ലാസ്റ്റ് ലാപ്പ്
നമ്മൾക്ക് നാം തന്നെയല്ലേ

തരൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പി പി സുമോദ് തോലനൂർ പാക്കഞ്ഞിയിൽ പ്രചാരണത്തിനിടെ

അഖില ബാലകൃഷ്‌ണൻ
Published on Apr 08, 2026, 12:00 AM | 1 min read
പാലക്കാട്
തരൂരുകാർക്ക് പി പി സുമോദ് എംഎൽഎ മാത്രമല്ല. കുടെപ്പിറപ്പിനെ പോലെ നാടിന്റെ പ്രശ്നങ്ങളിൽ ഒപ്പം നിന്ന സുമോദ് ബ്രോ ആണ്. അഞ്ചുവർഷം വികസനങ്ങളിലൂടെ മണ്ഡലത്തിന്റെ മുഖച്ഛായ മാറ്റിയ സുമോദിന് ജനഹൃദയങ്ങളിൽ ഫുൾമാർക്ക്. വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടുമ്പോൾ നാട്ടുകാർക്ക് പറയാനുള്ളത് ‘നമ്മൾക്ക് വികസനം തുടരണ്ടേ’, എന്നുമാത്രം. സ്വീകരണകേന്ദ്രങ്ങളിൽ നിറപുഞ്ചിരികളുമായി പ്രിയപ്പെട്ട എംഎൽഎയ്ക്ക് സ്നേഹവായ്‌പ്. അഞ്ചുവർഷത്തിനിടെ നടപ്പാക്കിയ 1,630 കോടി രൂപയുടെ വൻവികസന പദ്ധതികളാണ് ഇത്തവണയും ഇടതുകോട്ട കാക്കാനുള്ള കരുത്തുറ്റ അടിത്തറ. റീൽസുകളിലൂടെ തരൂരിന്റെ പൊലിമ നാടാകെയെത്തിച്ച തെന്നിലാപുരം പാലമുൾപ്പെടെ 14 പാലങ്ങളാണ് മണ്ഡലത്തിലുയർന്നത്. വികസനത്തിന്റെ വേഗം തുടരാൻ ‘ഒന്നൂടെ തുടരാമിനി സുമോദേട്ടാ’ എന്ന് വോട്ടർമാരുടെ ഉറപ്പ്. ജനസമ്പർക്കവും പര്യടനവും കൊട്ടിക്കലാശവും കഴിഞ്ഞ് നിശബ്ദ പ്രചാരണത്തിലേക്ക് കടക്കുമ്പോൾ എതിർ സ്ഥാനാർഥികളൊന്നും കളത്തിലേയില്ല. എല്ലാ പ്രായത്തിലുമുള്ള ജനങ്ങളെ കൂടെ നിർത്തിയാണ് സുമോദിന്റെ കുതിപ്പ്. സോഷ്യൽ മീഡിയയിലും ഗ്രൗണ്ടിലും ഒരുപോലെ സജീവമായ സുമോദിന് ജെൻസി വോട്ടർമാർക്കിടയിലും പിന്തുണയുണ്ട്. ഏതാവശ്യത്തിനും വിളിച്ചാൽ ഓടിയെത്തുമെന്ന കാര്യത്തിൽ മുതിർന്ന വോട്ടർമാർക്കും സംശയങ്ങളേതുമില്ല. 2008ൽ മണ്ഡലം രൂപീകരിച്ചതു മുതൽ ഇടതുപക്ഷത്തിന്റെ ഉറച്ച മണ്ഡലമാണ് തരൂർ. നേരത്തെ കുഴൽമന്ദം മണ്ഡലമായിരുന്നപ്പോഴും 1970 മുതൽ എല്ലാവരും സിപിഐ എം പ്രതിനിധികൾ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ കെ എ ഷീബയെ 24,531 വോട്ടിനാണ് സുമോദ് പരാജയപ്പെടുത്തിയത്. ഇത്തവണ ഭൂരിപക്ഷം എത്ര ഉയരും എന്നുമാത്രമാണ് വോട്ടർമാർക്ക് അറിയേണ്ടത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും എട്ട് പഞ്ചായത്തുകളിൽ അഞ്ചിലും മേൽക്കൈ നേടി എൽഡിഎഫ് കരുത്ത് തെളിയിച്ചിരുന്നു. സംവരണ മണ്ഡലംകൂടിയായ തരൂരിൽ കെജിഒയു സംസ്ഥാന പ്രസിഡന്റായിരുന്ന കെ സി സുബ്രഹ്മണ്യനാണ് യുഡിഎഫ് സ്ഥാനാർഥി. എൽഡിഎഫിന്റെ വികസന കോട്ടയിൽ പ്രചാരണങ്ങൾക്ക് സാധ്യതയില്ലെന്ന് എതിർ ക്യാമ്പുകൾ ഉറപ്പിച്ച മട്ടാണ്. 2021ൽ കോങ്ങാട് മണ്ഡലത്തിൽ കെ ശാന്തകുമാരിയോട് പരാജയപ്പെട്ട ബിജെപി പാലക്കാട് വെസ്റ്റ് ജില്ലാ ട്രഷറർ എം സുരേഷ്‌ബാബുവാണ് എൻഡിഎ സ്ഥാനാർഥി.










0 comments