന്നു എടത്തനാട്ടുകരക്കാരുടെ ആവശ്യം. എംഎൽഎയായാൽ ഒരുവർഷത്തിനകം പാലമുയരുമെന്ന് അബൂബക്കറിന്റെ ഉറപ്പ്. സ്വീകരണ കേന്ദ്രങ്ങളിലെല്ലാം വലിയ ജനസാഗരമാണ് സ്ഥാനാർഥിയെ കാണാനെത്തിയത്. മുദ്രാവാക്യങ്ങളും വാദ്യമേളങ്ങളും കരോക്കെ ഗാനമേളയും പര്യടനത്തിന്റെ മികവുകൂട്ടി. സ്ഥാനാർഥിക്കൊപ്പം സെൽഫിയെടുക്കാനും നിരവധി പേർ മുന്നോട്ടെത്തി. കോട്ടോപ്പാടം പഞ്ചായത്തിലെ മാളിക്കുന്നിൽനിന്ന് തുടങ്ങിയ പര്യടനം ഭീമനാട്, പാലക്കാഴി, ഉണ്ണിയാൽ, കുളപ്പറമ്പ്, ചിരട്ടക്കുളം, നാലുകണ്ടം, കുഞ്ഞുകുളം, അമ്പലപ്പാറ, തിരുവിഴാംകുന്ന്, കോട്ടോപ്പാടം, വടശേരിപ്പുറം, കൊടക്കാട്, കൊമ്പം, നായാടിപ്പാറ എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം ആര്യമ്പാവിൽ സമാപിച്ചു. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം യു ടി രാമകൃഷ്ണൻ, സിപിഐ സംസ്ഥാന കമ്മിറ്റി അംഗം മണികണ്ഠൻ പൊറ്റശേരി, ലോക്കൽ സെക്രട്ടറി കെ പ്രജീഷ്, ഷൗക്കത്തലി കുളപ്പാടം, ശ്രീരാജ് വെള്ളപ്പാടം, കെ കൃഷ്ണകുമാർ, സ്വദക്കത്തുള്ള, എം രഞ്ജിത്, കെ ജിനേഷ്‌കുമാർ എന്നിവർ സ്ഥാനാർഥിക്കൊപ്പമുണ്ടായി.










0 comments